'ബൈഡന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു'; ബൈഡന് ആശംസകള്‍ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങടണ്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് ഡോണാള്‍ഡ് ട്രംപ്. തന്റെ വിടവാങ്ങല്‍ ചടങ്ങിനോടനുബന്ധിച്ച് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ബൈഡന് ആശംസകള്‍ നേര്‍ന്നത്. അമേരിക്കയെ സുരക്ഷിതമായും സമ്പന്നമായും സംരക്ഷിക്കാന്‍ ബൈഡന് സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് വീഡിയോയിലൂടെ ആശംസിച്ചു. ചൊവ്വാഴ്‌ച്ച വൈറ്റ് ഹൗസാണ് വീഡിയോ പുറത്തു വിട്ടത്. അമേരിക്കക്കാര്‍ തങ്ങളുടെ മൂല്യങ്ങള്‍ ഉയര്‍ത്തി ഒറ്റലക്ഷ്യത്തിനായി ഒരുമിക്കണണെന്നും ട്രംപ് തന്റെ വീഡിയോയിലൂടെ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അഭിമാനമുണ്ട്. അതൊരു വലിയ അംഗീകാരമാണ് ട്രംപ് തന്റെ വിടവാങ്ങല്‍ വീഡിയോയില്‍ പറഞ്ഞു.
ഈ ആഴ്‌ച്ച പുതിയ ഭരണകൂടം അധികാരമേല്‍ക്കുകയാണ്. അവര്‍ക്ക് അമേരിക്കയെ സുരക്ഷിതമായി സംരക്ഷിക്കാന്‍ കഴിയട്ടെ, ആശംസകള്‍ നേരുന്നു. വിടവാങ്ങല്‍ ചടങ്ങില്‍ ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ട്രംപിന്റേതായി പുറത്തുവിട്ട 20 മിനിറ്റ് വീഡിയോയില്‍ ജനുവരി 6ന് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ സംഘര്‍ഷത്തെപ്പറ്റിയും ട്രംപ് സംസാരിച്ചു. അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ തന്നെ കറുത്ത ഏടായാണ് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായി കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ സംഘര്‍ത്തെ കണക്കാക്കുന്നത്. ആക്രമത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാപ്പിറ്റോള്‍ സംഘര്‍ഷം എല്ലാ അമേരിക്കക്കാര്‍ക്കും അപാമാനമായതായി ട്രംപ് പറഞ്ഞു. അമേരിക്കയുടെ എല്ലാവിധ സംവിധാനങ്ങള്‍ക്കെതിരേയുമുള്ള കടന്നുകയറ്റമാണ് രാഷ്ട്രീയ സംഘര്‍ഷം. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഈ സമയം എല്ലാം മറന്ന് ഒരു ലക്ഷ്യത്തിനായി ഒന്നിക്കാനും ജനങ്ങളോട് ട്രംപ് ആഹ്വാനം ചെയ്‌തു.
2017 ജനുവരിയില്‍ തന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ അധികാരത്തിലേറിയ ട്രംപ് ഭരണകൂടത്തിന് പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങള്‍ സ്വന്തമാക്കാനയതായും ട്രംപ് അവകാശപ്പെട്ടു. ഇത്രയേറെ നേട്ടങ്ങള്‍ ഈ ഭരണകൂടത്തിന് നേടാനാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കിയത് മുതല്‍ തന്റെ ഭരണകൂടത്തിന് കീഴില്‍ നടത്തിയ ഭരണ നേട്ടങ്ങളെ ട്രംപ് ഓരോന്നായി എടുത്തു പറഞ്ഞു.
74കാരനായ ഡൊണാള്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് വൈറ്റ് ഹൗസ് വിടുമ്പോള്‍ അമേരിക്കന്‍ ചരിത്രത്തിലേ തന്നെ ഒരു വലിയ വിവാദ കാലഘട്ടത്തിനാണ് തിരശീല വീഴുന്നത്. വിവാദമായ പ്രസ്‌്‌താവനകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രസിഡന്റ് കൂടിയാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ചരിത്രത്തിലാദ്യമായി രണ്ട് വട്ടം ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡെന്റെന്ന നാണെക്കേടു കൂടി പോക്കറ്റിലിട്ടാണ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്.
ഇന്ന് അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോബൈഡന്‍ അധികാരത്തിലേറും. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത കമലാ ഹാരിസും ഇന്ന് സ്‌ത്യപ്രതിജ്ഞ ചെയ്യും.