ആഗോള ആയുധ വിപണിയില്‍ പുതിയ കാല്‍വെയ്പുമായി ഇന്ത്യ; ഫിലിപ്പീന്‍സിന് ബ്രഹ്മോസ് നല്‍കിയേക്കും
ന്യൂദല്‍ഹി: ആഗോള ആയുധ വിപണിയില്‍ വന്‍ നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ക്രൂസ് മിസൈല്‍ വാങ്ങാന്‍ ഫിലിപ്പീന്‍സ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ആഗോള ആയുധവിപണിയില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന വലിയ നേട്ടമായിരിക്കും ഇത്.
ഒരു ബാറ്ററിയില്‍ നാല് മുതല്‍ ആറ് വരെ മിസൈലുകള്‍ ഉള്‍പ്പെടുന്ന 3 ബാറ്ററി ബ്രഹ്മോസ് മിസൈലുകളാണ് ഫിലിപ്പീന്‍സ് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. 37.49 കോടി ഡോളറിന്റെ (ഏകദേശം 2774 കോടി രൂപ) ഇടപാടായിരിക്കും ഇത്. ഫിലിപ്പീന്‍സിന്റെ തീരപ്രതിരോധ റെജിമെന്റായിരിക്കും മിസൈല്‍ വിന്യസിക്കുക.
ഫിലിപ്പീന്‍സിന് പ്രധാന സുരക്ഷാഭീഷണി ഉയര്‍ത്തുന്ന രാജ്യം ചൈനയാണ്. വിയറ്റ്‌നാം, ചിലി എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായി വന്‍ മൂല്യമുള്ള ആയുധം ഇന്ത്യ ഇതാദ്യമായാണ് കയറ്റുമതി ചെയ്യുന്നത്. ഇതിന് മുന്‍പ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററാണ് നേരത്തേ നടത്തിയ ഒരു വന്‍ സൈനിക സാമഗ്രി കയറ്റുമതി.

കഴിഞ്ഞ വര്‍ഷം 42 രാജ്യങ്ങള്‍ക്ക് ഇന്ത്യ ആയുധങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. ഇതുവഴി 8500 കോടി രൂപയോളം കഴിഞ്ഞ വര്‍ഷം രാജ്യത്തിന് ലഭിച്ചിരുന്നു. എന്നാല്‍ റൈഫിള്‍, ടോര്‍പിഡോ വെടിക്കോപ്പ്, ഷെല്ലുകള്‍ തുടങ്ങിയ ലഘു ആയുധങ്ങളും വന്‍ ആയുധങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സും പാരഷൂട്ട് തുടങ്ങിയ സാമഗ്രികളുമായിരുന്നു കയറ്റുമതി ചെയ്തിരുന്നത്.
റഷ്യയുടെ യൂക്കോസ് എന്ന മിസൈലിന്റെ അടിസ്ഥാന രൂപകല്‍പനയില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ബ്രഹ്മോസ് തയ്യാറാക്കിയത്. ഇന്ത്യയുടെ മിസൈല്‍ ഉപജ്ഞാതാവായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമാണ് ഇന്തോ-റഷ്യന്‍ സംരംഭത്തിന്റെ ആശയത്തിനു പിന്നില്‍. എന്നിരുന്നാലും ബ്രഹ്മോസിന്റെ പിതാവായി അറിയപ്പെടുന്നത് നാഗര്‍കോവില്‍ സ്വദേശിയും ബ്രഹ്മോസ് കോര്‍പറേഷന്റെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവും ഡി ആര്‍ ഡി ഒയുടെ മുന്‍ ചീഫ് കണ്‍ട്രോളറുമായ ഡോ. എ ശിവതാണുപിള്ളയാണ്.
ബ്രഹ്മോസ് മിസൈലിന്റെ നിലവിലുള്ള പല പതിപ്പുകളും ശിവതാണുപിള്ളയുടെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. ബ്രഹ്മപുത്ര, മോസ്‌കോ എന്നീ നദികളുടെ പേരില്‍ നിന്നാണ് ബ്രഹ്മോസ് എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അബ്ദുല്‍ കലാമായിരുന്നു ഈ പേരു നിര്‍ദേശിച്ചത്. ഫിലിപ്പീന്‍സുമായി ആയുധ വിപണി തുറക്കുന്നത് വഴി ശാക്തികരംഗത്ത് ഒരു പുതിയ പങ്കാളിയെ കൂടിയാണ് ലഭിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബ്രഹ്മോസിന്റെ വിവിധ പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ലോകത്ത് ഇന്ന് നിലവിലുള്ളവയില്‍ ഏറ്റവും വേഗമേറിയ ഏക സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കരയില്‍ നിന്ന് കരയിലേക്ക്, കരയില്‍ നിന്ന് കടലിലേക്ക്, കപ്പലില്‍ നിന്ന് കപ്പലിലേക്ക്, കപ്പലില്‍ നിന്ന് കരയിലേക്ക്, വിമാനത്തില്‍ നിന്ന് കരയിലേക്കും കടലിലേക്കും, മുങ്ങിക്കപ്പലില്‍ നിന്ന് കരയിലേക്ക് എന്നിങ്ങനെ ബ്രഹ്മോസിന്റെ പല പതിപ്പുകള്‍ വികസിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications