ഇന്ത്യയിലെ വിവാദങ്ങള്‍: പോളിസിയെ ചോദ്യം ചെയ്തുകൊണ്ട് നേതൃത്വത്തിന് കത്തെഴുതി ഫേസ്ബുക്ക് ജീവനക്കാര്‍
ദില്ലി: ഇന്ത്യയില്‍ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക്ക് മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ ഫേസ്ബുക്കിനുള്ളില്‍ നിന്ന് തന്നെ മാനദണ്ഡങ്ങളെ കുറിച്ച് ചോദ്യം ഉയരുന്നതായി റിപ്പോര്‍ട്ട്. അന്തര്‍ദേശീയ മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. വിദ്വേഷ സന്ദേശങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട കമ്പനിയുടെ മാനദണ്ഡങ്ങള്‍ തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിങിനെതിരെ നടപ്പാക്കുന്നതില്‍ കമ്പനിയുടെ ഇന്ത്യയിലെ എക്സിക്യുട്ടീവ് എതിര്‍ത്തുവെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്ര് ജേണല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
വാള്‍സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തു. കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ മതിയായ നടപടിക്രമങ്ങളും ഉള്ളടക്ക നിയന്ത്രണ രീതികളും പിന്തുടരുന്നുണ്ടോ എന്നതിനെക്കുറിച്ച് ഫേസ്ബുക്കിന്‍റെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ജീവനക്കാര്‍ ചോദ്യം ഉന്നയിച്ചെന്നാണ് സോഴ്സുകളെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കമ്പനിയുടെ ആന്തരിക സംവിധാനത്തിന്‍റെ ഭാഗമായി 11 ജീവനക്കാര്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട് കമ്പനി നേതൃത്വത്തിന് കത്തെഴുതി. "മുസ്‌ലിം വിരുദ്ധ വർഗീയത" തിരിച്ചറിഞ്ഞ് അപലപിക്കുകയും കൂടുതൽ നയപരമായ സ്ഥിരത ഉറപ്പാക്കുകയും ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ പോളിസ് ടീമില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള ആളുകളേയും ഉള്‍പ്പെടുത്തണം. മറ്റ് രാജ്യങ്ങളിലും ഈ രീതി നടപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഈ ആവശ്യത്തോട് ഫേസ്ബുക്കോ അങ്കി ദാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാജ വാർത്തകളോടുള്ള സമീപനം. സംസ്ഥാന പിന്തുണയുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, അക്രമാസക്തമായ ഉള്ളടക്കം എന്നിവ പ്രചരിപ്പിക്കപ്പെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ സമീപകാലത്ത് ഫേസ്ബുക്കിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി നേതാക്കൾക്കെതിരായി വിദ്വേഷ ഭാഷണ നിയമങ്ങൾ പ്രയോഗിക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും എന്ന് ദാസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ടായിരുന്നു വാള്‍സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട്.