കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് യാത്രാനുമതി നൽകി സ്പെയിൻ: രണ്ട് ഡോസ് എടുത്തവർക്ക് മാത്രം പ്രവേശനം
ദില്ലി: യുഎഇയ്ക്ക് പിന്നാലെ രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകി സ്പെയിൻ. കൊവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിനും എടുത്തവർക്കാണ് യാത്രാനുമതി ലഭിക്കുക. എന്നാൽ കോവാക്സിൻ സ്വീകരിച്ചവർക്ക് ഇത് ബാധകമല്ല. യാത്ര പോകാനുദ്ദേശിക്കുന്നതിന്റെ 14 ദിവസം മുമ്പെങ്കിലും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് നിർബന്ധന. ആഗസ്റ്റ് രണ്ട് മുതൽ സ്പെയിനിലേക്കുള്ള എല്ലാ വിഭാഗത്തിലുള്ള വിസകളും പുനരാരംരംഭിച്ചതിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ.
ദില്ലി, നേപ്പാൾ കേന്ദ്രങ്ങളിലൂടെയാണ് വിസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുക. അപേക്ഷകർ പൂർണ്ണമായും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്നാണ് ചട്ടം.അല്ലാതെയെത്തുന്നവരെ വിമാന കമ്പനികളോ ഇമിഗ്രേഷൻ അധികാരികളോ തിരിച്ചയയ്ക്കുമെന്ന് ബിഎൽഎസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷെങ്കൻ വിസയിൽ യാത്ര ചെയ്യുന്നവർ സ്പെയിലേക്ക് പ്രവേശിക്കുമ്പോൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചിരിക്കണമെന്നാണ് ചട്ടം. സ്പെയിനിലേക്ക് പോകുന്നവർ യൂറോപ്യൻ യൂണിയനും ലോകാരോഗ്യ സംഘടനയും അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിനാണ് സ്വീകരിക്കേണ്ടത്.

യുഎഇ താമസ വിസയുള്ള രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് തിരിച്ചെത്താൻ ഇന്നാണ് അനുമതി നൽകിയത്. വിസിറ്റിംഗ് വിസക്കാർക്ക് ഇതുവരെയും പ്രവേശനാനുമതി നൽകിയിട്ടില്ല. ഇന്ത്യക്കാർക്ക് പുറമേ നൈജീരിയ, ഉഗാണ്ട, ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ ഇളവ് ബാധകമാണ്.












Click it and Unblock the Notifications