സദ്ദാമിന്റെ അധിനിവേശ കാലത്തെ ആ പ്രശ്നത്തിന് പരിഹാരം കാണാന്‍ കുവൈത്തും ഇറാഖും: ശ്രദ്ധേയ നീക്കം
സദ്ദാം ഹുസൈന്റെ അധിനിവേശത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം ഭൂമി, സമുദ്ര അതിർത്തികൾ സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഇറാഖും കുവൈത്തും. വിഷയത്തില്‍ ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ആദ്യ യോഗം കഴിഞ്ഞ ദിവസം നടന്നു. 1990-ൽ സദ്ദാം ഹുസൈൻ കുവൈത്തിന് നേരെ നടത്തിയ അധിനിവേശം മുതല്‍ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് കുവൈത്തും ഇറാഖും ശ്രമിക്കുന്നത്.
ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈൻ കുവൈറ്റ് വിദേശകാര്യമന്ത്രി സലേം അൽ സബാഹുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. ബാഗ്ദാദില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. "അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്" ഇരു രാജ്യങ്ങളും ഊന്നല്‍ നല്‍കിയതായി ഫുആദ് ഹുസൈൻ യോഗത്തിന് പിന്നാലെ വ്യക്തമാക്കി. അതിർത്തി ചർച്ചകൾ വിവിധ സാങ്കേതിക സമിതികളിലൂടെ തുടരാനും സംയുക്ത എണ്ണപ്പാടങ്ങൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനും ഇരുരാജ്യങ്ങളും ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.

ഓഗസ്റ്റ് 14 ന് ചർച്ചകളുമായി ബന്ധപ്പെട്ട ഒരു നിയമ സമിതിയുടെ യോഗത്തിനും ആതിഥേയത്വം വഹിക്കും, തുടർന്ന് സെപ്തംബർ 10 ന് കുവൈറ്റ് എണ്ണ വകുപ്പ് മന്ത്രി സാദ് അൽ ബറാക്കിന്റെ ഇറാഖ് സന്ദർശനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കുവൈത്തും ഇറാഖും തമ്മിൽ "ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് സമുദ്രാതിർത്തി നിർണയം" പരിഹരിക്കുന്നതിന് "സമ്പൂർണ സമവായം" ഉണ്ടെന്നും അൽ-സബാഹ് വീണ്ടും സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയുടെ കീഴിലുള്ള ഇറാഖ് സർക്കാർ, പ്രാദേശിക സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും മയക്കുമരുന്നിന്റെ ഒഴുക്ക് തടയുന്നതിനുമായി അറബ് ഗൾഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഏറെക്കാലമായി തുടർന്ന് വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുവൈത്തുമായി ഏറെ നാളായി നിലനില്‍ക്കും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്.
1990 ഓഗസ്റ്റിൽ സദ്ദാമിന്റെ സൈന്യം എണ്ണ സമ്പന്നമായ കുവൈറ്റ് രാജ്യം ആക്രമിക്കുകയും വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര സഖ്യം കുവൈത്തിൽ നിന്ന് സദ്ദാമിന്റെ സേനയെ തുരത്തി. അതിനുശേഷം ഇരു രാജ്യങ്ങളും അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കൂടിക്കാഴ്ച നടത്തിയെങ്കിലും വളരെ ചെറിയ പുരോഗതി മാത്രമാണ് ഉണ്ടായത്.
സദ്ദാമിന്റെ കീഴിലുള്ള ഇറാഖ് കുവൈത്ത് ആക്രമിച്ച് വർഷങ്ങൾക്ക് ശേഷം 1993 ൽ ഐക്യരാഷ്ട്രസഭയാണ് അയൽ സംസ്ഥാനങ്ങൾക്കിടയിൽ കര അതിർത്തി സ്ഥാപിച്ചത്. കുവൈത്തിന്റെ കര അതിർത്തി അംഗീകരിക്കാൻ ബാഗ്ദാദിലെ ഉദ്യോഗസ്ഥർ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും സമുദ്രാതിർത്തിയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
കുവൈറ്റ് തീരസംരക്ഷണ സേന ഇറാഖി മത്സ്യത്തൊഴിലാളികളെ പതിവായി തടവിലിടുകയും കുവൈറ്റ് സമുദ്രാതിർത്തിയിൽ "നിയമവിരുദ്ധമായി" പ്രവേശിച്ചതിന് അവരുടെ കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. നേരെ തിരിച്ചുള്ള പ്രവണതയുമുണ്ട്. കുവൈത്ത് മത്സ്യത്തൊഴിലാളികളുടെ പീഡനത്തെക്കുറിച്ച് ഇറാഖി മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുകയും സമുദ്രാതിർത്തികളെ അവർ ബഹുമാനിക്കുന്നില്ലെന്നുമാണ് ആരോപണം.












Click it and Unblock the Notifications