വീണ്ടും ഉത്തര കൊറിയ; പുതിയ മിസൈല്‍ പരീക്ഷിച്ചു, അമേരിക്കയ്ക്ക് ഞെട്ടല്‍!! വഴിയൊരുങ്ങി..
സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉത്തര കൊറിയ അറിയിച്ചു.
പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. 700 കിലോമീറ്റര്‍ ദൂരം പിന്നിട്ട മിസൈല്‍ കടലില്‍ വീണു. അമേരിക്കയും ദക്ഷിണ കൊറിയയുമാണ് ഞായറാഴ്ച ഉത്തര കൊറിയ പരീക്ഷണം നടത്തിയെന്ന് അറിയിച്ചത്.
എന്നാല്‍ ഏത് തരം മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമല്ല. പ്രാദേശിക സമയം പുലര്‍ച്ചെ 4.27നായിരുന്നു പരീക്ഷണം. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിന് വടക്കുള്ള കുസോങ് തീരത്തായിരുന്നു പരീക്ഷണം.

തൊടുത്തുവിട്ട ശേഷം 30 മിനുറ്റ് കഴിഞ്ഞാണ് മിസൈല്‍ ജപ്പാന്‍ കടലില്‍ വീണത്. ഇക്കാര്യം ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂഖണ്ഡാന്തര മിസൈല്‍ അല്ല ഇതെന്നാണ് കരുതുന്നത്. പരീക്ഷണം വിജയകരമായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

അമേരിക്കയും ദക്ഷിണ കൊറിയയും ഇതുസംബന്ധിച്ച് പരിശോധിക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങള്‍ വച്ച് പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് കരുതുന്നതെന്ന് അമേരിക്കയുടെ പസഫിക് കമാന്റ് അറിയിച്ചു.

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിഷേധം അറിയിച്ചു. ഉത്തര കൊറിയയുടെത് പ്രകോപനപരമായ നീക്കമാണെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് മാധ്യമ വക്താവ് അറിയിച്ചു. റഷ്യയ്ക്കും ഉത്തര കൊറിയയുടെ നടപടിയില്‍ അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര കൊറിയയുടെ മിസൈല്‍ പതിച്ചത് റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാന്‍ കടലില്‍ റഷ്യയോട് ചേര്‍ന്ന പ്രദേശത്താണ് മിസൈല്‍ വീണതെന്ന് അമേരിക്ക പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് റഷ്യയോ ഉത്തര കൊറിയയോ പ്രതികരിച്ചിട്ടില്ല.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ചിട്ടുണ്ട്. പുതിയ പ്രസിഡന്റ് മൂണ്‍ ജി ഇന്‍ ആണ് യോഗം വിളിച്ചത്. മിസൈല്‍ 700 കിലോമീറ്റര്‍ ദൂരം പിന്നിട്ട ശേഷമാണ് കടലില്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ഉത്തര കൊറിയയുടെ ഏത് സൈനിക ഭീഷണിയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഈ വര്‍ഷം നിരവധി മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് പരീക്ഷിച്ച മിസൈല്‍ പൊട്ടിത്തെറിച്ചിരുന്നു.

ഉത്തര കൊറിയയെ സൈനികമായി നേരിടുമെന്ന് പ്രഖ്യാപിച്ച് അമേരിക്കയും ദക്ഷിണ കൊറിയയും തയ്യാറെടുത്തതിനെ തുടര്‍ന്ന് മേഖല യുദ്ധ ഭീഷണിയിലായിരുന്നു. അമേരിക്കക്ക് ജപ്പാനും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്ക ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിച്ചിരുന്നു.

അതേസമയം, സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉത്തര കൊറിയ അറിയിച്ചു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമാണ് കഴിഞ്ഞ ദിവസം നടത്തിയത്.












Click it and Unblock the Notifications