കുര്‍ദ് ഹിതപ്പരിശോധനയ്ക്ക് നെതന്യാഹുവിന്റെ പിന്തുണ; അനുകൂലിക്കുന്ന ആദ്യ രാജ്യമായി ഇസ്രായേല്‍

  • Posted By:
Subscribe to Oneindia Malayalam

ജെറൂസലേം: സപ്തംബര്‍ 25ന് നടക്കാനിരിക്കുന്ന കുര്‍ദ് സ്വാതന്ത്ര്യ ഹിതപ്പരിശോധനയ്ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ഒരു സ്വതന്ത്രരാജ്യം രൂപീകരിക്കാനുള്ള കുര്‍ദുകളുടെ അവകാശത്തെ താന്‍ അംഗീകരിക്കുന്നതായി നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഭീകരസംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര കുര്‍ദിസ്താനെ ഔദ്യോഗികമായി പിന്തുണക്കുന്ന ആദ്യ രാജ്യമായി ഇതോടെ ഇസ്രായേല്‍ മാറി.

എപ്പോഴും കുര്‍ദുകള്‍ക്കനുകൂലമായ സമീപനമായിരുന്നു ഇസ്രായേലിന്റേത്. ഇറാന്‍, ഇറാഖ്, തുര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന കുര്‍ദ് ജനതയെ ഈ സര്‍ക്കാരുകള്‍ക്കെതിരേ ഉപയോഗിക്കാനുള്ള ആയുധമായാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. കുര്‍ദിസ്താന്‍ സ്വതന്ത്ര രാഷ്ട്രമാവുന്നതോടെ അയല്‍ രാജ്യങ്ങളുടെ ശത്രുപട്ടികയിലാവുന്ന ഈ രാജ്യവുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് അവസരം കൈവരുമെന്നാണ് ഇസ്രായേലിന്റെ ഉള്ളിലിരിപ്പ്.

netanyahu

ഇറാഖിന്റെ കീഴിലുള്ള അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ സപ്തംബര്‍ 25ന് നടത്താനിരിക്കുന്ന സ്വാതന്ത്ര്യ ഹിതപ്പരിശോധനയെ എതിര്‍ത്തുകൊണ്ട് ഇറാഖ് പാര്‍ലമെന്റ് വോട്ട് ചെയ്തിരുന്നുവെങ്കിലും അതുമായി മുന്നോട്ടു പോവുമെന്ന് കുര്‍ദ് നേതാവും കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവമെന്റിന്റെ പ്രസിഡന്റുമായ മസൂദ് ബര്‍സാനി പ്രഖ്യാപിച്ചിരുന്നു. ഇറാഖിന്റെ ഭാഗവും എണ്ണ സമ്പന്നവുമായ കിര്‍ക്കുക്കിന് സ്വതന്ത്ര കുര്‍ദിസ്താനില്‍ പ്രത്യേക പദവി നല്‍കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു.

അതേസമയം, കുര്‍ദ് ജനസംഖ്യയുള്ള മേഖലയിലെ അയല്‍ രാജ്യങ്ങളായ ഇറാന്‍, തുര്‍ക്കി, സിറിയ എന്നിവയും ഹിതപ്പരിശോധനയ്‌ക്കെതിരാണ്. കുര്‍ദ് പ്രദേശം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതോടെ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാവുമെന്നാണ് അവരുടെ പക്ഷം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Israel’s leader says the country supports Kurdish independence ahead of a key referendum on the matter

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്