യുഎഇ സഹായിക്കണം: ചൈന കൈവിട്ടതോടെ പാതി വഴിയിലായ സ്വപ്ന പദ്ധതി പൂർത്തീകരിക്കാന്‍ കെനിയ
രാജ്യത്തെ റെയില്‍ വേ പദ്ധതിയുടെ പൂർത്തീകരണത്തിനായി യു എ ഇയുടെ സഹായം തേടി കെനിയ. ധനസഹായം സംബന്ധിച്ച് യു എ ഇയുമായി ചർച്ചകള്‍ ആരംഭിച്ചതായി കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ വ്യക്തമാക്കി. നേരത്തെ ചൈനയുടെ സഹായത്തോടെയായിരുന്നു കെനിയ റെയില്‍വെ പദ്ധതിയുടെ നിർമ്മാണം നടത്തിയിരുന്നത്. എന്നാല്‍ സമീപ വർഷങ്ങളില്‍ ചൈന കെനിയക്കുള്ള സഹായത്തില്‍ വലിയ രീതിയില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തി. ഇതോടെയാണ് കെനിയ യു എ ഇയുടെ സഹായം തേടിയത്.
ചൈനയുടെ ബെൽറ്റ് ആൻ്റ് റോഡ് ഇനീഷ്യേറ്റീവിൻ്റെ ഭാഗമായി കെനിയൻ തുറമുഖമായ മൊംബാസയെ അയൽരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയിലായിരുന്നു റെയില്‍വെ പദ്ധതി ആരംഭിച്ചത്. ചൈനപിന്തുണ പിൻവലിച്ചതോടെ 2019 ൽ ഉഗാണ്ടയുമായുള്ള അതിർത്തിയിൽ നിന്ന് 468 കിലോമീറ്റർ അകലെയുള്ള റിഫ്റ്റ് വാലിയിൽ പദ്ധതി നിലച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പദ്ധതി ഏത് വിധേനയും പുനഃരുജ്ജീവിപ്പക്കാനുള്ള ശ്രമത്തിലാണ് കെനിയ. ഈ സാഹചര്യത്തിലാണ് സഹായം തേടിക്കൊണ്ട് കെനിയന്‍ ഭരണാധികാരി അബുദാബിയില്‍ എത്തിയത്.

"കെനിയയെ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്ന രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റാൻഡേർഡ് ഗേജ് റെയിൽവേ നിർമ്മിക്കുന്നതിനായി യു എ ഇയുമായി ഒരു പങ്കാളിത്ത കരാർ ഞങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് ." അബുദാബിയിൽ യുഎഇ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം റൂട്ടോ സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു.
റെയിൽവേയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട പ്രാദേശിക ഏകീകരണം പ്രോത്സാഹിപ്പിക്കല്‍, വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശേഷി എന്നിവ സംബന്ധിച്ച് ഇരുപക്ഷവും പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അന്തരാഷ്ട്രാ വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും കൂടുതല്‍ പ്രതികരണത്തിന് റൂട്ടോയുടെ ഓഫീസ് തയ്യറായില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
2022 സെപ്റ്റംബറിൽ അധികാരത്തിലെത്തിയ റുട്ടോ യു എ ഇയുമായി അടുത്ത ബന്ധം പുലർത്തുന്ന ഭരണാധികാരിയാണ്. റെയില്‍വേ പദ്ധതിക്ക് പുറമെ ഗള്‍ഫ് രാഷ്ട്രത്തില്‍ നിന്നും മറ്റ് സഹായങ്ങളും കെനിയ പ്രതീക്ഷിക്കുന്നുണ്ട്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയും യു എ ഇയും ചൊവ്വാഴ്ച ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവക്കുകയും ചെയ്തു. തടസ്സങ്ങൾ നീക്കം ചെയ്തും കസ്റ്റംസ് പ്രക്രിയകൾ ലളിതമാക്കിയും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിച്ചും ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാര അളവ് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പിലാക്കിയിരിക്കുന്നത്.
കിഴക്കൻ ആഫ്രിക്കയിലേക്കും ഒരു കവാടമായിരിക്കും കെനിയയെന്ന് യു എ ഇ വാണിജ്യ മന്ത്രി താനി അൽ സെയൂദിയും അഭിപ്രായപ്പെട്ടു. കെനിയയും യുഎഇയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ ദശകത്തിൽ ഇരട്ടിയിലധികം വർധിച്ചതായും കണക്കുകള്‍ പറയുന്നു. കെനിയൻ ഉൽപ്പന്നങ്ങളുടെ ആറാമത്തെ വലിയ കയറ്റുമതി വിപണിയാണ് യു എ ഇ. ഇറക്കുമതിയില്‍ രണ്ടാമത്തെ വലിയ സ്രോതസ്സും.
2023 ൽ വ്യാപാരത്തിൻ്റെ യു എ ഇ - കെനിയ വ്യാപാര മൂല്യം 445 ബില്യൺ ഷില്ലിംഗായിരുന്ന. യു എ ഇ കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോള്‍ കെനിയയിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങളും യന്ത്രങ്ങളും രാസവസ്തുക്കളും യു എ ഇ കയറ്റുമതി ചെയ്യുന്നു. യു എ ഇയുടെ അബുദാബി നാഷണൽ ഓയിൽ കമ്പനിയും എമിറേറ്റ്‌സ് നാഷണൽ ഓയിൽ കമ്പനിയും 2023-ൽ കെനിയയ്ക്ക് ഓപ്പൺ ടെൻഡർ സമ്പ്രദായത്തിൽ നിന്ന് മാറി വായ്പാ വ്യവസ്ഥയിൽ കൂടുതൽ എണ്ണ നൽകുന്നതിനായി തീരമാനിച്ചിരുന്നു.












Click it and Unblock the Notifications