മിതവാദിയായ റൂഹാനി, പാവങ്ങളുടെ റഈസി; അടുത്ത ഇറാന്‍ പ്രസിഡന്റ്? സൗദിക്കും ഇസ്രായേലിനും ആശങ്ക

  • Written By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: ഇറാന്‍ നിര്‍ണായക തിരഞ്ഞെടുപ്പിലേക്ക്. വെള്ളിയാഴ്ച പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തും. നിലവിലെ പ്രസിഡന്റും മിതവാദിയുമായ ഹസന്‍ റൂഹാനിയോ യാഥാസ്ഥിതിക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇബ്രാഹീം റഈസിയോ, ആരായിരിക്കും ഇറാന്റെ അടുത്ത അമരക്കാരനെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പശ്ചിമേഷ്യ.

അമേരിക്കയോടും ഇസ്രായേലിനോടും കടുത്ത വിരോധം വച്ചുപുലര്‍ത്തുന്ന ഇറാന്റെ പ്രസിഡന്റായി ഹസന്‍ റൂഹാനി കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഇറാന് വിദേശരാഷ്ട്രങ്ങളുമായി അടുക്കാന്‍ അവസരം ലഭിച്ചത്. അതിന് മുമ്പ് പ്രസിഡന്റായിരുന്ന അഹ്മദി നജാദ് ലോക മുസ്ലിംകള്‍ക്ക് ആവേശം സൃഷ്ടിച്ചെങ്കിലും പക്ഷേ, വന്‍ ശക്തി രാഷ്ട്രങ്ങളുമായി കൂടുതല്‍ അകലുകയായിരുന്നു.

ആണവ കരാറിന് ശേഷമുള്ള തിരഞ്ഞെടുപ്പ്

2015ല്‍ നിലവില്‍ വന്ന ആണവ കരാറിന് ശേഷം നടക്കുന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. ഹസന്‍ റൂഹാനിയുടെ തന്ത്രപരമായ നിലപാടാണ് ആണവ കരാര്‍ നിലവില്‍ വരാനും അന്താരാഷ്ട്ര ഉപരോധം ഭാഗികമായെങ്കിലും നീങ്ങാനും വഴിയൊരുക്കിയത്.

യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തി

കരാര്‍ പ്രകാരം ഇറാന്‍ അവരുടെ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. പക്ഷേ, അതിന് പകരമായി അമേരിക്കയും മറ്റു അഞ്ച് രാജ്യങ്ങളും ഉറപ്പ് നല്‍കിയ ഉപരോധം പിന്‍വലിക്കാമെന്ന വാഗ്ദാനം പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല. അമേരിക്കയില്‍ ഭരണ മാറ്റം വരികയും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയും ചെയ്തതോടെ ആണവ കരാറിന്റെ ഭാവി അവതാളത്തിലായിരിക്കുകയാണ്.

അഹ്മദി നജാദ് ഇത്തവണ ഇല്ല

അഹ്മദി നജാദ് ഇത്തവണ മല്‍സരിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് പരമോന്നത സമിതിയുടെ അനുമതി ലഭിച്ചില്ല. അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറായ റൂഹാനിയുടെ തന്ത്രമാണ് രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്ക് ഏറെ കുറെ പരിഹാരം എളുപ്പമാക്കിയത്. എന്നാല്‍ പുതിയ പ്രസിഡന്റായി മറ്റാരെങ്കിലും തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്ഥിതി മറിച്ചാകും.

ട്രംപ് കരാര്‍ റദ്ദാക്കുമോ?

സൗദിയുമായും ഇസ്രായേലുമായും അമേരിക്കയുമായും കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇറാനെ ആക്രമിക്കുമെന്ന് കഴിഞ്ഞാഴ്ച സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ആണവ കരാര്‍ റദ്ദാക്കി ഇറാനെിരേ ഉപരോധം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും അറിയിച്ചിട്ടുണ്ട്.

