സിറിയ ശാന്തമാവുന്നു; ചര്‍ച്ചക്ക് വഴിയൊരുക്കുന്നത് റഷ്യയും തുര്‍ക്കിയും ഇറാനും, സൗദി പുറത്ത്

  • Written By:
Subscribe to Oneindia Malayalam

മോസകോ: സിറിയയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ കാണുന്നത് മറുതന്ത്രം. ഇറാനെയും തുര്‍ക്കിയെയും ഒരുവേദിയില്‍ ഇരുത്താനാണ് അവരുടെ നീക്കമെന്നാണ് വിലയിരുത്തല്‍. റഷ്യ, ഇറാന്‍, തുര്‍ക്കി എന്നിവര്‍ ചേര്‍ന്നുണ്ടാക്കുന്ന രാഷ്ട്രീയ പരിഹാരമാവും പ്രതിസന്ധി അയയുന്നതിലേക്ക് നയിക്കുക.

ഡിസംബര്‍ 20ന് റഷ്യയും ഇറാനും തുര്‍ക്കിയും ചേര്‍ന്ന് മോസ്‌കോയില്‍ പുറപ്പെടുവിച്ച പ്രഖ്യാപനം പ്രശ്‌നപരിഹാരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിറിയയില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കേണ്ടത് സംബന്ധിച്ചായിരുന്നു പ്രഖ്യാപനം. തൊട്ടടുത്ത ദിവസം സിറിയയിലെ പ്രശ്‌നമേഖലയില്‍ കടന്ന് സഹായ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി സന്നദ്ധസംഘടനകള്‍ക്ക് അനുമതി നല്‍കി.

വെടിനിര്‍ത്തല്‍ കരാര്‍ തുടക്കം

സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണാന്‍ സഹായകമാവുന്നതായിരുന്നു തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടാക്കിയ വെടി നിര്‍ത്തല്‍ കരാര്‍. ഈ ധാരണ നിലവില്‍ വന്ന തൊട്ടടുത്ത ദിവസം ഡിസംബര്‍ 31ന് യുഎന്‍ രക്ഷാസമിതി കരാര്‍ ഐക്യകണ്‌ഠേന അംഗീകരിച്ച് പ്രമേയം പാസാക്കി. കസാക്കിസ്താനിലെ അസ്താനയില്‍ സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ച ആരംഭിക്കാനിരിക്കുകയാണ്.

കസാക്കിസ്താന്‍ ചര്‍ച്ചാ വേദിയാവും

യുഎന്‍ നേതൃത്വത്തില്‍ സിറിയന്‍ സമാധാന ചര്‍ച്ച കസാകിസ്താനില്‍ പുനരാരംഭിക്കും. സിറിയയില്‍ സമാധാനം പുലരാന്‍ വൈകില്ലെന്നാണ് നിലവിലെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റാഫന്‍ ദി മിസ്തുറ പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ സിറിയയില്‍ പോരാട്ടരംഗത്തുള്ള സായുധ സംഘങ്ങളെല്ലാം അംഗീകരിച്ചിട്ടില്ല.

ഇറാന് ആശ്വാസം

സിറിയയിലെ ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരേ പോരാട്ട രംഗത്തുള്ള ജാബത്ത് ഫത്തഹ് അല്‍ ശാം, അഹ്‌റാര്‍ അല്‍ ശാം എന്നീ സംഘങ്ങളെ തുര്‍ക്കി സഹായിക്കുന്നുവെന്നാണ് ഇറാന്റെ ഇതുവരെയുള്ള ആരോപണം. ഇക്കാര്യങ്ങളിലുള്ള ആശങ്ക മോസ്‌കോ ചര്‍ച്ചക്കിടെ പരിഹരിച്ചുവെന്നാണ് റിപോര്‍ട്ട്. തുര്‍ക്കിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഈ രണ്ട് സംഘങ്ങളും തള്ളിയിട്ടുണ്ട്.

തുര്‍ക്കി നിലപാട് മയപ്പെടുത്തി

അസദിനെ മാറ്റിയിട്ട് മതി ചര്‍ച്ചയെന്ന നിലപാട് തുര്‍ക്കി മയപ്പെടുത്തുമെന്നാണ് ഇറാനുമായും റഷ്യയുമായും ഉണ്ടാക്കിയ പ്രധാന ധാരണ. സിറിയയില്‍ ഇറാന്‍ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള പോലുള്ള സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കരുതെന്ന വാദവും തുര്‍ക്കി ഉപേക്ഷിക്കും. ഇതു രണ്ടും തുര്‍ക്കി അംഗീകരിച്ചത് ഇറാന് നേട്ടമാണ്. മാത്രമല്ല, കസാകിസ്താനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അസദ് ഭരണകൂടത്തിലെ പ്രതിനിധിയും പങ്കെടുക്കും.

പുറത്തായത് സൗദി അറേബ്യ

കുര്‍ദ് സ്വാധീന മേഖലകളുടെ പരിധി കുറയ്ക്കാനും അവരുടെ സ്വയം ഭരണ പ്രദേശങ്ങള്‍ വ്യാപിക്കുന്നത് തടയാനും തുര്‍ക്കിയും ഇറാനും തീരുമാനിച്ചു. തുര്‍ക്കിയുടെ പ്രധാന ആവശ്യം ഇതായിരുന്നു. ഇറാന്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറായി. സിറിയ, ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമ്പോള്‍ പുറത്താവുന്നത് സൗദി അറേബ്യയാണ്. ഇത് മേഖലയില്‍ സൗദിയുടെ അപ്രമാദിത്വം നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.

English summary
Moscow’s Syria strategy includes helping Iran and Turkey find common ground on the Syrian crisis and then concentrate its efforts on further proceeding with a political solution together with Turkey. As such, it could be argued that Iran’s current approach toward the Syrian issue is effectively pursued through the gates of Russia. Because the nature of their [the Turkish-Iranian] relationship in Syria to date can best be characterized as a form of rivalry rather than enmity, points of disagreements could be addressed through the adoption of more pragmatism.
Please Wait while comments are loading...