മാലിദ്വീപില്‍ പ്രസിഡന്റും കോടതിയും നേര്‍ക്കുനേര്‍; പാര്‍ലമെന്റ് സൈന്യത്തിന്റെ നിയന്ത്രണത്തില്‍

  • Posted By: Desk
Subscribe to Oneindia Malayalam

മാലി: പ്രതിപക്ഷ തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവ് പാലിക്കാന്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാലിദ്വീപില്‍ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശപ്രകാരം സൈന്യം പാര്‍ലമെന്റ് കെട്ടിടം വളയുകയും രണ്ട് പ്രതിപക്ഷ പാര്‍ലമെന്റംഗങ്ങളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പ്രവാസത്തില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള ഒന്‍പത് പേര്‍ക്കെതിരായ ഭീകരവാദ-അഴിമതി ആരോപണങ്ങള്‍ തള്ളിയ കോടതി, അവരെ വിട്ടയക്കമണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ വിസമ്മതിച്ച പ്രസിഡന്റ് സൈന്യത്തെ ഉപയോഗിച്ച് കോടതിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.

ഭീകരവാദം, അഴിമതി, ബോംബ് സ്‌ഫോടനം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരെ വിട്ടയക്കുന്നത് ആശങ്കാജനകമാണെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ പറഞ്ഞിരുന്നു. നേരത്തേ പ്രസിഡന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന സുപ്രിംകോടതി കഴിഞ്ഞയാഴ്ചയാണ് പ്രതിപക്ഷത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ നേതാക്കളുടെ ജയില്‍ മോചനം വലിയ വെല്ലുവിളിയായാണ് സര്‍ക്കാര്‍ കാണുന്നത്. വിധിയെ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇന്ത്യയുള്‍പ്പെടെ ആവശ്യപ്പെടുകയുമുണ്ടായി.

maldives

എന്നാല്‍ കോടതി പ്രസിഡന്റിനെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. പ്രസിഡന്റിനെ കുറ്റവിചാരണ നടത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുകയാണെന്നും ഈ നിയമവിരുദ്ധ ഉത്തരവിനെതിരേ സൈന്യം ഉള്‍പ്പെടെ സുരക്ഷാ ഏജന്‍സികള്‍ രംഗത്തിറങ്ങണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സൈന്യം പാര്‍ലമെന്റിന്റെ നിയന്ത്രണം ഏറ്റെടുത്തത്. സൈന്യം അറ്റോര്‍ണി ജനറലിന്റെ ആജ്ഞകള്‍ പിന്തുടരുമെന്നും രാജ്യത്തെ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്നത് നോക്കിനില്‍ക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും സൈനിക മേധാവി അഹ്മദ് ഷിയാം പറഞ്ഞു. എന്നാല്‍ സൈന്യത്തിന്റെയും അറ്റോര്‍ണി ജനറലിന്റെയും നിലപാടുകള്‍ക്കെതിരേ പ്രതിഷേധം ശക്തമാണ്. പുറത്താക്കപ്പെട്ട 12 പ്രതിപക്ഷ എം.പിമാരെ തിരിച്ചെടുക്കാന്‍ കൂടി കോടതി ഉത്തരവിട്ടതോടെ 85 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കിലും കോടതിവിധിയെ തുടര്‍ന്ന് വിദേശത്ത് നിന്ന് തിരികെയെത്തിയ രണ്ട് എം.പിമാരെ കൈക്കൂലി കുറ്റം ആരോപിച്ച് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലിസ്.

English summary
Maldives army seals off parliament, arrests MPs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്