കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഇറാന്‍ പ്രക്ഷോഭം; മരണസംഖ്യ 20 കടന്നു

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: രാജ്യത്തെ വര്‍ധിച്ചുവരുന്ന വിലക്കയറ്റിത്തിനെതിരേ ഡിസംബര്‍ 28ന് ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ആരംഭിച്ച പ്രക്ഷോഭം ഒരാഴ്ച തികയുമ്പോള്‍ കൂടുതല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭകരും സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതിനകം 20ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ഇസ്ഫഹാനില്‍ മാത്രം ഇതിനകം എട്ടുപേര്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹാനിലെ മധ്യനഗരമായ ഖാദിരിജാനിലാണ് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഖുമൈനിശെഹറില്‍ മറ്റൊരാള്‍ കൂടി ചൊവ്വാഴ്ച കൊല്ലപ്പെടുകയുണ്ടായി. നേരത്തേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ട 12 പേര്‍ക്കു പുറമെയാണിത്. ഖുമൈനി ശെഹറില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ 11കാരനും 20കാരനും ഉള്‍പ്പെടും.

പലസ്തീന് ഭീഷണിയുമായി ട്രംപ്: സഹായം വെട്ടിക്കുറയ്ക്കും! ലക്ഷ്യം ഇസ്രായേല്‍- പലസ്തീന്‍ ചര്‍ച്ച!

പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളില്‍ അക്രമാസക്തമായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലിസ് സ്‌റ്റേഷനുകളും ആയുധപ്പുരകളും ആക്രമിച്ച് ആയുധങ്ങള്‍ കൈക്കലാക്കാനാണ് പ്രക്ഷോഭകരുടെ ശ്രമമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. തെഹ്‌റാന് 350 കിലോമീറ്റര്‍ തെക്കുള്ള നജഫാബാദില്‍ പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനും ബാസിജ് സായുധ സംഘത്തിലെ അംഗവും കൊല്ലപ്പെട്ടതായി ഇറാന്‍ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ അറിയിച്ചു.

iran

ചുരുങ്ങിയത് 21 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അഞ്ഞൂറിലേറെ പേരെ പോലിസ് അറസ്റ്റ് ചെയ്തതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നില്‍ ബാഹ്യശക്തികളാണെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കുറ്റപ്പെടുത്തി. ഇറാന്റെ ശത്രുക്കള്‍ രാജ്യത്ത് അശാന്തി വിതയ്ക്കാന്‍ തങ്ങളുടെ പക്കലുള്ള പണം, ആയുധം, രാഷ്ട്രീയം, രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരേ പ്രതിഷേധിക്കാനെന്ന പേരില്‍ ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടര്‍ന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
iran death toll rises as protests continue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്