ഇന്ത്യയെ മാറ്റി, കടല്‍ കാക്കാന്‍ തുര്‍ക്കി; മാലിദ്വീപ് ലക്ഷ്യമിടുന്നത് മറ്റൊന്ന്, പുതിയ സഖ്യം
മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി വെട്ടിലായ മാലിദ്വീപിന്റെ പുതിയ നീക്കം ചര്‍ച്ചയാകുന്നു. ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പിന്നാലെ മാലിദ്വീപ് പുതിയ കരാറില്‍ ഒപ്പുവച്ചു. തുര്‍ക്കിയുമായിട്ടാണ് പുതിയ പ്രതിരോധ കരാര്‍. ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോയിരുന്ന മാലിദ്വീപ് ഇപ്പോള്‍ മറ്റു ശക്തികളുമായി അടുക്കുകയാണ്.
അടുത്തിടെ അധികാരത്തില്‍ വന്ന പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് മാലിദ്വീപില്‍ നിന്ന് ഇന്ത്യയെ പുറത്താക്കുക എന്നതായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഈ മുദ്രാവാക്യം അധികാരമേറ്റ തൊട്ടടുത്ത ദിവസം മുതല്‍ അവര്‍ നടപ്പാക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ പ്രഥമ സന്ദര്‍ശനം നടത്തുക എന്ന മാലിദ്വീപ് പ്രസിഡന്റുമാരുടെ പതിവ് തെറ്റിച്ചായിരുന്നു മുയ്‌സുവിന്റെ തുടക്കം.

തുര്‍ക്കിയില്‍ നിന്ന് സൈനിക ഡ്രോണുകള്‍ വാങ്ങുന്ന കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ് മാലിദ്വീപ്. 37 ദശലക്ഷം ഡോളറിന്റെതാണ് കരാര്‍. കടല്‍ മേഖലയില്‍ പട്രോളിങ് നടത്തുന്നതിനാണ് ഈ ഡ്രോണുകള്‍ ഉപയോഗിക്കുക. ഇതുവരെ ഇന്ത്യയുടെ സഹകരണത്തോടെയാണ് മാലിദ്വീപ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തിയിരുന്നത്.
ദ്വീപില്‍ നിന്ന് മാര്‍ച്ച് 15നകം ഒഴിയണം എന്ന് 77 ഇന്ത്യന്‍ സൈനികരോട് പുതിയ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ കൈമാറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ത്യന്‍ സൈനികരുടെ സഹായത്തോടെയാണ്. ഇതിന് പുറമെ മാലിദ്വീപ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത് ഇന്ത്യന്‍ സൈനികരാണ്. ഇതിനിടെയാണ് ഇന്ത്യയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ പുതിയ പ്രസിഡന്റ് ശ്രമിക്കുന്നത്.
മാലിദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്ന് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഉപയോഗിക്കുന്നത് ഇന്ത്യ നല്‍കിയ ഹെലികോപ്റ്ററുകളാണ്. ഇന്ത്യ നല്‍കിയ യുദ്ധ വിമാനത്തിന് പകരമായി ഇനി തുര്‍ക്കിയുടെ ഡ്രോണുകള്‍ മാലിദ്വീപ് ഉപയോഗിക്കും. ഡ്രോണുകള്‍ക്ക് ബജറ്റില്‍ നിന്ന് തുക വകിയിരുത്തി എന്നാണ് ദ്വീപിലെ അദാദു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തുര്‍ക്കി സൈന്യത്തിന് ഡ്രോണുകള്‍ നല്‍കുന്ന തുര്‍ക്കിയിലെ കമ്പനിയുമായിട്ടാണ് മാലിദ്വീപ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം പണം പൂര്‍ണമായി നല്‍കണം എന്നാണ് ധാരണ. ലോകത്തെ പ്രധാന ഡ്രോണ്‍ നിര്‍മാതാക്കളാണ് തുര്‍ക്കി. പ്രസിഡന്റ് ഉര്‍ദുഗാന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് തുര്‍ക്കിയിലെ പ്രധാന ഡ്രോണ്‍ നിര്‍മാതാക്കള്‍.
ടൂറിസമാണ് മാലിദ്വീപിന്റെ പ്രധാന വരുമാനം. ഇന്ത്യയില്‍ നിന്നാണ് മാലിദ്വീപിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ കുറഞ്ഞിട്ടുണ്ട്. ചൈനയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് മുഹമ്മദ് മുയ്‌സു. 'ഇന്ത്യ ആദ്യം' എന്ന പരമ്പരാഗത നിലപാട് മാലിദ്വീപ് മാറ്റിയത് മുയ്‌സു പ്രസിഡന്റായതോടെയാണ്. ചൈനയ്ക്ക് പിന്നാലെ തുര്‍ക്കിയുമായും മാലിദ്വീപ് ബന്ധം സ്ഥാപിക്കുന്നത് ഇന്ത്യ സസൂക്ഷ്മം നിരീക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications