ഖത്തറിനെതിരായ ഉപരോധത്തിനെതിരേ ഫ്രാന്‍സും; ട്രംപ് ശെയ്ഖ് തമീമിനെ കാണും

  • Posted By:
Subscribe to Oneindia Malayalam

പാരിസ്: ഖത്തറിനെതിരേ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള നാല് അറബ് രാജ്യങ്ങള്‍ ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധം നീക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഖത്തറിനെതിരായ ഉപരോധ നടപടികള്‍ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് കുടുംബങ്ങളെയും വിദ്യാര്‍ഥികളെയും, ഏറെ ദോഷകരമായി ബാധിച്ചിരിക്കുന്നതിനാല്‍ എത്രയും വേഗം അത് എടുത്തുകളയാന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവാദത്തിനെതിരായ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ശക്തികുറയ്ക്കുകയും പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയില്‍ മേഖലയുടെ സുസ്ഥിരതയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രതിസന്ധിയില്‍ അദ്ദേഹം ഉല്‍കണ്ഠ രേഖപ്പെടുത്തി.

emanuelmacron

ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍ ആരോപണം ഖത്തര്‍ ശക്തമായി നിഷേധിച്ചു.

ഖത്തറിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുകയും കടല്‍-വ്യോമ യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തതോടെ വിദ്യാര്‍ഥികളടക്കമുള്ള നിരവധി പേര്‍ രാജ്യത്തിനകത്തേക്കോ പുറത്തേക്കോ പോവാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഖത്തര്‍ ഉപരോധത്തിനെതിരായ അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷമായിരുന്നു ഖത്തര്‍ അമീര്‍ ഫ്രാന്‍സിലെത്തിയത്.

അതിനിടെ, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീമുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ന്യുയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ചയെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തര്‍ പ്രശ്‌നത്തില്‍ താന്‍ നേരിട്ട് മധ്യസ്ഥത വഹിക്കാന്‍ ഒരുക്കമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
French President Emmanuel Macron has urged the lifting of a Saudi-led embargo on Qatar in effect since June. Macron is calling for

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്