ക്രൂഡ് ഓയില്‍ വില കുറയാന്‍ പോകുന്നു: ലിബിയയിലെ ഏറ്റവും വലിയ എണ്ണപ്പാടം വീണ്ടും പ്രവർത്തനം തുടങ്ങി
എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ച് ലിബിയയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ എണ്ണ കമ്പനി. രണ്ടാഴ്ചയായി ഉത്പാദനം നിർത്തിവെച്ചതിനെ തുടർന്ന് ആഗോള വിപണയില്‍ അടക്കം വലിയ തോതില്‍ എണ്ണക്ഷാമം അനുഭവപ്പെട്ടിരുന്നു. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഷരാര എണ്ണപ്പാടത്തിലെ പൂർണ്ണ ഉൽപ്പാദനം പുനരാരംഭിച്ചതായി നാഷണൽ ഓയിൽ കോർപ്പറേഷനാണ് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചു.
അസാധാരണമായ സാഹചര്യങ്ങൾ കാരണം കമ്പനിയെ അതിന്റെ കരാർ ബാധ്യതകളിൽ നിന്ന് മോചിപ്പിക്കുന്ന നിയമപരമായ നീക്കമായ ഫോഴ്സ് മജ്യൂർ ഉള്‍പ്പെടെ പ്രയോഗിച്ചായിരുന്നു ലിബിയ ഉത്പാദനം നിർത്തിവെച്ചത്. ഇതോടെ കമ്പനികള്‍ക്ക് കരാർ പ്രകാരം നല്‍കേണ്ട എണ്ണ പോലും വിപണിയിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ഉത്പാദനം നിർത്തിവെച്ചത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനും ലിബിയ തയ്യാറായിട്ടില്ല.

തലസ്ഥാനമായ ട്രിപ്പോളിക്ക് തെക്ക് 950 കിലോമീറ്റർ (590 മൈൽ) അകലെയുള്ള മരുഭൂമി നഗരമായ ഉബാരിയിൽ ഇന്ധനക്ഷാമത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഉത്പാദനം താല്‍ക്കാലികമായി നിർത്തിവെച്ചതെന്നാണ് സൂചന. കഴിഞ്ഞ രണ്ടാഴ്ചയായി കമ്പനിയുടെ മേധാവി ഫർഹത്ത് ബെംഗ്ദാരയും കിഴക്കൻ ലിബിയയിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരും പ്രതിഷേധ നേതാക്കളായ ഫെസാൻ ഗ്രൂപ്പുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
കമ്പനിയുമായി ധാരണയിലെത്തിയതിന് ശേഷം തങ്ങളുടെ പ്രതിഷേധം താൽക്കാലികമായി നിർത്തിവച്ചതായി പ്രതിഷേധക്കാരുടെ വക്താവ് ബർസിംഗി അൽ-സറൂഖ് അറിയിച്ചു.ശക്തനായ മിലിട്ടറി ജനറൽ ഖലീഫ ഹിഫ്‌റ്റർ കമാൻഡർ ചെയ്യുന്ന ലിബിയൻ നാഷണൽ ആർമി എന്ന സ്വയം പ്രഖ്യാപിത സൈന്യമാണ് കരാറിന്റെ മധ്യസ്ഥത വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലിബിയയുടെ കിഴക്കും തെക്കിന്റെ ഭൂരിഭാഗവും ഹിഫ്റ്ററുടെ സൈന്യമാണ് നിയന്ത്രിച്ച് വരുന്നത്.
ലിബിയയിലെ ചരിത്രപ്രധാനമായ മൂന്ന് പ്രവിശ്യകളിലൊന്നായ ഫെസാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും റോഡുകൾ നന്നാക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. നേരത്തയും പ്രതിഷേധം കാരണം എണ്ണപ്പാടം അടച്ചിടേണ്ടി വന്നിരുന്നു. ലിബിയ വലിയ തോതില്‍ എണ്ണ കയറ്റുമതി ചെയ്യുമ്പോള്‍ ഭരണകർത്താക്കള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നില്ലെന്നതാണ് കാലങ്ങളായുള്ള സ്ഥിതി. ഇതാണ് പ്രതിഷേധം ശക്തമാക്കാന്‍ കാരണം.
ഒപെക് അംഗമായ ലിബിയ തങ്ങളുടെ ഏറ്റവും വലിയ ഫീൽഡിൽ നിന്ന് ഉൽപ്പാദനം പുനരാരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിയുകയും ചെയ്തിട്ടുണ്ട്. ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ഒരു ബാരലിന് 78 ഡോളറിലേക്ക് താഴ്ന്നു. മുമ്പ് പ്രതിദിനം 270,000 ബാരൽ എണ്ണയായിരുന്നു ലിബിയിയില്‍ നിന്നും അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിയിരുന്നത്.












Click it and Unblock the Notifications