സൗദിയുടെ ഇടപെടല്‍

യമനിലും സിറിയയിലും ബഹ്‌റയ്‌നിലും സൗദി ശിയാ വിഭാഗക്കാര്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാന് കടുത്ത അമര്‍ഷമുണ്ട്. സൗദിയുടെ ഓരോ നീക്കവും ഇറാന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ യാഥാസ്ഥിതിക വാദികള്‍ക്കാകും ജയം.

ഇസ്രായേലിനെതിരേ ശക്തമായ പോരാട്ടം

ഇസ്രായേലിനെതിരേ ശക്തമായ പോരാട്ടം തുടരണമെന്നും ഇറാന്‍ പിന്തുണയ്ക്കുമെന്നും കഴിഞ്ഞ വര്‍ഷം ഇറാനില്‍ നടന്ന ഫലസ്തീന്‍ നേതാക്കളുടെ യോഗത്തില്‍ ഇറാന്‍ ഭരണകൂടം നിലപാടെടുത്തിരുന്നു. ഇക്കാര്യത്തില്‍ ഇറാനും ആശങ്കയുണ്ട്. എല്ലാ നാല് വര്‍ഷത്തിനിടെയും ഇറാനില്‍ ഫലസ്തീന്‍ നേതൃയോഗം ചേരാറുണ്ട്.

 ഹസന്‍ റൂഹാനി ജയിക്കും

ഹസന്‍ റൂഹാനി ജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രാജ്യം നേരിടുന്നുണ്ട്. ഈ പ്രശ്‌നമാണ് റഈസി വിഭാഗം കാര്യമായും പ്രചാരണത്തില്‍ ഊന്നിയത്. ഇറാനില്‍ തൊഴിലില്ലാത്ത യുവജനങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

ആയത്തുല്ലാ അലി ഖാംനഇ

പരിഷ്‌കരണ വാദികളുടെ പ്രതിനിധി ആയാണ് റൂഹാനിയെ കാണുന്നത്. യാഥാസ്ഥിതിക വാദികളുടെ പ്രതിനിധിയായി റഈസിയെയും കരുതുന്നു. പക്ഷേ, ആര് ജയിച്ചാലും ഇറാന്റെ അന്തിമ നിലപാടുകള്‍ സ്വീകരിക്കുന്ന പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇയാണ്.

പാവപ്പെട്ടവരുടെ സ്ഥാനാര്‍ഥി

ഖാംനഇയുടെ വിലക്കാണ് നജാദിന് മല്‍സരിക്കാന്‍ തടസമായത്. നജാദിന് ഗാര്‍ഡിയന്‍ കൗണ്‍സില്‍ അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഖാംനഇ ഉള്‍പ്പെടുന്ന പാരമ്പര്യവാദികളുടെ സ്ഥാനാര്‍ഥിയാണ് ഇബ്രാഹീം റഈസി. തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് പറയുന്ന അദ്ദേഹം പാവപ്പെട്ടവരുടെ സ്ഥാനാര്‍ഥി ആയാണ് വിലയിരുത്തപ്പെടുന്നത്.

മല്‍സരിക്കാന്‍ നാല് പേര്‍

160 പേര്‍ മല്‍സരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആറ് പേര്‍ക്കാണ് ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അവസരം ലഭിച്ചത്. ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല. ആറ് പേരില്‍ രണ്ടു പേര്‍ നിലവില്‍ റൂഹാനിക്കും റഈസിക്കും പിന്തുണ പ്രഖ്യാപിച്ച് പിന്‍മാറിയിട്ടുണ്ട്. നിലവില്‍ നാല് പേരാണ് മല്‍സര രംഗത്ത്. ആദ്യഘട്ടമാണ് വെള്ളിയാഴ്ച നടക്കുക. ഇതില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് കിട്ടിയില്ലെങ്കില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

English summary
Up to 55 million Iranians will vote Friday in a presidential election that pits moderates against religious conservatives and has economic fallout from the American-backed nuclear deal at its heart.
Please Wait while comments are loading...