അറബ് ലോകത്തിന്റെ പ്രതീക്ഷ; യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം 'റാഷിദ്' വിക്ഷേപിച്ചു
ദുബായ്: അറബ് ലോകത്തിന്റെ പുതുപുത്തന്‍ പ്രതീക്ഷകളുമായി റാഷിദ് റോവര്‍ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. യു എ ഇയുടെ ചാന്ദ്ര ദൗത്യ പദ്ധതിയായ റാഷിദ് ഇന്ന് രാവിലെ 11.38 ഓടെയാണ് യു എസിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നത്. ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്പേസ് നിര്‍മ്മിച്ച ഹകുട്ടോ-ആര്‍ മിഷന്‍ 1 ലാന്‍ഡറില്‍ റാഷിദ് വിക്ഷേപിച്ചത്.

വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദും യുഎഇയുടെ ബഹിരാകാശ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണത്തിനുണ്ടായിരുന്നു. അഭിലാഷങ്ങള്‍ക്ക് അതിരുകളില്ലാത്ത ഒരു രാജ്യത്തിന്റെ അതിമോഹമായ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഇതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
ചന്ദ്രനിലേക്കും ശുക്രനിലേക്കും ചൊവ്വ കടന്നുപോകുന്നതോടെ ആരംഭിച്ച യു എ ഇയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമാണ് റാഷിദ് റോവര്‍. യുഎസ് ബഹിരാകാശ സേനയുടെ കീഴിലുള്ള ലോഞ്ച് കോംപ്ലക്‌സ് 40 പാഡില്‍ നിന്ന് യുഎഇ സമയം രാവിലെ 11.38 ന് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിക്കുകയായിരുന്നു. ഐസ്പേസിന്റെ ലാന്‍ഡര്‍ ലിഫ്റ്റ് ഓഫിനു ശേഷം ഏകദേശം 35 മിനിറ്റിനുശേഷം റോക്കറ്റില്‍ നിന്ന് വേര്‍പെടുകയും ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്തു.
വളരെ ആവേശകരമായ ഒരു ലോഞ്ച് ആയിരുന്നു. അത് പ്ലാന്‍ അനുസരിച്ച് നടന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,'' റോവറിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ സലേം അല്‍ മര്‍റി പറഞ്ഞു.കാലാവസ്ഥ പ്രശ്‌നത്തെ തുടര്‍ന്ന് പല തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് രാവിലെയോടെ റാഷിദ് വിക്ഷേപിച്ചത്. 2023 ഏപ്രില്‍ മാസത്തോടെയാണ് ദൗത്യം പൂര്‍ത്തിയാക്കി റോവര്‍ ചന്ദ്രനിലേക്ക് എത്തുക.












Click it and Unblock the Notifications