ഷാര്‍ജ ടാക്‌സികള്‍ ഇനി മണിക്കൂറില്‍ 120കിലോമീറ്ററിനു മുകളില്‍ പറക്കില്ല
ഷാര്‍ജ: ഷാര്‍ജ നഗരത്തിലെ ടാക്‌സി സര്‍വ്വീസുകള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുകയാണ് ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിലവില്‍ നിരത്തിലോടുന്ന 767 ടാക്‌സികളിലാണ് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇതില്‍ 548 ടാക്‌സികള്‍ ഈ വര്‍ഷത്തില്‍ ഓടി തുടങ്ങും. ടാക്‌സികളുടെ പുതുകലിനായി 42,750,000 ദിര്‍ഹമാണ് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചിലവഴിക്കുന്നത്.
ആധുനിക സംവിധാനങ്ങളോടെ നിരത്തിലിറങ്ങുന്ന ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡ് ഉണ്ടാക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടാക്‌സിയുടെ പുറം ഭാഗവും ഉള്‍ഭാഗവും യാത്രക്കാരുടെ സുരക്ഷയെ കണക്കിലെടുത്താണ് സജ്ജമാക്കിയിട്ടുള്ളത്.

ഈ വര്‍ഷത്തില്‍ പുറത്തിറക്കാന്‍ കഴിയാത്ത ടാക്‌സികള്‍ അടുത്ത വര്‍ഷത്തില്‍ തന്നെ ഓടി തുടങ്ങും. നാലു വര്‍ഷം കൂടുമ്പോള്‍ ടാക്‌സികള്‍ പുതുകണമെന്നത് അതോറിറ്റിയുടെ നിയമമാണ്. ഷാര്‍ജയില്‍ വര്‍ധിച്ചു വരുന്ന ടാക്‌സിയുടെ ആവശ്യകത പരിഹരിക്കുക മാത്രമല്ല, യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും സന്തോഷകരവുമായ യാത്രയാണ് അതോറിറ്റിയുടെ ലക്ഷ്യമെന്ന് ഡയറക്ടര്‍ അബ്ദുള്‍ അസീസ് മുഹമദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തില്‍ 11.8 മില്യണ്‍ ആളുകള്‍ ബസ്സ് യാത്ര തിരഞ്ഞെടുത്തപ്പോള്‍ 16.2 മില്യണ്‍ ആളുകളാണ് ടാക്‌സി സര്‍വ്വീസുകള്‍ തിരഞ്ഞെടുത്തത്. എല്ലാ നാലു വര്‍ഷം കൂടുമ്പോഴും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അതോറിറ്റി മുന്നിട്ടു നില്‍ക്കുകയാണ്.












Click it and Unblock the Notifications