'കാവല്‍ക്കാരന്‍ കള്ളനാണ്' രാഹുലിന്റെ മുദ്രാവാക്യം പാകിസ്താന്‍ സൈന്യത്തിനെതിരെ ഉപയോഗിച്ച് ജനങ്ങള്‍
ദില്ലി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ തരംഗമായ പ്രചാരണ വാക്യമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹെ. ഇത് പാകിസ്താനിലും ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തില്‍ തോറ്റതിന് പിന്നാലെയായിരുന്നു ഈ മുദ്രാവാക്യം ഉയര്‍ന്നത്. ഞായറാഴ്ച്ച അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വലിയൊരു സംഘം രാജ്യത്താകെ റാലികള്‍ നടത്തിയിരുന്നു. അത്തരമൊരു റാലിയില്‍ പാകിസ്താന്‍ മുന്‍ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് സംസാരിക്കുന്നതിനിടെയാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം ഉയര്‍ന്നത്. കാവല്‍ക്കാരന്‍ കള്ളനാണ് എന്നാണ് ഈ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം.

പക്ഷേ ഈ മുദ്രാവാക്യം ഇമ്രാന്‍ ഖാനെ ലക്ഷ്യമിട്ടുള്ളതല്ലായിരുന്നു. പാകിസ്താന്‍ സൈന്യത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പരാമര്‍ശം. ഇമ്രാന്‍ ഖാന് അനുകൂലമായി ലഭിച്ച ജനവിധിയെ പാകിസ്താന്‍ സൈന്യം തട്ടിയെടുത്തു എന്നാണ് ഇമ്രാന്റെ അനുയായികള്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഷെയ്ഖ് റാഷിദ് അഹമ്മദ് ജനത്തെ തിരുത്തുന്നതാണ് കണ്ടത്. ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തരുത്. സമാധാനത്തോടെ നമുക്ക് പോരാടാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ത്തിയ പ്രചാരണ വാക്യമായിരുന്നു കാവല്‍ക്കാരന്‍ കള്ളനാണ് എന്നത്.
ഈ പ്രചാരണ വാക്യം വലിയ വിവാദമായിരുന്നു. സുപ്രീം കോടതിക്കെതിരെയുള്ള പരാമര്‍ശമായും ഇത് വ്യാഖാനിക്കപ്പെട്ടിരുന്നു. ഒടുവില്‍ രാഹുല്‍ മാപ്പുപറയേണ്ടി വന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരുന്നു ഈ പ്രചാരണ വാക്യം കൊണ്ടുണ്ടായത്. മോദിയെ കള്ളനായി ചിത്രീകരിക്കാനുള്ള രാഹുലിന്റെ നീക്കം പരാജയപ്പെട്ടു. കോണ്‍ഗ്രസ് വലിയ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. എന്നാലല്‍ ഈ വാക്കിന് ഇന്ത്യക്ക് പുറത്തും ആരാധകരുണ്ടെന്ന് വ്യക്തമാകുകയാണ്. അതേസമയം ഈ മാസം തന്നെ പാകിസ്താനിലെ സാഹചര്യങ്ങള്‍ മാറുമെന്ന് ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ ഭരണത്തെ പുറത്താക്കിയ ഇറക്കുമതി സര്‍ക്കാരിനെ തീര്‍ച്ചയായും പുറത്താക്കുമെന്ന് റാഷിദ് അഹമ്മദ് പ്രഖ്യാപിച്ചു. ഇമ്രാന്‍ ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അറസ്റ്റ് വരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം കള്ളന്‍മാരും കൊള്ളക്കാരുമാണെന്ന് റാഷിദ് അഹമ്മദ് പറയുന്നു. രാജ്യത്തെ രക്ഷിക്കാനാണ് നിങ്ങള്‍ അവിശ്വാസം കൊണ്ടുവന്നതെങ്കില്‍, വെളിച്ചത്ത് തീരുമാനമെടുക്കൂ. അല്ലാതെ ഇരുട്ടില്‍ അല്ല നീക്കങ്ങള്‍ നടത്തേണ്ടതെന്നും റാഷിദ് അഹമ്മദ് വ്യക്തമാക്കി. അവിശ്വാസ പ്രമേയം അര്‍ധ രാത്രി കൊണ്ടുവന്നതിനെതിരെ റാഷിദ് തുറന്നടിച്ചത്.












Click it and Unblock the Notifications