കൊളംബിയയില്‍ ചരിത്രം പിറന്നു; ആദ്യമായി ഇടതുപക്ഷ നേതാവ് പ്രസിഡന്റ് പദവിയില്‍
ബൊഗോട്ട: ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ആദ്യമായി ഇടതുപക്ഷ നേതാവ് പ്രസിഡന്റ് പദവിയില്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ഒളിപ്പോരാളികൂടിയായ ഗുസ്താവോ പെട്രോ 50.5 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചു. തലസ്ഥാനമായ ബൊഗോട്ടയിലെ മുന്‍ മേയറാണ് 62 കാരനായ പെട്രോ. സ്വാതന്ത്ര്യ കൊളംബിയയുടെ 212 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതുസ്ഥാനാര്‍ഥി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കൊളംബിയയുടെ ചരിത്രത്തിലാദ്യമായി ആഫ്രോ - കൊളംബിയന്‍ വംശജയായ ഫ്രാന്‍സിയ മാര്‍ക്ക്വേസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുകയുംചെയ്തു.

വലതുപക്ഷ സ്ഥാനാര്‍ഥി റൊഡോള്‍ഫോ ഹെര്‍ണാണ്ടസിനെയാണ് പെട്രോ പരാജയപ്പെടുത്തിയത്. റൊഡോള്‍ഫോക്ക് 47.3 ശതമാനം വോട്ടാണ് ലഭിച്ചത്. നേരത്തെ, 2010ലും 2018ലും നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടയാളാണ് എം. 19 എന്ന ഗാറില്ല പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന പെട്രോ. അനീതി അവസാനിപ്പിക്കും, സൗജന്യ ഉന്നതവിദ്യാഭ്യാസം, പെന്‍ഷന്‍ പരിഷ്‌കരണം, ഉപയോഗിക്കപ്പെടാത്ത ഭൂമികള്‍ക്ക് കനത്ത നികുതി എന്നിവയായിരുന്നു പെട്രോ നല്‍കിയ വാഗ്ദാനങ്ങള്‍.
മെയ് 29ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ പെട്രോ 40.3 ശതമാനം വോട്ടുകള്‍ നേടി പെട്രോ മുന്നിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതായതോടെയാണ് കൂടുതല്‍ വോട്ട് വാങ്ങിയ രണ്ടുപേര്‍ വീണ്ടും മാറ്റുരച്ചത്. പെട്രോയുടെ വിജയത്തോടെ ക്യൂബ, വെനസ്വേല, ചിലി, ബൊളീവിയ, അര്‍ജന്റീന, നിക്കരാഗ്വ, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ കൊളംബിയയിലും ഇടതുപക്ഷം അധികാരത്തിലെത്തിയിരിക്കുകയാണ്.
കടുത്ത പ്രതിസന്ധിയിലൂടെയാണ് കൊളംബിയ കടന്നുപോകുന്നത്. പണപ്പെരുപ്പവും സംഘര്‍ഷവും അസമത്വവും നടമാടുകയാണ് രാജ്യത്ത്. മധ്യ വലതുപക്ഷമാണ് ഏറെകാലമായി കൊളംബിയ ഭരിക്കുന്നത്. ഇവരുടെ ഭരണം വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിച്ചു എന്ന വികാരമാണ് ജനങ്ങള്‍ക്കിടയില്‍. ഇതു തന്നെയാണ് ഇടതുപക്ഷത്തിന് അധികാരത്തിലേക്ക് വളിതെളിയിച്ചതും. വര്‍ഷങ്ങള്‍ നീണ്ട വിമത പോരാട്ടത്തിലായിരുന്നു കൊളംബിയയിലെ ഇടതുപക്ഷം. ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണിത്.
വിമത സംഘത്തില്‍ ഒളിപ്പോര് നടത്തിയതിന് സൈന്യം ഏറെകാലം തിരഞ്ഞിരുന്ന വ്യക്തിയായിരുന്നു പെട്രോ. പിന്നീട് പൊതുമാപ്പ് നല്‍കുകയും കീഴടങ്ങുകയും ചെയ്തു. ശേഷം ജയില്‍വാസം അനുഷ്ടിച്ചു. പ്രസിഡന്റായ ശേഷം നടത്തിയ പ്രസംഗത്തില്‍, എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തിന്റെ പ്രതിസന്ധി തരണം ചെയ്യണമെന്നാണ് പെട്രോ പറഞ്ഞത്. തന്റെ വിമര്‍ശകരെയും കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നു. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications