ഗാസയില്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് വെടിനിര്‍ത്തല്‍; ഒന്നും അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു
ഗാസ/ ടെല്‍ അവീവ്: ഒന്നരമാസത്തിന് ശേഷം ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഇന്ന് മുതല്‍ നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. പ്രാദേശിക സമയം രാവിലെ 7 മണിക്ക് വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും വടക്ക്, തെക്ക് ഗാസയില്‍ സമഗ്രമായ വെടിനിര്‍ത്തല്‍ ഉണ്ടായിരിക്കുമെന്ന് ഇരുപക്ഷവുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗാസയിലേക്ക് സഹായം എത്താന്‍ സാധ്യതയുണ്ടെന്നും ബന്ദികളുടെ ആദ്യ സംഘത്തെ പ്രാദേശിക സമയം വൈകിട്ട് 4 മണിയോടെ വിട്ടയക്കുമെന്നും ഖത്തര്‍ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. അടുത്ത നാല് ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കും. ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് പലസ്തീനികളെ മോചിപ്പിക്കുമെന്നും അല്‍ അന്‍സാരി പറഞ്ഞു. ഒരു ദിവസം 12-13 പേരടങ്ങുന്ന സംഘത്തെയാണ് ഹമാസ് വിട്ടയയ്ക്കുക.

ഒരു ദിവസം 200 ട്രക്കുകള്‍ സഹായവുമായി ഗസയിലേക്ക് കടക്കുമെന്ന് ഹമാസ് അറിയിച്ചു. ഇന്ധനം അടക്കമുള്ളവയായിരിക്കും ഇതില്‍ ഉണ്ടായിരിക്കുക. അതേസമയം വെടിനിര്‍ത്തലിന് മണിക്കൂറുകള്‍ക്ക് മുമ്പ് വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് ചുറ്റും ഇസ്രായേലി ജെറ്റുകള്‍ 300 ലധികം ആക്രമണങ്ങള്‍ നടത്തിയതായും സൈന്യം യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
അതിനിടെ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ തലവന്‍ മുഹമ്മദ് അബു സലാമിയയെ ഹമാസ് കമാന്‍ഡ് സെന്റര്‍ ആയി ഉപയോഗിക്കുന്നതിലെ പങ്ക് ചോദ്യം ചെയ്യുന്നതിനായി തങ്ങള്‍ തടവിലാക്കിയതായി ഇസ്രായേല്‍ അറിയിച്ചു. സലാമിയയെയും മറ്റ് ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്തതിനെ ഹമാസ് അപലപിച്ചു. ഗാസ സിറ്റിയിലെ ഇന്തോനേഷ്യന്‍ ആശുപത്രി തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
വെളിച്ചമില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളടക്കം കിടപ്പിലായവരാല്‍ ആശുപത്രി നിറയുന്നതായും ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേലസമയം വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷവും യുദ്ധം തുടരുമെന്നും ഹമാസിന്റെ സൈനിക ശേഷി നശിപ്പിക്കുമെന്നും ഗാസയിലെ 16 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുമെന്നും ഗാസയില്‍ തടവിലാക്കിയ 240 ബന്ദികളെ മോചിപ്പിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഗ്ദാനം ചെയ്തു.
ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരിയും ഇത് ആവര്‍ത്തിച്ചു. ' ഇത് സങ്കീര്‍ണ്ണമായ ദിവസങ്ങളായിരിക്കും, ഒന്നും ഉറപ്പില്ല. ഈ നടപടിക്കിടയില്‍ പോലും മാറ്റങ്ങള്‍ ഉണ്ടായേക്കാം. വടക്കന്‍ ഗാസയുടെ മേലുള്ള നിയന്ത്രണം ഒരു നീണ്ട യുദ്ധത്തിന്റെ ആദ്യപടിയാണ്, ഞങ്ങള്‍ അടുത്ത ഘട്ടങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ്, '' ഡാനിയല്‍ ഹഗാരി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications