റഷ്യ-യുക്രൈന് യുദ്ധത്തില്‍ ആരും വിജയി അല്ലെന്ന് പ്രധാനമന്ത്രി, 'ഇന്ത്യ പിന്തുണയ്ക്കുന്നത് സമാധാനത്തെ'
ദില്ലി: റഷ്യ-യുക്രൈന് യുദ്ധത്തില്‍ ആരും വിജയി അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ ബെര്‍ലിനില്‍ ജര്‍മനിയുടെ ചാന്‍സലര്‍ ഒലാഫ് സ്കോളസുമായുളള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യ സമാധാനത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി യുദ്ധം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.
യുക്രൈന് പ്രതിസന്ധിയുടെ തുടക്കം മുതല്ക്കേ തന്നെ വെടി നിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കും വേണ്ടിയാണ് ഇന്ത്യ ആഹ്വാനം ചെയ്തത് എന്നും പ്രശ്നപരിഹാരത്തിന് അതാണ് ഏക വഴിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ യുദ്ധത്തില്‍ ആരും വിജയി അല്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. എല്ലാവരും പരാജിതരാണ്. അതുകൊണ്ടാണ് തങ്ങള്‍ സമാധാനത്തിനൊപ്പം നിലകൊളളുന്നത് എന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
യുദ്ധം യുക്രൈന് ജനതയ്ക്ക് മേലുണ്ടാക്കിയ ദുരിതങ്ങള്‍ കൂടാതെ എണ്ണ വിലയിലും ആഗോള ഭക്ഷ്യ വിതരണത്തിലും സൃഷ്ടിച്ച പ്രശ്നങ്ങള്‍ ലോകത്തെ ഓരോ കുടുംബത്തിനേയും ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാ്ത്തലത്തില് റഷ്യന്‍ നിലപാടിനെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
അതേസമയം ജര്‍മന്‍ ചാന്‍സലര്‍ സ്കോള്‍സ് റഷ്യയ്ക്കെതിരെ തുറന്നടിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ പോലും അട്ടിമറിക്കുകയാണ് യുക്രൈനെ ആക്രമിക്കുന്നതിലൂടെ റഷ്യ ചെയ്തത് എന്ന് ജര്‍മന്‍ ചാന്‍സലര്‍ കുറ്റപ്പെടുത്തി. രാജ്യങ്ങളുടെ അതിര്‍ത്തികളും പരമാധികാരവും ചോദ്യം ചെയ്യപ്പെടരുത് എന്നുളള നിലപാടില്‍ നരേന്ദ്ര മോദിയും താനും ഒരുമിച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു നല്ല ഭാവിക്ക് വേണ്ടിയുളള കാര്യങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ആഴത്തില്‍ ചര്‍ച്ച നടത്തി. അത് രാജ്യങ്ങള്‍ പരസ്പരം പോരടിച്ച് കൊണ്ടല്ല, മറിച്ച് ഒരുമിച്ച് മികച്ച സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കിക്കൊണ്ടാവണം എന്നും ജര്‍മന്‍ ചാന്‍സലര്‍ കൂ്ട്ടിച്ചേര്‍ത്തു.
'ദിലീപിന്റെ വിഷയത്തില്‍ സംഭവിച്ചത് അതാണ്, അമ്മയിൽ ഉറച്ച് നിൽക്കുന്നു', രാജിയില്ലെന്ന് മാലാ പാർവ്വതി