'ഞങ്ങള്‍ പിരിയുന്നു'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി
ഹെല്‍സെങ്കി: ഭര്‍ത്താവുമായുള്ള വിവാഹ മോചനം പ്രഖ്യാപിച്ച് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മാരിന്‍. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം തങ്ങള്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ സന്ന മാരിനും മാര്‍ക്കസ് റൈക്കോണും അറിയിച്ചു. 19 വര്‍ഷത്തോളം ഒരുമിച്ച് കഴിഞ്ഞ ഇരുവരും 2020 ല്‍ ആണ് ഔദ്യോഗികമായി വിവാഹിതരാകുന്നത്.
സന്ന മാരിനും മാര്‍ക്കസ് റൈക്കോണിനും അഞ്ച് വയസുകാരിയായ ഒരു മകളുണ്ട്. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷവും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കും എന്നും മകളുടെ കാര്യത്തില്‍ ശ്രദ്ധ കൈവിടില്ലെന്നും സന്ന മാരിന്‍ പറഞ്ഞു. അതിനിടെ സന്ന മാരിന്റെ പാര്‍ട്ടി കഴിഞ്ഞ മാസം ഫിന്‍ലാന്‍ഡിലെ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

2019 ല്‍ അധികാരമേറ്റപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു 37 കാരിയായ സന്ന മാരിന്‍. ആന്റി റിന്നെ രാജിവച്ചതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയായിരുന്ന സന്നാ മാരിനെ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 200 അംഗ പാര്‍ലമെന്റില്‍ സന്നാ മാരിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 43 സീറ്റാണ് ലഭിച്ചത്.
കണ്‍സര്‍വേറ്റീവ് നാഷണല്‍ അലയന്‍സ് 48 സീറ്റ് നേടിയപ്പോള്‍ കുടിയേറ്റ വിരുദ്ധ ഫിന്‍സ് പാര്‍ട്ടി 46 സീറ്റുകളും നേടി. ഫിന്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കണ്‍സര്‍വേറ്റീവ് നാഷണല്‍ അലയന്‍സ്. 35 വയസ്സിന് താഴെയുള്ള നാല് വനിതാ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം മധ്യ-ഇടതുപക്ഷ സഖ്യ സര്‍ക്കാരിനെ നയിച്ചാണ് സന്ന മാരിന്‍ പടിയിറങ്ങുന്നത്.
ഫിന്‍ലാന്‍ഡിനെ നാറ്റോയിലേക്ക് നയിച്ച സന്ന മാരിന്‍ രാജ്യത്തെ ജനപ്രിയ പ്രധാനമന്ത്രിമാരിലൊരാള്‍ എന്ന നിലയില്‍ സ്ഥാനം നേടിയിരുന്നു. കൊവിഡ് സമയത്ത് അവരുടെ ജനപ്രീതി ഉയര്‍ന്നു. പ്രതിസന്ധികളെ അചഞ്ചലമായി നേരിടുന്ന നേതാവെന്ന നിലയില്‍ അവരുടെ പ്രശസ്തി വര്‍ധിച്ചിരുന്നു. എന്നാല്‍ താമസിയാതെ മാരിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായി മാറി.
2022 ഓഗസ്റ്റില്‍ സെലിബ്രിറ്റികള്‍ക്കൊപ്പം മാരിന്‍ നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ സന്ന മാരിന്റെ വീഡിയോയും പുറത്തായിരുന്നു. ഇത് സന്ന മാരിനെ വലിയ വിവാദങ്ങളില്‍ കൊണ്ടെത്തിച്ചു. എന്നാല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് സന്ന മാരിന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് പരിശോധനക്ക് വിധേയാവുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ചപ്പോഴത്തെയാണെന്നും ഇത് തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നെന്നും സന്ന മാരിന്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ചെറുപ്പത്തില്‍ പോലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു സന്ന മാരിന്‍ പറഞ്ഞത്. പിന്നീട് സന്ന മാരിന്റെ വൈദ്യപരിശോധനഫലത്തിലും അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് വ്യക്തമായിരുന്നു.












Click it and Unblock the Notifications