ഖത്തർ പ്രതിസന്ധി: കുവൈത്ത് അമീർ സൗദിയിലേയ്ക്ക്, പ്രതിസ്ഥാനത്ത് ട്രംപെന്ന് ഖത്തര്‍
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് സൗദിയിലേയ്ക്ക് പോകുന്നത്
ദോഹ: സൗദിയും ബഹ്റൈനും യുഎഇയും ഉൾപ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതോടെ കുവൈത്ത് അമീർ പ്രശ്ന പരിഹാരത്തിനായി സൗദിയിലേയ്ക്ക് പുറപ്പെടുന്നു. കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് സൗദിയിലേയ്ക്ക് പോകുന്നത്. ഖത്തർ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഖത്തർ പാര്‍ലമെന്‍റ് അംഗങ്ങള്‍ ഭരണ പക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.
ഗള്‍ഫ് രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന തുര്‍ക്കിയാണ് ആദ്യം ഇതേ ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയത്. ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് എല്ലാ രാഷ്ട്രങ്ങളും തയ്യാറാകണമെന്നാണ് തുർക്കിയുടെ അഭ്യർത്ഥന. ഇതിന് പുറമേ തുർക്കിയും മധ്യസ്ഥ ശ്രമത്തിന് ചുക്കാൻ പിടിക്കാൻ രംഗത്തെത്തിയിരുന്നു.

ഖത്തർ അമീർ മാധ്യമങ്ങളോട്
ഗൾഫ് മേഖലയിലെ സുപ്രധാന രാഷ്ട്രങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചതോടെ പ്രതിസന്ധിയുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍ത്താനി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഖത്തറില്‍ പ്രതിസന്ധിയുണ്ടെങ്കിലും ഭക്ഷ്യക്ഷാമമില്ലെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങളെ തുടർന്ന് ഖത്തറിലേയ്ക്കുള്ള പഞ്ചസാര കയറ്റുമതി യുഎഇയും സൗദിയും നിർത്തിവച്ചിരുന്നു.

എല്ലാം പുതിയ ആരോപണങ്ങള്‍
റിയാദിൽ നടന്ന അമേരിക്കൻ- ഇസ്ലാമിക് അറബ് ഉച്ചകോടിയിലോ ജിസിസിയിലോ ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഇപ്പോൾ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ടങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അല്‍താനി ചൂണ്ടിക്കാണിക്കുന്നു. ജിസിസി രാജ്യങ്ങള്‍ ചേർന്ന് മറ്റൊരു അംഗരാജ്യത്തെ ഒറ്റപ്പെടുത്തുന്ന നടപടി അത്ഭുതകരമാണെന്നും വിദേശകാര്യ മന്ത്രി പറയുന്നു.

ട്രംപിന്‍റെ സൗദി സന്ദർശനം
ട്രംപിന്‍റെ സൗദി സന്ദർശനമാണ് ഗൾഫ് മേഖലയിൽ ഇപ്പോഴുള്ള പ്രതിസന്ധികൾക്കിടയാക്കിയതെന്നാണ് ഖത്തർ ഉന്നയിക്കുന്ന ആരോപണം. ഖത്തറിന്‍റെ നടപടികൾ അയല്‍ രാജ്യങ്ങളെ മാത്രമല്ല യുഎസിനേയും അസ്വസ്ഥപ്പെടുത്തുന്നുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഭിന്നത പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇതിനായുള്ള ശ്രമങ്ങൾ നടത്തുമെന്നും അമേരിക്കൻ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഖത്തറിൽ ഭക്ഷ്യ ക്ഷാമം!!
സൗദിയും ബഹ്റൈനും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ച നടപടിയിൽ ആശങ്കപ്പെടാനില്ലെന്നാണ് ഖത്തർ മന്ത്രിസഭ വ്യക്തമാക്കിയത്. അയൽരാജ്യമായ സൗദി പ്രശ്നത്തെ തുടര്‍ന്ന് അതിര്‍ത്തി അടച്ചിട്ടുവെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. എന്നാൽ പാല്‍, മുട്ട, പഞ്ചസാര എന്നിങ്ങനെയുള്ള വസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്നതിനായി ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്ത്യയും ശ്രീലങ്കയും തുണയ്ക്കും
ഖത്തർ പ്രതിസന്ധിയെ തുടർന്ന് ആവശ്യമായ സാധനങ്ങള്‍ ഖത്തറിലുണ്ടെന്നും മുൻകരുതലെന്നോണം ഇന്ത്യ, ഇറാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നായി ആവശ്യത്തിനനുസരിച്ച് ഭക്ഷ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുമെന്നും ഖത്തർ അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ 12 മണിക്കൂറിനുള്ളിൽ ഖത്തറിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

പഞ്ചസാരയ്ക്ക് ക്ഷാമം
ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഖത്തറിലേയക്കുള്ള പഞ്ചസാര കയറ്റുമതി യുഎസഇയും സൗദിയും നിർത്തി വയ്ക്കുകയായിരുന്നു.

കുവൈത്ത് മദ്യസ്ഥ ശ്രമം
ഗൾഫ് മേഖലയെ തന്നെ ബാധിക്കുന്ന ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് ഇടപെടണമെന്നാണ് കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങൾ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. പ്രകോപനമുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കരുതെന്ന് ഖത്തർ അമീറുമായി സംസാരിച്ച കുവൈത്ത് അമീർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഖത്തര്‍-ഇറാന്‍ബന്ധം
മേഖലയിലെ നമ്പര്‍ വണ്‍ സാമ്പത്തിക ശക്തിയാകാനുള്ള ഖത്തറിന്റെ നീക്കങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണമായത്. ഇറാനുമായും ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുമായും കൈകോര്‍ത്തുകൊണ്ടുള്ള നീക്കമാണ് ഖത്തര്‍ നടത്തുന്നത്.

ഖത്തറിന്റെ തന്ത്രപരമായ സ്ഥാനം
ഇറാനുമായി ഖത്തര്‍ കൈകോര്‍ക്കുന്നത് മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തും. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കമാന്റും ഖത്തറിലാണ്. ഇറാനും ഖത്തറും കൈകോര്‍ത്ത് ഒരു നീക്കം നടത്തുമ്പോള്‍ അമേരിക്കയും അതിനെ ആശങ്കയോടെയാണ് കാണുന്നത്.
ഖത്തറും ബഹ്‌റൈനും ഇറാനുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. ഖത്തറും ബഹ്‌റൈനും റോഡ്മൂലം ബന്ധിപ്പിച്ചിട്ടുമുണ്ട്.

ഇറാനും താത്പര്യങ്ങളുണ്ട്
ഖത്തറിനൊപ്പം കുവൈത്തിനെയും കൂടെ കൂട്ടിയാല്‍ വര്‍ഷങ്ങളായുള്ള ഒറ്റപ്പെടലില്‍ നിന്നും ഇറാന് ഒരു പരിധിവരെ മോചനം കിട്ടും. ഇറാനിലെ എണ്ണ സന്പത്തും വാതക പൈപ്പ് ലൈനുകളും അതുമായി ബന്ധപ്പെട്ട കയറ്റുമതികളും ഖത്തറിന് മുന്നില്‍ തുറന്നുവെയ്ക്കുന്നത് ഒരു പുതിയ ലോകം തന്നെയാണ്.












Click it and Unblock the Notifications