ഗാസാ മുനമ്പില്‍ നിന്ന് മിസൈല്‍ വര്‍ഷം, ഹമാസിന്റെ പിഴവ്, യുദ്ധം ജയിക്കുമെന്ന് ഇസ്രയേല്‍ മന്ത്രി
ജറുസലേം: ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഹമാസിന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്. ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിലൂടെ ഹമാസ് വലിയൊരു പിഴവാണ് കാണിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ ഐഡിഎഫ് ട്രൂപ്പുകള്‍ ശത്രുകള്‍ക്കെതിരെ എല്ലായിടത്തും പോരാടുന്നുണ്ട്. ഇസ്രയേല്‍ പൗരന്മാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം. ഈ രാജ്യം യുദ്ധം വിജയിക്കുമെന്നും ഗല്ലാന്റ് ട്വീറ്റ് ചെയ്തു.
അതേസമയം ഗാസാ മുനമ്പില്‍ നിന്ന് തുടരെ മിസൈല്‍ വര്‍ഷിച്ചാണ് ഹമാസ് ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയത്. ഇസ്രയേലുകാരെ ബന്ദിയാക്കാനും ഹമാസ് തുടങ്ങിയിട്ടുണ്ട്. 21 ഇടങ്ങളിലായി സ്‌പെഷ്യല്‍ പോലീസ് സേന പ്രവര്‍ത്തിക്കുന്നതായി ഇസ്രയേല്‍ പോലീസ് ചീഫ് യാക്കോവ് ഷാബ്തായ് പറഞ്ഞു.

ഇസ്രയേലിന്റെ ദക്ഷിണ മേഖല ഒന്നാകെ അടച്ചുപൂട്ടിയിരിക്കുകയാണ്. പുലര്‍ച്ചെ ആറരയോടെ നിരവധി തവണ മിസൈല്‍ ആക്രമണമുണ്ടായത്. മാസങ്ങളോളം നീണ്ട ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ യുദ്ധത്തിലേക്ക് എത്തിയിരിക്കുന്നത്. വെസ്റ്റ്ബാങ്ക് മേഖലയില്‍ ഈ സംഘര്‍ഷം വ്യാപകമായി ബാധിക്കപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ദക്ഷിണ-സെന്‍ട്രല്‍ മേഖലയില്‍ വ്യോമാക്രമണമുണ്ടായിട്ടുണ്ട്.
ഇസ്രയേല്‍ സൈന്യം ജനങ്ങളോട് ബോംബ് ഷെല്‍ട്ടറിന് സമീപത്തേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യോമാക്രമണം നടത്തിയത് തങ്ങളാണെന്ന് ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യായിരത്തോളം മിസൈലുകള്‍ വര്‍ഷിച്ചതായും ഇവര്‍ അവകാശപ്പെട്ടു. ഹമാസ് ഇതിന്റെ പ്രത്യാഘാതകങ്ങള്‍ അനുഭവിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.ഇസ്രയേലിന്റെ ദക്ഷിണ മേഖലയിലുള്ള നഗരങ്ങളിലേക്കാണ് ഹമാസ് എത്തിയത്.
ബൈക്കുകള്‍, എസ്‌യുവികളും, പാരാഗ്ലൈഡര്‍മാരും, ചേര്‍ന്നാണ് നഗരങ്ങളിലേക്ക് എത്തിയത്. ഇസ്രയേലിലെ ജനങ്ങളുടെ നേരെ ഹമാസ് പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇസ്രയേലിന്റെ ദക്ഷിണ നഗരങ്ങളിലുള്ളവര്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഹമാസ് പ്രവര്‍ത്തകര്‍ ഇവിടേക്ക് നുഴഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിലൂടെ സഞ്ചരിക്കുന്ന കാറുകളില്‍ ഉള്ളവര്‍ക്ക് നേരെ ഹമാസ് പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുന്ന വീഡിയോ ഡെറോറ്റ് നഗരത്തിലെ താമസക്കാരന്‍ പങ്കുവെച്ചിട്ടുണ്ട്. ഇയാള്‍ വീടിന്റെ ടെറസില്‍ നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്.
നിരവധി സൈനികരുടെ മൃതദേഹങ്ങള്‍ തെരുവിലൂടെ ഹമാസ് പ്രവര്‍ത്തകര്‍ വലിച്ചിഴക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹമാസ് സൈനികര്‍ ഇതില്‍ ആഘോഷിക്കുന്നതും കാണാം. അതേസമയം ഇസ്രയേല്‍ യുദ്ധത്തിലാണെന്നും, ഇതിന് കനത്ത വില തന്നെ ഹമാസ് നല്‍കേണ്ടി വരുമെന്നും പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ യുദ്ധം നമ്മള്‍ ജയിക്കുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗസാ അതിര്‍ത്തിയില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ കൈയ്യില്‍ പുതപ്പുകളും, ഭക്ഷണ സാധനങ്ങളും കരുതുന്നുണ്ട്.












Click it and Unblock the Notifications