റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈനയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും: ഡൊണാള്‍ഡ് ട്രംപ്
ദാവോസ്: കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈനയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗുമായി നല്ല ബന്ധമാണ് പങ്കിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യഥാർത്ഥത്തിൽ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ട്. എനിക്ക് പ്രസിഡൻ്റ ഷീ ജിന്‍പിങ്ങിനെ എപ്പോഴും വളരെ ഇഷ്ടമാണ്. ഞങ്ങൾക്ക് ഇടയില്‍ എല്ലായ്പ്പോഴും ഒരു നല്ല ബന്ധമുണ്ട്. വുഹാനിൽ നിന്ന് കൊവിഡ് പുറത്തുവന്നതോടെ അത് വളരെ ബുദ്ധിമുട്ടേറിയ നിലയിലൂടെ കടന്നു പോയി. എന്നിരുന്നാലും മികച്ച ബന്ധം ഇരുരാജ്യങ്ങളും പുലർത്തി. ചൈനയുമായി ഒത്തുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.' ട്രംപ് പറഞ്ഞു.

'റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയ്ക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സാഹചര്യത്തിൽ അവർക്ക് വലിയ അധികാരമുണ്ട്, ഞങ്ങൾ അവരോടൊപ്പം പ്രവർത്തിക്കും. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാനും യുദ്ധം അവസാനിപ്പിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഷീ ജിന്‍പിങ്ങുമായുള്ള ഫോൺ സംഭാഷണത്തിനിടെ ഞാൻ പരാമർശിച്ചിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ചൈനയ്ക്ക് മേൽ 60% തീരുവ ചുമത്തുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഷീ ജിന്‍പിങ്ങും ഉൾപ്പെടുന്ന ആണവവൽക്കരണ ചർച്ചകളെക്കുറിച്ചും ട്രംപ് സൂചന നല്‍കിയിട്ടുണ്ട്. അത് നമ്മുടെ പ്ലാനറ്റിന് തന്നെ അവിശ്വസനീയമായ കാര്യമാണെന്നായിരുന്നു ട്രംപിന്റെ പരാമർശം.
ഉക്രെയ്‌നുമായുള്ള ഏകദേശം മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ ഉടൻ കാണണമെന്ന് ട്രംപ് പറഞ്ഞു. 'എനിക്ക് ചെയ്യാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം, ആ യുദ്ധം അവസാനിപ്പിക്കുന്നതിന് ഉടൻ തന്നെ പ്രസിഡൻ്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുക എന്നതാണ്. അത് സമ്പദ്‌വ്യവസ്ഥയുടെയോ മറ്റെന്തെങ്കിലും നിലപാടുമോയോ ബന്ധപ്പെട്ട കാര്യമല്ല. ദശലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുന്നത് നാം മുന്നില്‍ കാണുന്നു. സുന്ദരന്മാരായ യുവാക്കള്‍ യുദ്ധക്കളത്തിൽ വെടിയേറ്റു വീഴുന്നു.' എന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ഒത്തുതീർപ്പ് ഉറപ്പാക്കാനുള്ള യുഎസിൻ്റെ ശ്രമങ്ങൾ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം റഷ്യയും ഉക്രെയ്‌നും തമ്മിൽ സമാധാന ഉടമ്പടി ഉണ്ടാകുമോ എന്ന ചോദ്യത്തിന്, 'അത് നിങ്ങൾ റഷ്യയോട് ചോദിക്കണം. ഉക്രെയ്ൻ ഒരു കരാർ ഉണ്ടാക്കാൻ തയ്യാറാണ്.'എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.
അതേസമയം, ഉക്രെയ്നിലെ "പരിഹാസ്യമായ" യുദ്ധം അവസാനിപ്പിക്കാൻ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്‍ തയ്യാറാകണമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ റഷ്യക്കുമേല്‍ ഉപരോധം, അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications