4 ഇസ്രായേൽ യുവ വനിത സൈനികരെ മോചിപ്പിച്ച് ഹമാസ്; മോചനം തട്ടിക്കൊണ്ടുപോയി 15 മാസത്തിന് ശേഷം
15 മാസങ്ങൾക്ക് ശേഷം തട്ടിക്കൊണ്ടുപോയ ഇസ്രായേൽ യുവ വനിത സൈനികരെ മോചിപ്പിച്ച് ഹമാസ്.കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരെയാണ് മോചിപ്പത്. സൈനികരെ ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഗസയും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായിട്ടാണ് മോചനം. സൈനികർക്ക് പകരമായി 200 ഓള പലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറി.
ഒക്ടോബർ 7 നാണ് നാല് സൈനികരേയും ഹമാസ് തട്ടിക്കൊണ്ടുപോയത്. ഗാസയ്ക്ക് സമീപമുള്ള സൈനിക താവളത്തിലെ നിരീക്ഷണ യൂണിറ്റിൽ നിന്നാണ് ഇവരെ കടത്തിയത്. നാല് പേരും പൂർണ ആരോഗ്യവതികളാണ്. മോചിപ്പിച്ചതിന് പിന്നാലെ കൂടി നിന്ന പലസ്തീൻകാരെ നാല് പേരും കൈവീശി കാണിച്ചു. ഹമാസ് നൽകിയ സുവനീറുകളും ഇവരുടെ കൈയ്യിൽ ഉണ്ടായിരുന്നു. വെടിനിർത്തൽ പ്രഖാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. ആദ്യഘട്ടത്തിൽ തട്ടിക്കൊണ്ടുപോയ മൂന്ന് സ്ത്രീകളെയാണ് ഹമാസ് മോചിപ്പിച്ചത്. 471 ദിവസത്തെ തടവിന് ശേഷം റോമി ഗോനൈൻ, എമിലി ദമാരി,ഡോറോൻ സ്റ്റൈൻബ്രെചർ എന്നിവരെയാണ് മോചിപ്പിച്ചത്. ഇതിന് പകരമായി 90 പലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി) നേതാവും ഫെമിനിസ്റ്റ് പ്രവർത്തകയുമായ ഖാലിദ ജരാറും ഇതിൽ ഉൾപ്പെടുന്നു.

റാമല്ല ആസ്ഥാനമായുള്ള വാട്ടൻ മീഡിയ നെറ്റ്‌വർക്ക് എഡിറ്റർ റുല ഹസ്സനൈൻ ആണ് ഞായറാഴ്ച മോചിതനായ മറ്റൊരു പ്രമുഖ പലസ്തീൻ തടവുകാരി. ഇവർ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ഇസ്രായേൽ സൈന്യം ഇവരെ പിടികൂടിയത്. പലസ്തീൻ തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് പ്രസംഗിച്ചതിന്റെ പേരിൽ പലതവണ ഇസ്രായേൽ ഇവരെ തടവിലാക്കിയിരുന്നു. അതേസമയം അതേസമയം ഗാസ മുനമ്പിന്റെ വടക്കുള്ള കമാൽ-അദ്‌വാൻ ആശുപത്രിയുടെ ഡയറക്ടർ ഡോ ഹുസാം അബു സഫിയ ഉൾപ്പെടെയുള്ളവരുടെ മോചനത്തിനായി മുറവിളി ഉയരുന്നുണ്ട്. ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെയാണ് ഇസ്രായേൽ സൈന്യം ഇവരെ കസ്റ്റഡിയിലെടുത്തത്. ഇപ്പോഴും ഇദ്ദേഹം എവിടെയാണെന്ന് വിവരമില്ല.
ഹമാസ്-ഇസ്രായേൽ വെടിനിർത്തൽ
ഖത്തറിന്റേയും ഈജിപ്തിന്റേയും മധ്യസ്ഥതയിലാണ് ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാറിൽ എത്തിയത്. കരാർ പ്രകാരം ആദ്യ ആറാഴ്ചക്കിടെ 33 പേരെയാണ് ഹമാസ് മോചിപ്പിക്കുക. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ളവരെയാണ് കൈമാറുക. ഇതിന് പകരമായി 100 ഓളം സൈനികരെയായിരിക്കും ഇസ്രായേൽ മോചിപ്പിക്കുക. മാത്രമല്ല ഗാസ മുനമ്പിൽ നിന്നും സൈനികരെ മോചിപ്പിക്കാനും കരാറിൽ തീരുമാനം കൈക്കൊണ്ടിരുന്നു.












Click it and Unblock the Notifications