നാല് ലക്ഷം വോട്ടുകൾക്ക് ട്രംപ് വിജയിക്കും, വ്യാഴവും സൂര്യനും അനുകൂലം, പ്രവചനവുമായി ഇന്ത്യൻ ജ്യോതിഷി
വാഷിംഗ്ടണ്‍: അമേരിക്ക ഇനി ആര് ഭരിക്കും എന്നുളള ആകാംഷകള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുളളത്. അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ആണ് പ്രവചിച്ചിരിക്കുന്നത്. 2016ല്‍ ട്രംപിന്റെ വിജയം പ്രവചിച്ച പോളിംഗ് ഗുരുവും ഇത്തവണ ബൈഡനൊപ്പമാണ്. എന്നാല്‍ ട്രംപ് ഭരണത്തുടര്‍ച്ച നേടും എന്നാണ് ഇന്ത്യക്കാരനായ ജ്യോതിഷിയുടെ പ്രവചനം.
നക്ഷത്രങ്ങളും സൂര്യനെ അടിസ്ഥാനപ്പെടുത്തിയുളള കണക്കുകളുമെല്ലാം ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാണ് എന്നാണ് ജ്യോതിഷി പറയുന്നത്. വ്യാഴവും സൂര്യനും ട്രംപിന് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് ട്രംപ് തുടരും. മാത്രമല്ല 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാവും ഇക്കുറി ട്രംപ് വിജയിക്കുകയെന്നും ഈ ജ്യോതിഷി പ്രവചിച്ചിരിക്കുകയാണ്.
അതേസമയം വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണവും ട്രംപ് നേരിടുമെന്നും ഈ ജ്യോതിഷി പ്രവചിച്ചിട്ടുണ്ട്. 2016ലേതിനേക്കാള്‍ കടുത്ത മത്സരമാണ് ഇക്കുറി പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ട്രംപ് നേരിടുന്നത്. 2016ല്‍ പോപ്പുലര്‍ വോട്ടുകള്‍ പ്രതികൂലമായപ്പോഴും ഇലക്ടറല്‍ വോട്ടുകളുടെ ബലത്തിലാണ് ട്രംപ് ജയിച്ച് കയറിയത്. ഇക്കുറിയും അത് തന്നെ ട്രംപ് പ്രതീക്ഷിക്കുന്നു.
കൊവിഡ് പ്രതിരോധത്തിലെ വീഴ്ച അടക്കമുളള വിഷയങ്ങള്‍ കടുത്ത വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുളള സംസ്ഥാനങ്ങളില്‍ പോലും കടുത്ത മത്സരം ഇക്കുറി കാഴ്ച വെക്കാന്‍ ജോ ബൈഡന് സാധിച്ചിട്ടുണ്ട്. വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ പോലുളള സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.