Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ പങ്കാളി, പാശ്ചാത്യ ഉപരോധങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു'; പുടിൻ

മോസ്‌കോ: ജി-7 രാജ്യങ്ങളെ സാമ്പത്തികമായി ബ്രിക്‌സ് പിന്നിലാക്കിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വികസ്വര രാജ്യങ്ങളുടെ പങ്ക് വർധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക സ്വാധീനം ക്രമേണ കുറയുന്നതായും പുടിൻ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തെ ആഗോള ജിഡിപി വളർച്ച പുടിൻ ചൂണ്ടിക്കാട്ടി. ബ്രിക്‌സ് രാജ്യങ്ങൾ ഇതിൽ 49 ശതമാനവും സംഭാവന നൽകി. ജി-7 രാജ്യങ്ങളുടെ സംഭാവന വെറും 18 ശതമാനമാണ്. വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ ബ്രിക്‌സ് പങ്ക് 40 ശതമാനമായി ഉയർന്നു. ജി-7 പങ്ക് 29 ശതമാനത്തിൽ താഴെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

putin

ജി-7 രാജ്യങ്ങളുടെ വളർച്ചാ നിരക്ക് പ്രതിവർഷം 1.1 ശതമാനം മാത്രമായിരിക്കും. എന്നാൽ ബ്രിക്‌സ് രാജ്യങ്ങൾ 4 ശതമാനത്തിലേറെ വളരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഈ പ്രവണത ഇനിയും തുടരുമെന്നും പുടിൻ കൂട്ടിച്ചേർത്തു. ഭാവിയിൽ ബ്രിക്‌സ് കൂടുതൽ കരുത്താർജ്ജിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഐടി, സോഫ്റ്റ്‌വെയർ മേഖലകളിൽ ഇന്ത്യയുടെ പങ്കിനെ പുടിൻ പ്രശംസിച്ചുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യ റഷ്യയുടെ പ്രധാന പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സോഫ്റ്റ്‌വെയർ വിപണിയിൽ ഇന്ത്യ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബ്രിക്‌സ് അധ്യക്ഷ പദവി വഹിക്കുന്നത് ഇന്ത്യയാണ്.

2009-ൽ സ്ഥാപിതമായ ഈ കൂട്ടായ്‌മ ഇപ്പോൾ പത്ത് അംഗങ്ങൾ ഉൾപ്പെട്ടതാണ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ദക്ഷിണാഫ്രിക്ക പിന്നീട് ഈ സംഘത്തിൽ ചേർന്നു. ഈജിപ്‌ത്‌, ഇത്യോപ്യ, ഇറാൻ, യുഎഇ എന്നിവ 2024-ൽ അംഗങ്ങളായി. 2025-ൽ ഇന്തോനേഷ്യയും ഇതിന്റെ ഭാഗമായി.

പാശ്ചാത്യ ഉപരോധങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചെന്ന് പുടിൻ ആരോപിച്ചു. റഷ്യയുടെ വിദേശ കരുതൽ ധനം മരവിപ്പിച്ചത് ഡോളറിന്റെ വിശ്വാസ്യതയെ ബാധിച്ചു. മറ്റ് രാജ്യങ്ങൾക്കും സമാനമായ സാഹചര്യം നേരിടാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നാണയങ്ങളുടെ നിലനിൽപ്പിനെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന സർക്കാർ കടബാധ്യതകൾ പാശ്ചാത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം കൂടുതൽ സങ്കീർണ്ണവും ബഹുധ്രുവവുമായ ഒരു മാതൃകയിലേക്ക് മാറുകയാണ്. റഷ്യ ഈ മാറ്റങ്ങളെ അവസരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യവും വേഗത്തിൽ തന്നെ മുതലെടുക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്നും പുടിൻ വ്യക്തമാക്കി.

സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ മോസ്കോയും ന്യൂഡൽഹിയും സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യൻ നേതാവിന്റെ പരാമർശം. ഇന്ത്യ പോലുള്ള വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പുടിൻ ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, നവീകരണം എന്നീ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള വളർന്നുവരുന്ന സഹകരണത്തെയും ഈ അഭിപ്രായങ്ങൾ പ്രതിഫലിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ ഉഭയകക്ഷി ബന്ധങ്ങളിൽ ഈ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുടിന്റെ വാക്കുകൾ ഇന്ത്യയും ഉറ്റുനോക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+