'യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് ധനസഹായം നൽകുന്നത് ഇന്ത്യ'; ആരോപണവുമായി ട്രംപിന്റെ സഹായി
ന്യൂയോർക്ക്: യുക്രൈനിലെ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്ന രാജ്യമാണ് ഇന്ത്യയെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഹായി. മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് കടുത്ത ആരോപണവുമായി ട്രംപിന്റെ ഏറ്റവും വിശ്വസ്‌തനായ മുഖം തന്നെ ഇന്ത്യയെ ലക്ഷ്യം വച്ച് രംഗത്ത് വന്നിരിക്കുന്നത്.
റഷ്യയിൽ നിന്ന് ഇന്ത്യ ഇപ്പോഴും എണ്ണ വാങ്ങുന്നത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഉപദേശകരിൽ ഒരാൾ കൂടിയായ സ്‌റ്റീഫൻ മില്ലർ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തണമെന്ന് ട്രംപ് ഉറച്ചു വിശ്വസിക്കുന്നുവെന്നാണ് മില്ലർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ റഷ്യയുമായുള്ള ഇടപാടുകൾക്ക് പുതിയ മുഖം നൽകുകയാണ് ട്രംപ് ഭാരണകൂടം ഇതിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം.

'റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഈ യുദ്ധത്തിന് ധനസഹായം നൽകുന്നത് ഇന്ത്യയ്ക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം (ട്രംപ്) വളരെ വ്യക്തമായി പറഞ്ഞു' എന്നാണ് മില്ലർ പറയുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിന്റെ വ്യാപ്‌തിയിൽ ട്രംപിന്റെ വിശ്വസ്ഥൻ അമ്പരപ്പാണ് പ്രകടിപ്പിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ ചൈനയുമായി ബന്ധത്തിലാണെന്ന് അറിയുമ്പോൾ ആളുകൾ ഞെട്ടിപ്പോകുമെന്നും മില്ലർ ചൂണ്ടിക്കാട്ടി.
അതിനിടെ അമേരിക്കയുടെ ഭാഗത്ത് നിന്നും ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, ഇന്ത്യ തങ്ങളുടെ ഇടപാടുകൾ നിർത്തുന്നതിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
ഇത്രയൊക്കെ ആണെങ്കിലും ട്രംപിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം അതിശയകരമായ ഒന്നാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്‌റ്റീഫൻ മില്ലർ തന്റെ വിമർശനത്തെ മയപ്പെടുത്തുകയുണ്ടായി. എന്നാൽ മില്ലറുടെ പ്രസ്‌താവന ഇപ്പോൾ തന്നെ വലിയ രീതിയിൽ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇന്ത്യ-റഷ്യ ഇടപാടുകൾ ഇല്ലാതാക്കാൻ നേരത്തെ തന്നെ ട്രംപ് ഭരണകൂടം കാര്യമായി ശ്രമങ്ങൾ നടത്തിവന്നിരുന്നു. ഇതിന്റെ ഭാഗമായി ട്രംപ് അടുത്തിടെ പ്രഖ്യാപിച്ച തീരുവ നയങ്ങളിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്ന നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. അത്തരമൊരു നീക്കത്തിലൂടെ ഇന്ത്യയെ വരുതിയിൽ നിർത്തുകയായിരുന്നു യുഎസ് ലക്ഷ്യം. എന്നാൽ റഷ്യൻ ഇടപാടിൽ ഇതുവരെയും ഇന്ത്യ യുഎസ് ആഗ്രഹിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല.
ഇതോടെ ട്രംപ് തീരുവ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. ജൂലൈ 30ന് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിക്കുകയും ഇന്ത്യ റഷ്യൻ ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് സാധ്യതയുള്ള പിഴകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്‌തത് ഇതിനോട് കൂട്ടിവായിക്കേണ്ട കാര്യമാണ്.
ന്യൂഡൽഹിയും മോസ്കോയുമായുള്ള ബന്ധത്തിനെതിരെ ട്രംപ് രൂക്ഷമായ പ്രതികരണമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇരു രാജ്യങ്ങളെയും നിർജ്ജീവ സമ്പദ്‌വ്യവസ്ഥകൾ എന്നാണ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. മാത്രമല്ല ഇന്ത്യ റഷ്യയുമായി എങ്ങനെ ഇടപെട്ടാലും അത് തന്നെ ബാധിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ആ പറച്ചിലിന് ഇടയിലും ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാര ബന്ധത്തിന് തുരങ്കം വയ്ക്കാൻ യുഎസ് പരമാവധി ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications