ചാറ്റ്ജിപിടി പൊളിയുന്നു? സാം ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍, ജീവനക്കാരെല്ലാം രാജിവെക്കുന്നു
വാഷിംഗ്ടണ്‍: ഓപ്പണ്‍ എഐയില്‍ നിന്ന് സാം ആള്‍ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിക്ക് വന്‍ തിരിച്ചടി. നിരവധി ജീവനക്കാരാണ് ചാറ്റ് ജിപിടി വിടാന്‍ ഒരുങ്ങുന്നത്. സാം ആള്‍ട്ട്മാന്‍ കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റില്‍ ചേര്‍ന്നതിന് പിന്നാലെയാണിത്. ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്മാനാനും മൈക്രോസോഫ്റ്റില്‍ ചേര്‍ന്നിരിക്കുകയാണ്.
ഇരുവരും ഇനി മൈക്രോസോഫ്റ്റിന്റെ അഡ്വാന്‍സ്ഡ് എഐ റിസര്‍ച്ച് ടീമിന്റെ മേല്‍നോട്ടം ഇവര്‍ക്കാണ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല ഇരുവരും കമ്പനിയില്‍ ചേര്‍ന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഓപ്പണ്‍ എഐയിലേക്ക് സാം ആള്‍ട്ട്മാന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഓപ്പണ്‍ എഐയെയും ചാറ്റ് ജിപിടിയെയും വാണിജ്യാടിസ്ഥാനത്തില്‍ മാറ്റിയെടുക്കാനായിരുന്നു സാം ആള്‍ട്ട്മാന്റെ ശ്രമം.

എന്നാല്‍ കമ്പനിക്ക് പിന്തുണ നല്‍കിയിരുന്ന നിക്ഷേപകര്‍ക്കും, ബോര്‍ഡിനും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതാണ് ആള്‍ട്ട്മാനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. സാം ആള്‍ട്ട്മാന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബോര്‍ഡ് പറഞ്ഞിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ നീക്കമായിരുന്നു ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പോസ്റ്റര്‍ ബോയ് എന്നാണ് ആള്‍ട്ട്മാന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഓപ്പണ്‍ എഐയിലെ ജീവനക്കാരും ഇപ്പോള്‍ ആള്‍ട്ട്മാന്റെ പാത പിന്തുടരുകയാണ്.
നൂറുകണക്കിന് ജീവനക്കാരാണ് രാജിവെക്കുമെന്ന് അറിയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിലേക്കാണ് ഇവര്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. സാം ആള്‍ട്ട്മാന്റെ രാജി കമ്പനിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റ് എഐ സബ്‌സിഡറി ഉണ്ടാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. നിരവധി ജീവനക്കാര്‍ ഇതിന്റെ ഭാഗമാകുമെന്നാണ് സൂചന.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് തുടക്കമിട്ടത് സാം ആള്‍ട്ട്മാനാണ്. ചാറ്റ് ജിപിടിയുടെ കുത്തക ആള്‍ട്ട്മാന്‍ പോകുന്നതോടെ ഇല്ലാതാവാനും സാധ്യതയുണ്ട്. മൈക്രോസോഫ്റ്റും ഇലോണ്‍ മസ്‌കിന്റെ കമ്പനിയുമെല്ലാം സ്വതന്ത്രമായി എഐ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിനെ എഐ പരീക്ഷണങ്ങള്‍ക്ക് ആള്‍ട്ട്മാന്റെ വരവ് ഗുണം ചെയ്യും.
മാര്‍ക്കറ്റില്‍ ചിലപ്പോള്‍ ഒന്നാമനാവാനും അത് സഹായിച്ചേക്കും. എന്നാല്‍ ഓപ്പണ്‍ എഐയ്ക്ക് നിലവില്‍ മൈക്രോസോഫ്റ്റിന്റെ സാമ്പത്തിക പിന്തുണയുണ്ട്. ഇത് പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കമ്പനിയിലെ ബോര്‍ഡിനെ പൂര്‍ണമായും മാറ്റണമെന്നാണ് ഓപ്പണ്‍ എഐയിലെ സീനിയര്‍ സ്റ്റാഫുകളെല്ലാം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തുപോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബോര്‍ഡിന്റെ നടപടികള്‍ ഓപ്പണ്‍ എഐയുടെ കരുത്ത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മൈക്രോസോഫ്റ്റ് എല്ലാവര്‍ക്കും ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചു. ബോര്‍ഡംഗങ്ങളായ ഇല്യ സറ്റ്‌സ്‌കീവര്‍, പുതിയ സിഇഒ മീര മുരാതി എന്നിവരെയെല്ലാം മാറ്റണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. കമ്പനിയിലെ 770 ജീവനക്കാരില്‍ 500 പേര്‍ ഈ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.












Click it and Unblock the Notifications