പലസ്തീനെ ഹമാസ് പ്രതിനിധീകരിക്കുന്നില്ലെന്ന് ബ്ലിങ്കന്‍, അക്രമത്തെ അപലപിച്ച് മഹമൂദ് അബ്ബാസ്
ജെറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധം മുറുകുന്നതിനിടെ, പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഹമാസ് പലസ്തീനികളെ പ്രതിനിധീകരിക്കുന്നില്ല. അവരുടെ ന്യായമായ ആഗ്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരല്ല ഹമാസ് എന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. നേരത്തെ ഇസ്രായേലിന് പലതവണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പലസ്തീന്‍ വിഷയത്തില്‍ യുഎസ് മൗനം തുടരുകയായിരുന്നു.
അതേസമയം പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തും. പ്രശ്‌നം കൂടുതല്‍ വഷളാവാതിരിക്കാനുള്ള ശ്രമങ്ങളാണ് യുഎസ് നടത്തുന്നത്. ബ്ലിങ്കന്‍ ഇപ്പോള്‍ ഇസ്രായേലിലാണ് ഉള്ളത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം സംസാരിച്ചു. വെള്ളിയാഴ്ച്ചയാണ് പലസ്തീന്‍ പ്രസിഡന്റിനെ ബ്ലിങ്കന്‍ കാണുക. ഇക്കാര്യം പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അല്‍ ഷെയ്ഖ് സ്ഥിരീകരിച്ചു.

ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രാജാവിനെയും അബ്ബാസ് കാണുന്നുണ്ടെന്ന് അല്‍ ഷെയ്ഖ് ട്വീറ്റ് ചെയ്തു. ഇതിനിടെ പലസ്തീന്‍ പ്രസിഡന്റ് ഹമാസ് നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ തള്ളി. ആദ്യമായിട്ടാണ് ഇക്കാര്യത്തില്‍ അദ്ദേഹം പ്രതികരണം നടത്തുന്നത്. അന്താരാഷ്ട്ര സമൂഹം നേരത്തെ ഈ വിഷയത്തില്‍ അബ്ബാസിനെ വിമര്‍ശിച്ചിരുന്നു. സാധാരണക്കാരെ കൊല്ലുന്നതിനെ ഞങ്ങള്‍ തള്ളിക്കളയുന്നു. ഇത്തരം കാര്യങ്ങള്‍ ഇരുപക്ഷവും നടത്തുന്നത് അന്താരാഷ്ട്ര നിയമത്തിനെതിരാണെന്നും പലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സ്വതന്ത്ര രാഷ്ട്രമെന്ന പലസ്തീന്‍ സങ്കല്‍പ്പത്തിനെ എക്കാലവും ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശ കാര്യ വക്താവ് അരിന്ദം ബഗ്ചിയും പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടേത് ദീര്‍ഘകാലമായുള്ള നയമാണ്. രണ്ട് രാജ്യങ്ങളും തമ്മില്‍ സമാധാനപരമായ ചര്‍ച്ചകളാണ് വേണ്ടത്. അതിലൂടെ സ്വതന്ത്ര രാജ്യമെന്ന പലസ്തീന്റെ അവകാശത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. സുരക്ഷിതമായ അതിര്‍ത്തിക്കുള്ളില്‍ താമസിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും ബഗ്ച്ചി പറഞ്ഞു.
അതേസമയം ഹമാസിനെ ലക്ഷ്യമിട്ട് ആറായിരം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ വ്യോമസേന വ്യക്തമാക്കി. ഗസ മുനമ്പിലാണ് ബോംബിട്ടത്. യുദ്ധവിമാനങ്ങളും, ഹെലികോപ്ടര്‍ ഗണ്‍ഷിപ്പുകളും, വ്യോമസേന വിമാനങ്ങളുമെല്ലാം ഗസ മുനമ്പില്‍ ഇസ്രായേല്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഹമാസിന്റെ അല്‍ അഖ്‌സ ടിവി ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
തുടര്‍ന്ന് സ്‌ക്രീനില്‍ ഗസയിലെ താമസക്കാരായ ജനങ്ങളോട് അവിടെ നിന്ന് പലായനം ചെയ്ത്, സ്വയം സംരക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഹമാസ് ഗസ മുനമ്പിനെ തകര്‍ത്തിരിക്കുകയാണ്. അവരുടെ നേതാക്കള്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. ജനങ്ങള്‍ക്ക് ഇനി സ്വയം രക്ഷ മാത്രമാണ് മുന്നിലുള്ളത്. വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുക. തിരിച്ചടി രൂക്ഷമായിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications