ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കേരളത്തില്‍ വരുമെന്ന് ക്യൂബന്‍ പ്രസിഡന്റ്; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ഹവാന: വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപാരം, കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ രംഗങ്ങളിലാണ് സഹകരിക്കുക. കേരളവുമായി എല്ലാവിധ സഹകരണവും ക്യൂബന്‍ പ്രസിഡന്റ് ഉറപ്പുനല്‍കി.
സാമൂഹിക പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളവുമായി സഹകരിക്കാന്‍ കഴിയുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന അടുത്ത അവസരത്തില്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ഫിഡല്‍ കാസ്ട്രോയോടും ചെ ഗുവേരയോടുമുള്ള ഇഷ്ടം മുഖ്യമന്ത്രി ക്യൂബന്‍ പ്രസിഡന്റിനെ അറിയിച്ചു. 1994ല്‍ അന്താരാഷ്ട്ര ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിനായി ഹവാന സന്ദര്‍ശിച്ച കാര്യവും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു. കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യമിടുന്നത്.
പൊതുജനാരോഗ്യ രംഗത്തും, വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടതാണ്. ബയോ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തും വലിയ പുരോഗതി ക്യൂബ നേടിയിട്ടുണ്ട്. ഈ മേഖലകളില്‍ കേരളവുമായി സഹകരണത്തിനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ടാം തവണയും ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിഗ്വേല്‍ ഡിയാസ് കനാലിന് മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം പി, ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന സര്‍ക്കാറിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ക്യൂബയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിക്രിയേഷന്റെ വൈസ് പ്രസിഡന്റ് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ക്യൂബയില്‍ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
കേരളവും ക്യൂബയും തമ്മില്‍ ഓണ്‍ലൈന്‍ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു. ക്യൂബയിലേക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങള്‍ക്കായി അയക്കുന്നതിലുള്ള താത്പര്യവും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications