75 ശതമാനം ജീവനക്കാരും പുറത്താകും; ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്താല്‍ സംഭവിക്കുന്നത്
സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ഏകദേസം 75 ശഥമാനം ജീവനക്കാരെയും പിരിച്ചുവിടാന്‍ ഇലോണ്‍ മസ്‌ക് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. നിക്ഷേപകരുമായി ഇലോണ്‍ മസ്‌ക് ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനി ആരുടേതായാലും വരും ദിവസങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ട്വിറ്ററിന്റെ നിലവിലെ മാനേജ്മെന്റ് അടുത്ത വര്‍ഷം അവസാനത്തോടെ കമ്പനിയുടെ ശമ്പളം ഏകദേശം 800 മില്യണ്‍ ഡോളര്‍ കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇത് നാലില്‍ ഒന്ന് തൊഴിലാളികളെ പിരിച്ചുവിട്ടാല്‍ മാത്രമേ സാധിക്കൂ. എന്നാല്‍ കമ്പനിയിലെ എച്ച് ആര്‍ ടീം ജീവനക്കാരോട് കൂട്ട പിരിച്ചുവിടലിന് ആസൂത്രണം ചെയ്യുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മസ്‌ക് കമ്പനി വാങ്ങുന്നതിന് മുമ്പ് ജീവനക്കാരെ പുറത്താക്കാനും അടിസ്ഥാന സൗകര്യ ചെലവ് കുറയ്ക്കാനുമുള്ള വിപുലമായ പദ്ധതികള്‍ നിലവിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. അതേസമയം, ഇതേ കുറിച്ച് ട്വിറ്ററിനോട് പ്രതികരണം ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
ഇതിനിടെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം കമ്പനി കുറച്ചുകാണിച്ചെന്ന് ആരോപിച്ച് മെയ് മാസത്തില്‍ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മസ്‌ക് ശ്രമിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ഇലോണ്‍ മസ്‌ക് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് കോടതി വ്യവഹാരങ്ങളിലേക്ക് കടന്നതോടെ മസ്‌ക് ഏറ്റെടുക്കലുമായി മുന്നോട്ടു പോകുകയായിരുന്നു.
44 ബില്യണ്‍ ഡോളറിനാണ് ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് മസ്‌ക് കരാറില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. ഇതോടെ മസ്‌കിനെതിരെ ട്വിറ്റര്‍ നിയമനടപടിയും ആരംഭിക്കുകയായിരുന്നു. ജൂലൈയിലാണ് ട്വിറ്റര്‍ വാങ്ങാനുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുന്നത്. അതേസമയം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ ട്വിറ്റര്‍, മസ്‌ക് സ്വന്തമാക്കുമ്പോള്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും.












Click it and Unblock the Notifications