'ചതി, രാജ്യത്തേയും ജനങ്ങളേയും പിന്നിൽ നിന്ന് കുത്തി..കടുത്ത നടപടി ഉണ്ടാകും'; വാഗ്നർ തലവനോട് പുടിൻ
മോസ്കോ: റഷ്യൻ സൈന്യത്തിനെതിരായ നീക്കത്തിൽ വാഗ്നർ തലവൻ യെവ്ഗനി പ്രിഗോസിന് മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. രാജ്യത്തേയും ജനങ്ങളേയും പിന്നിൽ നിന്ന് കുത്തുകയാണ് വാഗ്നർ സേന ചെയ്തതെന്നും വിശ്വാസ വഞ്ചനയ്ക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പുടിൻ പറഞ്ഞു.
രാജദ്രോഹികൾ എന്നാണ് വാഗ്നർ സേനയെ പുടിൻ വിളിച്ചത്. 'രാജ്യത്തിനെതിരായ നീക്കത്തെ പ്രതിരോധിക്കാൻ ഏതറ്റം വരേയും പോകും. സൈനിക അട്ടിമറിക്ക് തയ്യാറെടുത്തവർ റഷ്യൻ ജനതയേയും രാജ്യത്തേയും ഒറ്റിക്കൊടുത്തു. വഞ്ചനയ്ക്കുള്ള മറുപടി അവർക്ക് ലഭിക്കും', പുടിൻ പറഞ്ഞു.

'റോസ്തോവിൽ സ്ഥിതി മോശമായിരിക്കുകയാണ്. അതിർത്തിമേഖലയിലെ ഭരണ സംവിധാനങ്ങളുടേയും സൈന്യത്തിന്റേയും പ്രവർത്തനം തടയാൻ കാരണമായി. ഇപ്പോൾ രാജ്യം നേരിട്ടത് കൃത്യമായ വഞ്ചനയാണ്. വ്യക്തിഗത താത്പര്യങ്ങൾക്ക് വേണ്ടി ചിലർ രാജ്യത്തെ ഒറ്റിക്കെടുത്തു. ബോധപൂർവം രാജ്യദ്രോഹത്തിന്റെ പാത തിരഞ്ഞെടുത്ത് സായുധ കലാപം ആസൂത്രണം ചെയ്തു. തീവ്രവാദ രീതികളാണ് അവർ സ്വീകരിച്ചത്. കടുത്ത ശിക്ഷാ നപടികൾ അവർക്ക് നേരിടേണ്ടി വരും', പുടിൻ പറഞ്ഞു.
'സായുധ സേനയ്ക്കും മറ്റ് സർക്കാർ ഏജൻസികൾക്കും ആവശ്യമായ ഉത്തരവുകൾ നൽകിയിട്ടുണ്ട്. മോസ്കോയിലും മറ്റ് മേഖകളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോസ്തോവ്-ഓൺ-ഡോണിലെ സ്ഥിതി സുസ്ഥിരമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും', പുടിൻ വ്യക്തമാക്കി.
റഷ്യയുടെ ശത്രുക്കൾ രാജ്യത്തെ വിഭജിക്കാൻ ശ്രമം നടത്തുകയാണെന്നും പുടിൻ ആരോപിച്ചു. 1917 ലെ റഷ്യൻ വിപ്ലവുമായി ഇപ്പോഴത്തെ സാഹചര്യത്തെ പുടിൻ താരതമ്യം ചെയ്തു. 'അന്ന് റഷ്യക്കാർ തന്നെ റഷ്യക്കാരെ കൊലപ്പെടുത്തി, സഹോദരങ്ങൾ സഹോദരങ്ങളെ ഇല്ലാതാക്കി. ഇതിൽ നേട്ടം കൊയ്തത് രാജ്യത്തെ വിഭജിച്ച രാഷ്ട്രീയക്കാരും വിദേശ ശക്തികളുമായിരുന്നു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. റഷ്യയുടെ പ്രസിഡന്റും കമാൻഡർ ഇൻ ചീഫ് എന്ന നിലയിലും രാജ്യത്തെ സാധരണ ഒരു പൗരനെന്ന നിലയിലും രാജ്യത്തിനെതിരായ ആക്രമണത്തെ പ്രതിരോധിക്കാൻ ഞാൻ ഏത് അറ്റം വരേയും പോകും', പുടിൻ പറഞ്ഞു.
സൈനിക നേതൃത്വത്തെ തകർക്കാൻ ഏതറ്റം വരേയും പോകുമെന്നായിരുന്നു പുടിന്റെ 'രഹസ്യസേന'എന്ന അറിയപ്പെടുന്ന വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്‌ഗിനി പ്രിഗോസ് മുഴക്കിയ ഭീഷണി. തടുക്കാന്‍ ആരും നില്‍ക്കരുടെന്നും മുന്നില്‍ തടസ്സമാകുന്ന എന്തിനേയും തകര്‍ത്ത് തങ്ങള്‍ മുന്നോട്ട് പോകുമെന്നും പ്രിഗോസിൻ പറഞ്ഞിരുന്നു. യുക്രൈൻ യുദ്ധത്തെ ചൊല്ലി കഴിഞ്ഞ കുറച്ചു നാളുകളായി വാഗ്നർ സേനയും റഷ്യൻ സൈന്യവും തമ്മിൽ പ്രശ്നം രൂക്ഷമായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി വാഗ്നർ ഗ്രൂപ്പ് സൈന്യത്തിനെതിരെ തിരിഞ്ഞത്.
വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണു വാഗ്നർ ഗ്രൂപ്പ്. പുടിന്റെ ഏറ്റവും വിശ്വസ്തനായ പ്രിഗോസാണ് സേന തലവൻ. പ്രിഗോസിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ നീക്കം പുടിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications