സൗദി അറേബ്യ പിന്നില്‍; ഇപ്പോള്‍ ഇന്ത്യയാണ് താരം... നരേന്ദ്ര മോദിയുടേത് കൈവിട്ട കളി
ന്യൂഡല്‍ഹി: ലോകത്ത് എണ്ണ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് എന്ത് റോള്‍ എന്ന് ചോദിച്ചാല്‍ കുറച്ച് കാലം മുമ്പ് വരെ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാലം മാറി. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് ഇന്ത്യ. കയറ്റുമതിക്കാരുടെ ഗണത്തിലേക്ക് ഇന്ത്യയും എത്തിയിരിക്കുന്നു. ഇന്ത്യയുടെ എണ്ണ ആശ്രയിച്ചാണ് യൂറോപ്പ് പോലും നീങ്ങുന്നത് എന്ന് കൂടെ അറിഞ്ഞാല്‍ വളരെ വ്യത്യസ്തമാകും.
എണ്ണ രാജ്യങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് വരിക ഗള്‍ഫ് രാഷ്ട്രങ്ങളാണ്. സൗദിയും യുഎഇയും കുവൈത്തുമെല്ലാം അടങ്ങുന്ന എണ്ണ കുഴിച്ചെടുക്കുന്ന രാജ്യങ്ങള്‍. എന്നാല്‍ അസംസ്‌കൃത എണ്ണ വന്‍തോതില്‍ വില്‍ക്കുന്ന റഷ്യയും അമേരിക്കയുമെല്ലാം മറുഭാഗത്തുണ്ട്. ഇതിനിടെയാണ് ഇന്ത്യയുടെ രണ്ടും കല്‍പ്പിച്ചുള്ള കളി.

യൂറോപ്പിലേക്ക് സംസ്‌കരിച്ച ഇന്ധനം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഏപ്രില്‍ മാസത്തിലെ കണക്കാണിത്. ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കമ്പനിയായ കെപ്ലര്‍ പുറത്തുവിട്ട ഡാറ്റയാണ് ഏവരെയും അതിശയപ്പിക്കുന്നത്. യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ മാത്രമല്ല, റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുന്നതിലും ഇന്ത്യയാണ് മുന്നില്‍.
യുക്രൈന്‍ യുദ്ധമാണ് എല്ലാം മാറ്റിമറിച്ചത്. യൂറോപ്പിനൊപ്പം ചേരാനാണ് യുക്രൈന് ഇഷ്ടം. എന്നാല്‍ പഴയ സോവിയറ്റ് രാജ്യം യൂറോപ്പിനൊപ്പം ചേരരുതെന്ന് റഷ്യയും ശാഠ്യം പിടിച്ചു. ഇതാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് പറയാം. യുദ്ധം ആരംഭിച്ചതോടെ യുക്രൈനെ സഹായിക്കാന്‍ അമേരിക്ക എത്തി. സാമ്പത്തികമായും സായുധമായും റഷ്യയെ തളര്‍ത്തുന്ന നീക്കങ്ങളാണ് അമേരിക്ക നടത്തിയത്.
എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. സൗദി അറേബ്യയാണ് ഇതില്‍ പ്രധാനി. ഈ കൂട്ടായ്മയില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. അത്തരം രാജ്യങ്ങളിലെ പ്രധാനിയാണ് റഷ്യ. സൗദിയും റഷ്യയുമാണ് ലോകത്ത് എണ്ണവില നിര്‍ണയിക്കുന്നതില്‍ പ്രധാനികള്‍. റഷ്യയുടെ വരുമാനമാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എണ്ണ.
യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയിരുന്നത് റഷ്യയായിരുന്നു. റഷ്യന്‍ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ യൂറോപ്പ് പെട്ടു. തുടര്‍ന്ന് അവര്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ പറ്റാതെയായി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഷ്യ എണ്ണ വില കുറച്ച് വിറ്റു. ഇന്ത്യയും ചൈനയും മാത്രമല്ല, സാക്ഷാല്‍ സൗദി അറേബ്യ വരെ റഷ്യയുടെ എണ്ണ വാങ്ങാന്‍ ഓടിയെത്തി.
ഇന്ത്യയിലേക്ക് എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യം നേരത്തെ സൗദിയായിരുന്നു. പിന്നീട് ഈ പദവിയില്‍ ഇറാഖ് എത്തി. റഷ്യ വില കുറച്ചതോടെ ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇറക്കാന്‍ തുടങ്ങി. ഇതോടെ ഇന്ത്യയുടെ സംഭരണികള്‍ നിറഞ്ഞു കവിഞ്ഞു. ഇതിന്റെ ഗുണം ഇന്ത്യക്കാര്‍ക്ക് കിട്ടിയില്ല എന്നത് മറ്റൊരു കാര്യം. പക്ഷേ, എണ്ണ കമ്പനികള്‍ ലാഭം കൊയ്തു.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എണ്ണ സംസ്‌കരിച്ച് ഇന്ത്യ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ഏപ്രിലില്‍ ഓരോ ദിവസവും മൂന്നര ലക്ഷം ബാരല്‍ എണ്ണ വരെ ഇന്ത്യ കയറ്റുമതി ചെയ്തു. ഏപ്രില്‍ മാസം യൂറോപ്പിലേക്ക് കൂടുതല്‍ എണ്ണ എത്തിയത് ഇന്ത്യയില്‍ നിന്നാണ് എന്ന് കെപ്ലര്‍ ഡാറ്റ പറയുന്നു. ഇന്ത്യയ്ക്ക് പിന്നിലാണ് ഇക്കാര്യത്തില്‍ സൗദി.
റഷ്യയില്‍ നിന്ന് നേരിട്ട് വന്നിരുന്ന എണ്ണ ഇന്ത്യ വഴിയാണ് യൂറോപ്പിലെത്തുന്നത് എന്നതാണ് പുതിയ മാറ്റം. അതുകൊണ്ട് തന്നെ യൂറോപ്പിലേക്ക് വളഞ്ഞ വഴി എണ്ണയെത്തുമ്പോള്‍ ചെലവ് കൂടും. വിലയും വര്‍ധിക്കും. ഇന്ത്യയ്ക്ക് ഇതൊരു സുവര്‍ണാവസരമാണ്. റഷ്യയില്‍ നിന്ന് ഇന്ത്യ ഓരോ ദിവസവും 20 ലക്ഷം ബാരല്‍ എണ്ണ ഇറക്കുന്നു എന്നാണ് ഏപ്രില്‍ മാസത്തിലെ കണക്ക്. അതായത് ഇന്ത്യ ഇറക്കുന്ന 44 ശതമാനം എണ്ണ റഷ്യയില്‍ നിന്നാണ്. അമേരിക്ക കണ്ണുരുട്ടുന്നുണ്ടെങ്കിലം അത് കാര്യമാക്കാതെയാണ് ഇന്ത്യ ലാഭം കൊയ്യുന്നത്.












Click it and Unblock the Notifications