ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍; വിജയം ഉറപ്പിച്ച് ദുബായ്... അമ്പരപ്പിക്കും ഈ നീക്കം, വന്‍ ഓഫര്‍
ദുബായ്: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് ഒരുങ്ങിക്കഴിഞ്ഞു. പശ്ചാത്തല സൗകര്യങ്ങള്‍ക്ക് വേണ്ടി കോടികളാണ് ഈ കൊച്ചു രാജ്യം ചെലവഴിച്ചത്. വലിയ തോതിലുള്ള വികസന കുതിപ്പാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. വിദേശികള്‍ കൂട്ടത്തോടെ രാജ്യത്തേക്ക് ഒഴുകുമെന്നും ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും ഖത്തര്‍ പ്രതീക്ഷിക്കുന്നു.
ഗള്‍ഫ് മേഖലയ്ക്ക് ആകെ ഉണര്‍വുണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഖത്തറിനുണ്ടാകുന്ന നേട്ടങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന നേട്ടം കൊയ്യാനാണ് യുഎഇയുടെ ശ്രമം. ഇതിന് വേണ്ടി ബൃഹദ് പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഒരുപക്ഷേ, ഖത്തറിനേക്കാള്‍ നേട്ടം യുഎഇ കൊയ്യുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്...

ഖത്തറില്‍ മാത്രമല്ല അയല്‍ രാജ്യങ്ങളിലും
മല്‍സരം ഖത്തറിലാണെങ്കിലും ലോകകപ്പ് ഫുട്‌ബോള്‍ ജിസിസിയില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്. ടൂറിസം മേഖലയുടെ ഉണര്‍വാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. ആരാധകര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഖത്തറില്‍ മാത്രമല്ല, അയല്‍ രാജ്യങ്ങളിലും റെഡിയായി കഴിഞ്ഞു. സൗദി അറേബ്യ ഖത്തറുമായുള്ള ഏക കരാതിര്‍ത്തി തുറന്നതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

യുഎഇ കോടികള്‍ കൊയ്യാന്‍ പോകുന്നു
ചെറിയ രീതിയിലുള്ള ചില മാറ്റങ്ങള്‍ വരുത്തിയാണ് യുഎഇ കോടികള്‍ കൊയ്യാന്‍ പോകുന്നത്. ജിസിസിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായത് കൊണ്ടുതന്നെ ആളുകള്‍ കൂട്ടത്തോടെ ദുബായ് വഴിയാകും ഖത്തറിലേക്ക് വരിക എന്ന് പ്രതീക്ഷിക്കുന്നു. ആരാധകരെ ആകര്‍ഷിപ്പിക്കുന്നതിന് വലിയ ഓഫറുകളാണ് ദുബായ് നല്‍കുന്നത്. മാത്രമല്ല, ദോഹയിലേക്കുള്ള വിമാന സര്‍വീസ് ഇരട്ടിയാക്കാനും നടപടി തുടങ്ങി.

കുറഞ്ഞ തുകയ്ക്ക് താമസ സൗകര്യം
ഖത്തറില്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് താമസ സൗകര്യം ഒരുക്കാനാണ് ദുബായ് ആലോചിക്കുന്നത്. മാത്രമല്ല, വിമാന സര്‍വീസിലും ചില ഇളവുകള്‍ നല്‍കിയാല്‍ ഖത്തറിലേക്കുള്ള യാത്രക്കാരെ ദുബായിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കഴിയും. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബായ് ദിവസവും 30 സര്‍വീസ് ദോഹയിലേക്ക് നടത്തും.

ഒരു ദിവസം 30 സര്‍വീസുകള്‍
യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 160 ചെറു സര്‍വീസുകളാണ് ഫ്‌ളൈ ദുബായ് നടത്തുന്നത്. ഇതില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദോഹയിലേക്ക് ഒരു ദിവസം 30 സര്‍വീസുകള്‍ എന്ന രീതിയിലായി ക്രമീകരിക്കും. ഒരു മണിക്കൂറിനകം ദോഹയിലേക്ക് എത്താന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സാധിക്കും. അതേസമയം, തന്നെ ദുബായില്‍ കുറഞ്ഞ വിലയ്ക്ക് താമസ സൗകര്യം ഒരുക്കാനും നീക്കം നടക്കുന്നു. ഇതോടെ ദോഹയിലേക്കുള്ളവര്‍ ദുബായ് വഴി യാത്ര ചെയ്യാന്‍ താല്‍പ്പര്യപ്പെടും.

10 ലക്ഷം ഫുട്‌ബോള്‍ ആരാധകര്‍
10 ലക്ഷം ഫുട്‌ബോള്‍ ആരാധകര്‍ ദുബായിലെത്തുമെന്നാണ് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രതീക്ഷ. ഇത്ര തന്നെ ആളുകള്‍ ദോഹയിലെത്തുമെന്ന് ഖത്തറും പ്രതീക്ഷിക്കുന്നു. ടൂര്‍ണമെന്റ് ഖത്തറിലാണെങ്കിലും തുല്യമായ നേട്ടം കൊയ്യുകയാണ് യുഎഇയുടെ ലക്ഷ്യം. കുറഞ്ഞ വിലയ്ക്ക് താമസവും യാത്രയും ഒരുക്കി ആരാധകരെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്.

വിസാ ഇളവ്
മാത്രമല്ല, ഫുട്‌ബോള്‍ മല്‍സരം കാണാനെത്തുന്നവര്‍ക്ക് ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന വിസയും അനുവദിക്കുന്നുണ്ട്. നാമമാത്രമായ ഫീസ് ആണ് ഇതിന് വേണ്ടി വാങ്ങുക. ഫുട്‌ബോള്‍ മല്‍സരത്തിനുള്ള ടിക്കറ്റുള്ളവര്‍ക്കാണ് ഈ അവസരം ഉപയോഗപ്പെടുക എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതേ സമയം തന്നെ യുഎഇയിലെ കമ്പനികള്‍ വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനുള്ള വിവിധ ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്.

ജുലൈയില്‍ മാത്രം 10 ലക്ഷം
കഴിഞ്ഞ ജുലൈയില്‍ മാത്രം 10 ലക്ഷം ടൂറിസ്റ്റുകളാണ് ദുബായ് സന്ദര്‍ശിച്ചത്. കൊവിഡിന് മുമ്പുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലേക്ക് ദുബായ് എത്തിക്കഴിഞ്ഞു. പഴയ പ്രതാപം വേഗത്തില്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ വരെ 81 ലക്ഷം ടൂറിസ്റ്റുകളാണ് ദുബായില്‍ എത്തിയത്. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളും ദോഹയിലേക്ക് വിമാന സര്‍വീസ് ഇരട്ടിയാക്കാന്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ കൂടുതല്‍ പേരും ദുബായ് വഴിയുള്ള യാത്ര തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications