ഇറാനില്‍ ഹസന്‍ റൂഹാനി തന്നെ... പാരമ്പര്യത്തിനല്ല, പരിഷ്‌കാരത്തിന് ഇറാൻ; അമേരിക്കയ്ക്ക് പൊള്ളും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പല്‍ ഹസന്‍ റൂഹാനിക്ക് വീണ്ടും ജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് റുഹാനി വീണ്ടും അധികാരത്തിലേറുന്നത്.

നാല് കോടിയിലേറെ പേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കാളികളായത്. അതില്‍ 57 ശതമാനത്തിന്റെ വോട്ടും സ്വന്തമാക്കിയാണ് റൂഹാനിയുടെ വിജയം. പാരമ്പര്യ വാദിയായ ഇബ്രാഹിം റെയ്‌സി ആയിരുന്നു തിരഞ്ഞെടുപ്പില്‍ റൂഹാനിയുടെ എതിരാളി.

പാരമ്പര്യവാദികള്‍ റൂഹാനിക്കെതിരെ അതി ശക്തമായ പ്രചരണം അഴിച്ചുവിട്ടിരുന്നെങ്കിലും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം ആണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. തകര്‍ന്നടിഞ്ഞുകൊണ്ടിരുന്ന ഇറാനെ മുഖ്യധാരയിലേക്ക് വീണ്ടും കൈപിടിച്ചുയര്‍ത്തിയത് റൂഹാനി തന്നെ ആയിരുന്നു. എന്നാല്‍ റൂഹാനിയുടെ വിജയം അമേരിയ്ക്കയ്ക്കും സൗദിയ്ക്കും അത്ര സന്തോഷം നല്‍കുന്നല്ല എന്നതാണ് വസ്തുത.

അമ്പത് ശതമാനത്തിലേറെ

രേഖപ്പെടുത്തപ്പെട്ട വോട്ടുകളില്‍ അമ്പത് ശതമാനത്തിലേറെ സ്വന്തമാക്കിയാണ് ഹസന്‍ റൂഹാനി വീണ്ടും പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. 2.3 കോടിയോളം വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ഒറ്റപ്പെടല്‍

അന്താരാഷ്ട്ര വിലക്കുകളാല്‍ വലിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയില്‍ ആയിരുന്നു റൂഹാനി അധികാരത്തില്‍ വരുമ്പോള്‍ ഇറാന്‍. അന്താരാഷ്ട്ര തലത്തിലുള്ള ഒറ്റപ്പെടല്‍ ഇല്ലാതാക്കുമെന്നായിരുന്നു അന്ന് റൂഹാനിയുടെ വാഗ്ദാനം. അത് പാലിക്കപ്പെടുകയും ചെയ്തിരുന്നു.

ആണവ കരാര്‍

ഇറാന്റെ ആണവ പദ്ധതികളെ ചൊല്ലിയായിരുന്നു അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ റൂഹാനിയുടെ നേതൃത്വത്തില്‍ ആണവ കരാര്‍ ഒപ്പിട്ടതോടെ പല വിലക്കുകളും പിന്‍വലിക്കപ്പെട്ടു. രാജ്യം സാമ്പത്തികാഭിവൃദ്ധിയിലേക്കുളള യാത്ര തുടങ്ങുകയും ചെയ്തിരുന്നു.

വലിയ ലക്ഷ്യം

ഇറാനില്‍ സാമൂഹിക രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പാക്കും എന്നായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ റൂഹാനിയുടെ വാഗ്ദാനം. കാര്‍ക്കശ്യം നിറഞ്ഞ ഭരണചരിത്രം ഓര്‍മിക്കുന്ന ഇറാന്‍ ജനതയ്ക്ക് റൂഹാനി പ്രിയങ്കരനാകാനുള്ള കാരണങ്ങളില്‍ ഒന്ന് ഇത് കൂടിയാണ്.

അമേരിക്കയ്ക്ക് ചുട്ട മറുപടി

ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെ ആണ് ആണവ കരാറില്‍ ഒപ്പിടുന്നത്. എങ്കിലും ബന്ധം അത്ര സുഖകരം ആയിരുന്നില്ല, അതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി. ട്രംപിന്റെ നിലപാടുകള്‍ ഇറാന് അനുകൂലമല്ല. അമേരിക്കയ്ക്ക് ഏറ്റവും ശക്തമായ തിരിച്ചടികളില്‍ ഒന്നാണ് റൂഹാനിയുടെ വിജയം എന്ന് പറയാം.

സിറിയന്‍ പ്രശ്‌നം

സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ റഷ്യയ്ക്കും അസദിനും ഒപ്പമാണ് ഇറാന്‍. ഇക്കാര്യത്തില്‍ റൂഹാനിയുടെ നിലപാടുകള്‍ കര്‍ക്കശമായിരുന്നു. അമേരിക്കയ്ക്ക് ഇറാനോടുള്ള പക കൂടാന്‍ അതില്‍ക്കൂടുതല്‍ ഒന്നും വേണ്ട.

സൗദിയുമായി

സൗദി അറേബ്യക്കും വലിയ തിരിച്ചടിയാണ് റൂഹാനിയുടെ വിജയം. ഹൂത്തി വിഷയത്തില്‍ സൗദിക്ക് ശക്തമായ പ്രതിരോധം തീര്‍ത്തത് ഇറാന്‍ തന്നെ ആയിരുന്നു.

English summary
Iran's President Hassan Rouhani has been re-elected with an emphatic victory, official results show.Out of more than 40 million votes cast, he received 57%, defeating his main rival, a conservative cleric
Please Wait while comments are loading...