ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു'
ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ അവസാനത്തെ കുറിച്ച് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെ അടുത്താണെന്ന് ട്രംപ് പറഞ്ഞു. മേഖലയിലെ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കാനുള്ള സാധ്യത സൂചിപ്പിച്ച ട്രംപ്, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും ആഹ്വാനം ചെയ്‌തു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ, ഇറാനെതിരെ നേടിയ സൈനിക മുന്നേറ്റങ്ങൾ ട്രംപ് വിശദീകരിച്ചു. 'മധ്യേഷ്യയിലെ ഇറാനിയൻ ഭീകര ഭരണകൂടത്തിനെതിരായ ഞങ്ങളുടെ വലിയ സൈനിക ശ്രമങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുമ്പോൾ, ലക്ഷ്യങ്ങൾ കൈവരിക്കലിന് വളരെ അടുത്താണ്' എന്ന് അദ്ദേഹം കുറിച്ചു.

ഇറാന്റെ സൈനിക ശേഷി തകർത്തതുൾപ്പെടെയുള്ള നേട്ടങ്ങൾ ട്രംപ് അക്കമിട്ട് നിരത്തി. 'ഇറാന്റെ മിസൈൽ ശേഷി പൂർണമായും നശിപ്പിക്കുകയും പ്രതിരോധ വ്യവസായ അടിത്തറ ഇല്ലാതാക്കുകയും അവരുടെ നാവിക, വ്യോമ സേനകളെ നിർമാർജനം ചെയ്യുകയും ചെയ്‌തു' അദ്ദേഹം പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് അമേരിക്ക ഉറപ്പാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് മേഖലയിലെ പ്രാദേശിക സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കിയെന്നും ട്രംപ് വ്യക്തമാക്കി. 'ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, കുവൈറ്റ് എന്നിവയുൾപ്പെടെയുള്ള ഞങ്ങളുടെ മധ്യേഷ്യൻ സഖ്യകക്ഷികളെ പരമോന്നത തലത്തിൽ ഞങ്ങൾ സംരക്ഷിക്കുന്നു' അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ആശ്രയിക്കുന്ന രാജ്യങ്ങൾ തന്നെ അതിന്റെ ചുമതല ഏറ്റെടുക്കണമെന്ന ട്രംപിന്റെ ആഹ്വാനം, യുഎസ് തന്ത്രത്തിലെ ഒരു പ്രധാന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്ക് അത് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ ആവശ്യാനുസരണം സംരക്ഷിക്കുകയും നിരീക്ഷിക്കുകയും വേണം-അമേരിക്ക അത് ചെയ്യില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ലളിതമായ ഒരു സൈനിക നീക്കമായിരിക്കുമെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ദൗത്യമാണെന്നും കൂട്ടിച്ചേർത്തു. മേഖലയിൽ സംഘർഷങ്ങൾ തുടരുകയും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുകയും ചെയ്യുമ്പോഴും, തീവ്ര സൈനിക നടപടികൾക്ക് ശേഷം യുഎസ് നേരിട്ടുള്ള സൈനിക പങ്കാളിത്തത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായി ഈ പ്രസ്‌താവനകൾ സൂചിപ്പിക്കുന്നു.
നിലവിലെ ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു ഭാഗം വഹിക്കുന്ന ഒരു പ്രധാന ആഗോള ഊർജ്ജ പാതയാണ് ഹോർമുസ് കടലിടുക്ക്. സുരക്ഷാ ചുമതല ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് മാറ്റാനുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ ആഹ്വാനം. ഇതോടെ യുദ്ധം അടുത്ത് തന്നെ തീരുമോ എന്നാണ് കൂടുതൽ പേരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications