നേപ്പാളില്‍ വീണ്ടും സംഘർഷം: വ്യാഴാഴ്ച വൈകിട്ട് 8 മണി വരെ കർഫ്യൂ
കാഠ്മണ്ഡു: രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂ വ്യാഴാഴ്ച വൈകിട്ട് 8 വരെ നീട്ടി നേപ്പാളിലെ താത്ക്കാലിക ഭരണകൂടം. ബറാ ജില്ലയിൽ ജെൻ Z പ്രസ്ഥാനവുമായി ബന്ധപ്പെട്ട യുവാക്കളും മുൻ ഭരണകക്ഷിയായ സി.പി.എൻ-യു.എം.എൽ. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷ സാഹചര്യത്തിലാണ് കർഫ്യൂനീട്ടിയത്. സിമറയിൽ ഇരുകൂട്ടരും സമാന്തര റാലികൾ നടത്തിയതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സുരക്ഷാ സേന ഇടപെട്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും പ്രധാന പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
"സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ആർക്കും ഗുരുതര പരിക്കില്ല," നേപ്പാൾ പൊലീസ് വക്താവ് അബി നാരായൺ കഫ്‌ലെയെ ഉദ്ധരിച്ച് ദ ന്യൂഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 8-9 തീയതികളിൽ നടന്ന യുവജന-നേതൃത്വത്തിലുള്ള "ജെൻ Z കലാപം" കെ.പി. ശർമ ഒലി സർക്കാരിനെ അട്ടിമറിച്ച് രണ്ട് മാസം പോലും തികയുന്നതിന് മുമ്പാണ് പുതിയ സംഘർഷം. സോഷ്യൽ മീഡിയ താൽക്കാലിക നിരോധനത്തിൽ തുടങ്ങിയ പ്രക്ഷോഭം സാമ്പത്തിക മുരടിപ്പിനും അഴിമതിക്കുമെതിരായ വന്‍ പ്രതിഷേധമായി മാറുകയായിരുന്നു.

ആ ദിവസങ്ങളിലെ അക്രമസംഭവങ്ങളിൽ 76 പേർ കൊല്ലപ്പെട്ടു. പാർലമെന്റ്, സുപ്രീം കോടതി തുടങ്ങിയ സുപ്രധാന സർക്കാർ കെട്ടിടങ്ങൾക്ക് പ്രക്ഷോഭകാരികള്‍ തീ വെക്കുകയും ചെയ്തു. ഒലിയുടെ പതനത്തിന് ശേഷം താൽക്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്റ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി (73) രാഷ്ട്രീയക്കാർക്ക് "അനാവശ്യ പ്രകോപനം" ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 5-ന് നിശ്ചയിച്ച ദേശീയ തെരഞ്ഞെടുപ്പിന് മുമ്പ് ജനാധിപത്യ പ്രക്രിയയെ മാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"സമാധാനവും ക്രമവും നിലനിർത്താൻ ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജൻസികൾക്കും പരമാവധി സംയമനത്തോടെ പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സുരക്ഷിത സഞ്ചാരവും നീതിയുക്തവും ഭയരഹിതവുമായ തെരഞ്ഞെടുപ്പ് അന്തരീക്ഷവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം," കാർക്കി പറഞ്ഞു.
അതേസമയം സെപ്റ്റംബർ 8-ന് ജെൻ Z പ്രക്ഷോഭത്തിനെതിരെ നേപ്പാൾ സുരക്ഷാ സേന അമിതവും നിയമവിരുദ്ധവുമായ ബലം പ്രയോഗിച്ചെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) ആരോപിച്ചു. കാഠ്മണ്ഡുവിൽ മാത്രം 17 പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. സാക്ഷിമൊഴികളും വീഡിയോ ദൃശ്യങ്ങളും അനുസരിച്ച് ജീവന് അപകടം നേരിട്ടതിന്റെ തെളിവുകളൊന്നും ഇല്ലായിരുന്നു. കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് ജനക്കൂട്ടത്തെ ചിതറിച്ച ശേഷവും വെടിവയ്പ് തുടർന്നു.
കസ്റ്റഡിയിലുള്ള ഡസൻ കണക്കിന് യുവാക്കളെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് മർദിച്ചെന്നും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 9-ന് പ്രക്ഷോഭകർ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും പാർലമെന്റും സുപ്രീം കോടതിയും തീവയ്ക്കുകയും ചെയ്തപ്പോൾ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. 76 മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്.
പൊതുജനരോഷവും രാഷ്ട്രീയ ഛിന്നഭിന്നതയും സ്ഥാപനങ്ങളോടുള്ള അവിശ്വാസവും നിറഞ്ഞ ഈ അസ്ഥിര ഘട്ടത്തിലൂടെ ഹിമാലയൻ രാജ്യത്തെ നയിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് ഇപ്പോൾ സുശീല കാർക്കിക്ക് മുന്നിലുള്ളത്.












Click it and Unblock the Notifications