ബുര്‍ജ് ഖലീഫ ചെറുതാകും!! ബുര്‍ജ് മുബാറക് വരുന്നു... ലോകത്തെ ഞെട്ടിക്കാന്‍ വീണ്ടും ഗള്‍ഫ്
കുവൈത്ത് സിറ്റി: ലോകത്തെ അംബര ചുംബികളുടെ നാടാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ഖ്യാതി വര്‍ഷങ്ങളായി ബുര്‍ജ് ഖലീഫക്ക് സ്വന്തമാണ്. ഇതിനെ മറികടക്കുന്ന മറ്റൊരു നിര്‍മിതിക്ക് ഒരു രാജ്യവും തയ്യാറായിട്ടില്ല. ചൈനയും അമേരിക്കയും ബ്രിട്ടനും യൂറോപ്പുമെല്ലാം സാമ്പത്തിക ശ്രേണിയില്‍ മുമ്പന്മാരാണെങ്കിലും അത്ഭുത നിര്‍മിതിയില്‍ എന്നും വേറിട്ട് നിന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തന്നെയാണ്.
സൗദി അറേബ്യയില്‍ ഒരുങ്ങുന്ന നിയോം സിറ്റിയില്‍ വ്യത്യസ്തമായ നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത് എന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. കിലോമീറ്ററിലധികം നീളുന്ന ഇരട്ട കെട്ടിടം വരാനിരിക്കുകയാണ് റിയാദില്‍. ഇതിനിടെയാണ് കുവൈത്തില്‍ നിന്ന് പുതിയ വാര്‍ത്ത. ലോകത്തെ ഏറ്റവും ഉയരുമുള്ള കെട്ടിടം നിര്‍മിക്കാന് കുവൈത്ത് ഒരുങ്ങുകയാണ്. പേര് ബുര്‍ജ് മുബാറക് അല്‍ കബീര്‍.

ബുര്‍ജ് മുബാറകിന്റെ ചെലവ്
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം നിര്‍മിക്കുന്നത് സംബന്ധിച്ച പദ്ധതി കഴിഞ്ഞ ദിവസം കുവൈത്ത് പരസ്യമാക്കി. 25000 കോടി കുവൈത്ത് ദിനാര്‍ ചെലവഴിച്ചാണ് നിര്‍മാണം നടത്തുക. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 66,96,10,09,87,500 ആകും. ലോകത്തെ ഏറ്റവും മൂല്യമുള്ള നാണയമാണ് കുവൈത്ത് ദിനാര്‍. 25000 കോടി കുവൈത്ത് ദിനാര്‍ ചെലവിട്ട് നിര്‍മിക്കുന്ന കെട്ടിടത്തിന് 1001 മീറ്റര്‍ ഉയരമുണ്ടാകും.
1001 മീറ്റര്‍ എന്ന് പറയുമ്പോള്‍ 3284 അടി ഉയരം. ഒരു കിലോമീറ്റര്‍ ഉയരത്തില്‍ കെട്ടിടം പണിയുക എന്നത് സങ്കല്‍പ്പിക്കാന്‍ അല്‍പ്പം പ്രയാസമാകും. കുവൈത്തിലെ സില്‍ക്ക് സിറ്റിയിലാണ് കെട്ടിടം വരുന്നത്. ഇവിടെ മദീനത്തുല്‍ ഹരീര്‍ എന്ന പേരില്‍ വലിയ പ്രൊജക്ട് ജോലികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ബുര്‍ജ് മുബാറക്ക് നിര്‍മിക്കുക.
കുവൈത്ത് സിറ്റിയിലെ സുബിയ ജില്ലയിലാണ് കെട്ടിടം വരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 250 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയിലാണ് സില്‍ക്ക് സിറ്റി പ്രൊജക്ട്. താമസ കേന്ദ്രങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്നതാകും പ്രൊജക്ട്. 7000 പേര്‍ക്ക് ഒരേസമയം താമസിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള 234 നിലയിലാണ് ബുര്‍ജ് മുബാറക് നിര്‍മിക്കുക.
43000 പേര്‍ക്ക് ജോലി; എന്ന് യാഥാര്‍ഥ്യമാകും?
സ്പാനിഷ് ആര്‍കിടെക്ട് സാന്റിയാഗോ കലത്വാരയാണ് ബുര്‍ജ് മുബാറക് രൂപ കല്‍പ്പന ചെയ്യുന്നത്. നിര്‍മാണം പൂര്‍ത്തിയാകാന്‍ 25 വര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗത ഇസ്ലാമിക മിനാരങ്ങളുടെ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഏറ്റവും മുകള്‍ ഭാഗം അല്‍പ്പം ചെരിഞ്ഞ രൂപത്തിലായിരിക്കും. 1001 രാവുകള്‍ എന്ന വിഖ്യാത അറബ് നാടോടികഥകളോടുള്ള ആദരവ് കൂടിയാകും കെട്ടിടം.

ബുര്‍ജ് മുബാറക് വരുന്നതോടെ ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി കുവൈത്ത് സിറ്റി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതുവഴി പുതിയ വരുമാന മാര്‍ഗം കുവൈത്തിന് ലഭിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. കുവൈത്തിന്റെ പ്രധാന വരുമാന മാര്‍ഗം എണ്ണയാണ്. മറ്റു ആദായ മാര്‍ഗങ്ങള്‍ കൂടി കണ്ടെത്തുകയാണ് സില്‍ക്ക് സിറ്റിയിലൂടെ കുവൈത്തിന്റെ ലക്ഷ്യം.
സില്‍ക്ക് പ്രൊജക്ട് യാഥാര്‍ഥ്യമാകുന്നതോടെ 43000 പേര്‍ക്ക് ജോലി ലഭിക്കും. കൂടാതെ വിദേശനിക്ഷേപം കുവൈത്തിലേക്ക് ഒഴുകുകയും ചെയ്യും. ബുര്‍ജ് മുബാറകിന്റെ പ്രഖ്യാപനം വന്നതോടെ ബുര്‍ജ് ഖലീഫ സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ദുബായിലെ ബുര്‍ജ് ഖലീഫക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്. ലോകത്തെ പ്രധാന ആഘോഷങ്ങളെല്ലാം ഇവിടെ വച്ചാണ് നടക്കുന്നത്.












Click it and Unblock the Notifications