ഇറാന്റെ പരമോന്നത നേതാവ് ഖമേനിയുടെ ആരോഗ്യനില ഗുരുതരം; പിൻഗാമിയായി മകനെത്തുമോ? ചർച്ച സജീവം
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പശ്ചിമേഷ്യയെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഇസ്രായേൽ-ഇറാൻ ഭിന്നതകൾക്ക് ഇടയിലാണ് ഖമേനിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ ആരാവും ഖമേനിയുടെ പിൻഗാമി എന്നതിനെ ചൊല്ലിയുള്ള ചർച്ചകളും സജീവമാണ്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഖമേനിയുടെ രണ്ടാമത്തെ മകനായ മൊജ്‌താബ ഖമേനി അദ്ദേഹത്തിന്റെ പിൻഗാമിയായി വരുമെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 55കാരനായ മൊജ്‌താബ ഇറാന്റെ പരമോന്നത നേതാവായി എത്താനാണ് സാധ്യതയെന്നാണ് ഭൂരിഭാഗം റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

ഏറെനാളായി ഖമിനേയിയുടെ ആരോഗ്യനിലയെ ചൊല്ലി അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. 85കാരനായ ഖമിനേയി കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി ഇറാന്റെ പരമോന്നത നേതാവെന്ന പദവി വഹിച്ചു വരികയാണ്. 1989ൽ റഹോള്ള ഖമിനേയിയുടെ മരണത്തിന് ശേഷമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. എന്നാൽ ആയത്തുള്ള ഖമിനേയി പടിയിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇറാനിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്നതാണ് യാഥാർഥ്യം.
നേരത്തെ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഒട്ടേറെ ആശങ്കകൾ ഉയർന്നിരുന്നു. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ചൊല്ലിയുള്ള വിഷയങ്ങൾ ഭിന്നതയിലേക്ക് നയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. പ്രത്യേകിച്ച് ഇസ്രായേൽ ഇറാനെതിരെ നിലപാട് കടുപ്പിക്കുമ്പോൾ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ലെന്നാണ് വിലയിരുത്തൽ.
അതിനിടെ ആയല്ലത്തുള്ള അലി ഖമേനിയുടെ ഹീബ്രു ഭാഷയിലെ ട്വീറ്റുകൾ കൈകാര്യം ചെയ്യുന്ന എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജെറുസലേം പോസ്‌റ്റ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്‌ച ഇറാനെതിരെ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ആയത്തുള്ള ഖമിനേയിയുടെ പേരിൽ എക്‌സ് അക്കൗണ്ടിലൂടെ പോസ്‌റ്റുകൾ വന്നത്.
ഹീബ്രു ഭാഷയിലെ പോസ്‌റ്റുകൾ രണ്ടെണ്ണമാണ് ഇതിൽ പങ്കുവച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രധാന എക്‌സ് അക്കൗണ്ടിലൂടെ സാധാരണയായി ഖമിനേയി ഹീബ്രു ഭാഷയിൽ പോസ്‌റ്റുകൾ പങ്കുവയ്ക്കാറില്ല. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് ഇസ്രയേലിനെ കടുത്ത ഭാഷയിൽ വിമർശിക്കാറുമുള്ളത്. ഇതിന് പിന്നാലെയാണ് ഹീബ്രു ഭാഷയിലെ ട്വീറ്റ് പങ്കുവയ്ക്കുന്ന അക്കൗണ്ടിന് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, ഇറാനെ സംബന്ധിച്ച് തെറ്റായ കണക്കുകൂട്ടൽ നടത്തുകയാണ് ഇസ്രായേൽ എന്നായിരുന്നു ശനിയാഴ്‌ചത്തെ ആക്രമണത്തിന് ശേഷം ഖമിനേയിയുടെ പ്രതികരണം. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇസ്രായേലിന് ഇതുവരെയും ഇറാനിയൻ ജനതയുടെ ശക്തിയും കഴിവും നിശ്ചയദാർഢ്യവും ഒന്നും മനസിലായിട്ടില്ലെന്നും ഖമേനി ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications