നാസയുടെ പെഴ്‌സിവീയറന്‍സ് ചൊവ്വയില്‍ ഇറങ്ങി, ആദ്യ ചിത്രമയച്ചു, ജീവന്റെ തെളിവുകള്‍ അന്വേഷിക്കും!!
വാഷിംഗ്ടണ്‍: ശാസ്ത്രപ്രേമികളെ മുഴുവന്‍ ആകാംക്ഷയില്‍ നിര്‍ത്തി നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്‌സീവിയറന്‍സ് ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍സമയം ഇന്ന് പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത്. ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സീവിയറന്‍സ്. നാസയുടെ ഏറ്റവും അത്യാധുനിക സംവിധാനങ്ങളാണ് പെഴ്‌സീവിയറന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തിലാണ് പെഴ്‌സീവിയറന്‍സ് ലാന്‍ഡ് ചെയ്തതെന്ന് നാസ വ്യക്തമാക്കി. ഭൂമിയിലേക്ക് ആദ്യം ചിത്രവുമയച്ചു. ആറര മാസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് റോവല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയത്. ആള്‍റ്റിട്യൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യാണ് പെഴ്‌സീവിയറന്‍സിനെ ചൊവ്വയിലെ കൃത്യമായ സ്ഥലത്ത് ഇറക്കാന്‍ സഹായിച്ചത്. ഇന്ത്യന്‍ വംശജയടക്കം ഇത് വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്നു.
ഏകദേശം 472 മില്യണ്‍ കിലോമീറ്ററോളം പെഴ്‌സീവിയറന്‍സ് സഞ്ചരിച്ചിട്ടുണ്ടെന്ന് നാസ വ്യക്തമാക്കി. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 19500 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് നിയന്ത്രിച്ച് വേഗത മന്ദഗതിയിലാക്കുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയത്. 2020 ജൂലായ് 30നാണ് പെഴ്‌സീവിയറന്‍സ് വിക്ഷേപിച്ചത്. 270 കോടി യുഎസ് ഡോളര്‍ ചെലവിട്ടാണ് ഇത് നിര്‍മിച്ചത്. ഇത് ലാന്‍ഡ് ചെയ്യുന്ന നിമിഷത്തെ ഏഴ് മിനുട്ട് നേരത്തെ ഉദ്വേഗജനകമായ മിനുട്ടുകള്‍ എന്നാണ് നാസ വിശേഷിപ്പിച്ചത്. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ലാന്‍ഡിംഗ്.
പുതിയൊരു ദശാബ്ദത്തിന്റെ തുടക്കമാണ് ഇതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സര്‍ബച്ചന്‍ പറഞ്ഞു. മൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ വാസയോഗ്യമായ അന്തരീക്ഷം ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകം കരുതുന്നത്. കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയും ഈര്‍പ്പമടങ്ങിയതും ആയ സാഹചര്യം ചൊവ്വയില്‍ ഉണ്ടായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇത് കണ്ടെത്തുകയാണ് പെഴ്‌സീവിയറന്‍സിന്റെ ലക്ഷ്യം. ചൊവ്വയിലെ പാറകല്ലുകളില്‍ നിന്ന് അത്തരം സാമ്പിളുകളും പെഴ്‌സീവിയറന്‍സ് ശേഖരിക്കും.