അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിക്ക് നേരെ വീണ്ടും ആക്രമണം: വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ഭാര്യ
അമേരിക്കയില്‍ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശീയർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള നിരവധി വാർത്തകളാണ് പുറത്ത്. ഏറ്റവും അവസാനമായി ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത് ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാർത്ഥിക്കാണ്. ചിക്കാഗോയില്‍ പഠിപ്പിക്കുന്ന ഹൈദരാബാദുകാരനായ സയ്യിദ് മസാഹിർ അലിയാണ് കൊള്ളക്കാരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.
അക്രമണത്തെ തുടർന്ന് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന മസാഹിർ അലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തിൽ ആശങ്കാകുലരായ ഹൈദരാബാദിലെ കുടുംബം മസാഹിർ അലിയുടെ ഭാര്യക്ക് അമേരിക്കയിലേക്ക് പോയി അദ്ദേഹത്തെ സന്ദർശിക്കാനുള്ള അനുമതി നല്‍കണമെന്ന് കേന്ദ്ര സർക്കാറിന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

ഭർത്താവിന് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സൈദ റുഖുലിയ ഫാത്തിമ റിസ്‌വി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. റോഡിലൂടെ നടന്ന് പോകുകകായിരുന്ന മസാഹിർ അലിയെ പിന്നാലെയെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
"യു എസ് എ യിലെ ചിക്കാഗോയിലുള്ള തന്റെ ഭർത്താവിൻ്റെ സുരക്ഷയെ കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലയാണ്. അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിക്കുന്നതിന് സഹായിക്കാനും സാധ്യമെങ്കിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എനിക്ക് എൻ്റെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളോടൊപ്പം അമേരിക്കയിലേക്ക് പോകാനുള്ള സൌകര്യങ്ങള്‍ ചെയ്ത് തരണമെന്നും അഭ്യർത്ഥിക്കുന്നു "ഫാത്തിമ റിസ്‌വി കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
ഇന്ത്യാന വെസ്‌ലിയൻ യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു അലി. "ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ നാല് പേർ എന്നെ ആക്രമിച്ചു. ഞാൻ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും അവർ എന്നെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു, ദയവായി എന്നെ സഹായിക്കൂ, ദയവായി എന്നെ സഹായിക്കൂ," സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ മസാഹിർ അലി പറയുന്നു.
ഈ വർഷം അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തില്‍ മസാഹിർ അലിക്കെതിരായ ആക്രമണത്തെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ സമൂഹം കാണുന്നത്. അമേരിക്കൻ പാസ്‌പോർട്ട് കൈവശം വച്ചിരുന്ന 19 കാരനായ ശ്രേയസ് റെഡ്ഡി ബെനിഗർ എന്ന വിദ്യാർത്ഥിയെ കഴിഞ്ഞയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മറ്റൊരു വിദ്യാർത്ഥിയായ നീൽ ആചാര്യയെ ആ ആഴ്ച ആദ്യം പർഡ്യൂ യൂണിവേഴ്സിറ്റി കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തി. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മകന്റെ മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications