ഇറാന്റെ ലക്ഷ്യം തകര്‍ത്തത് ജോര്‍ദാന്‍; ഇസ്രായേല്‍ പോലും പ്രതീക്ഷിക്കാത്ത സഹായം, തിരിച്ചടി വന്നേക്കും
അമ്മാന്‍: ഇസ്രായേലിനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണം ലക്ഷ്യം കാണാതെ പോയതിന് പിന്നില്‍ ജോര്‍ദാന്‍. ഇറാന്റെ മിസൈലുകള്‍ മിക്കതും വെടിവച്ചിട്ടത് ജോര്‍ദാന്‍ സൈന്യമാണ്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ സഖ്യരാജ്യമാണ് ജോര്‍ദാന്‍. മാത്രമല്ല, ഇസ്രായേലുമായും ബന്ധം പുലര്‍ത്തുന്ന അറബ് രാജ്യം കൂടിയാണിത്. നിമിഷ നേരങ്ങള്‍ക്കിടെ നൂറിലധികം മിസൈലുകളും ഡ്രോണുകളുമാണ് ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് വന്നത്.
ഈ മാസം ഒന്നിന് സിറിയയിലെ എംബസി ആക്രമിച്ച് ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്ററെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഏത് സമയവും തിരിച്ചടി പ്രതീക്ഷിക്കാമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് ശനിയാഴ്ച രാത്രി ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇറാന്‍ നേരിട്ട് ഇസ്രായേലിനെ ആക്രമിക്കുന്ന ആദ്യ സംഭവമാണിത്.

ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള ചുരുക്കം ചില അറബ് രാജ്യങ്ങളേ നിലവിലുള്ളൂ. അതിലൊന്നാണ് ജോര്‍ദാന്‍. ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കും ഇസ്രായേലുമായി ബന്ധമുണ്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം ഉണ്ടായേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയ പിന്നാലെ ജോര്‍ദാന്‍ സൈന്യം ജാഗരൂകരായിരുന്നു.
സിറിയ, ഇറാഖ് അതിര്‍ത്തി മേഖലയില്‍ ജോര്‍ദാന്‍ സൈന്യം നിരീക്ഷണം ശക്തമാക്കി. ഈ വേളയിലാണ് ജോര്‍ദാന് മുകളിലൂടെ ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തിയത്. നിരവധി ഇറാന്‍ ഡ്രോണുകള്‍ ജോര്‍ദാന്‍ സൈന്യം വെടിവച്ചിട്ടു. അതേസമയംതന്നെ അമേരിക്കയുടെയും ബ്രിട്ടന്റെയും നാവിക സേനയും പ്രതിരോധം ശക്തമാക്കി. ഇസ്രായേല്‍ സൈന്യവും ഇറാന്‍ മിസൈലുകള്‍ തകര്‍ത്തു.
ഇറാന്റെ 99 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടില്ല. മാത്രമല്ല, ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു എന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് പരിഭ്രാന്തരായി തിടുക്കംകൂട്ടിയ ഇസ്രായേലികള്‍ക്കും സാരമല്ലാത്ത പരിക്കുണ്ട്. ഒരു വ്യോമതാവളത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അതേസമയം, ആള്‍നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഇറാന്‍ നേരിട്ട് ആക്രമണം നടത്തുമെന്ന് അമേരിക്കയും ഇസ്രായേലും പ്രതീക്ഷിച്ചിരുന്നില്ല. ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങളെ ഉപയോഗിക്കുകയാകും ചെയ്യുക എന്നാണ് കരുതിയത്. എന്നാല്‍ പ്രത്യക്ഷ ആക്രമണം നടത്തിയത് ഇറാന്‍ നല്‍കുന്ന താക്കീതായി വിലയിരുത്തപ്പെടുന്നു. ആക്രമണം അവസാനിപ്പിച്ചുവെന്നും ഇസ്രായേല്‍ ഇനി ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി.
അതേസമയം, സിറിയ, ലബ്‌നാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിലേക്ക് നീങ്ങുന്നതിനോട് അമേരിക്ക യോജിക്കുന്നില്ല. യുദ്ധം തടയാന്‍ പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ച നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications