നരേന്ദ്ര മോദി കരുത്തുറ്റ ലോകനേതാവ്, ഇന്ത്യ ഇടപെടണം; അഭ്യർത്ഥിച്ച് യുക്രൈൻ
ദില്ലി; യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ. വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യയുടെ ശക്തമായ ആവശ്യം പുടിനെ ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും , പൊലിഖ പറഞ്ഞു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നാണ്. ഇന്ത്യയുടെ ഈ നിലപാടിൽ ഞങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? 50 പേർ യുക്രൈനിൽ കൊല്ലപ്പെട്ടു. ആയിരങ്ങൾ കൊല്ലപ്പെട്ടാൽ എന്താണ് നടക്കുക? അപ്പോഴും കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുമോ?, പൊലിഖ ചോദിച്ചു.
ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സർക്കാരിന്റെ കൂടുതൽ അനുകൂലമായ സമീപനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് സത്യത്തിന്റെ നിമിഷമാണ്. ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങൾ കാത്തിരിക്കുകയാണ്,അദ്ദേഹം പറഞ്ഞു. റഷ്യയുമായി ഇന്ത്യയ്ക്ക് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ കൂടുതൽ സജീവമായി ഇടപെടുമെന്ന് ഉക്രെയ്ൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ശക്തനും ബഹുമാനിക്കപ്പെടുന്നതുമായ ലോക നേതാക്കളിൽ ഒരാളാണ്.എത്ര നേതാക്കൾ പറയുന്നത് പുടിൻ കേൾക്കുമെന്ന് എനിക്കറിയില്ല. എന്നാൽ മോദിജിയുടെ കാര്യത്തിൽ തനിക്ക് പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം പുടിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും, പൊലിഖ പറഞ്ഞു.
ഇന്ന് രാവിലെയാണ് യുക്രൈനിൽ സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഉത്തരവിട്ടത്. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു പുടിന്റെ മുന്നറിയിപ്പ്.
ഇന്ത്യൻ എംബിസി പ്രവർത്തന സജ്ജം
Recommended Video
കീവിലെ ഇന്ത്യൻ എംബസി മുഴുവൻ സമയവും പ്രവർത്തനസജ്ജമാണെന്ന് ഉക്രെയ്നിലെ ഇന്ത്യൻ സ്ഥാനപതി പാർഥ സത്പതി അറിയിച്ചു.. വ്യോമപാതയും മറ്റ് ഗതാഗത മാർഗങ്ങളും അടച്ചത് വെല്ലുവിളിയാണ്. യാത്ര പുറപ്പെട്ടെങ്കിൽ തൽക്കാലം താമസസ്ഥലത്തേക്ക് മടങ്ങണം എന്നഭ്യർഥിക്കുന്നു. കീവിൽ ഒറ്റപ്പെട്ടവർ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ഇന്ത്യൻ സമൂഹത്തെയോ എംബസിയെയോ ബന്ധപ്പെടണം. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരും വിദേശകാര്യ മന്ത്രാലയവും പ്രതിജ്ഞാബദ്ധമാണ്. മറ്റ് രാജ്യങ്ങൾ വഴിയോ പടിഞ്ഞാറൻ ഉക്രെയ്ൻ വഴിയോ രക്ഷാദൗത്യം സാധ്യമാകുമോയെന്ന് പരിശോധിക്കുകയാണ്. പക്ഷേ അനിശ്ചിതാവസ്ഥയുടെ ഈ സമയത്ത് എല്ലാവരും ശാന്തരായി സുരക്ഷിത സ്ഥാനങ്ങളിൽ തുടരേണ്ടതാണ്, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications