സൗദി അറേബ്യ പറഞ്ഞിട്ടും കേട്ടില്ല... അമേരിക്കയുടെ നീക്കം ഇന്ത്യയെ വെട്ടിലാക്കും; ഇറാനുമായി ചര്‍ച്ച
ദുബായ്: യമനില്‍ 80 ഇടങ്ങളിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ചെങ്കടലില്‍ യമനിലെ ഹൂതികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണിത്. എന്നാല്‍ യമനില്‍ ഇടപെടുന്നത് വളരെ ആലോചിച്ച് മാത്രമേ പാടുള്ളൂവെന്നും സംഘര്‍ഷം വ്യാപിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നുമാണ് സൗദി അറേബ്യയുടെ നിലപാട്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ സംഘമാണ് ഹൂതികള്‍. യമനിലെ ഗോത്ര വിഭാഗമായ ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം നിര്‍ത്തുന്നത് വരെ ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. നിരവധി ആക്രമണങ്ങള്‍ അവര്‍ നടത്തുകയും ചെയ്തു.

ബാബുല്‍ മന്ദിബ് വഴി ചെങ്കടലിലൂടെ കടന്നുപോകുന്ന 27 കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ചത്. ഇതോടെ പല വന്‍കിട കപ്പല്‍ കമ്പനികളും സര്‍വീസ് നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്തു. ഇതാകട്ടെ ലോക സാമ്പത്തിക രംഗത്തെ ബാധിക്കാനും തുടങ്ങി. കപ്പലുകളുടെ സുരക്ഷയ്ക്ക് അമേരിക്കയും ബ്രിട്ടനും സൈനികരെ ഇറക്കി. ഇവരാണ് യമനില്‍ ആക്രമണം നടത്തിയത്.
ഗാസയിലെ ആക്രമണം ഇസ്രായേല്‍ നിര്‍ത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്തിരിയൂ എന്ന് ഹൂതികള്‍ പറയുന്നു. ഇസ്രായേലിലേക്കുള്ള കപ്പലുകളാണ് ഇവരുടെ ലക്ഷ്യം. ചില കപ്പലുകള്‍ ആഫ്രിക്കയിലെ വളഞ്ഞ വഴി ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെ ഇസ്രായേലിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെലവേറെയാണ്. ചില കമ്പനികള്‍ പ്രയാസമേറിയ യാത്രയായതിനാല്‍ ഇന്‍ഷുറന്‍സ് ഉയര്‍ത്തിയതും ഇസ്രായേലിന് തിരിച്ചടിയായി.
ഗാസ-ഇസ്രായേല്‍ പോര് നിലവില്‍ ലബ്‌നാനിലേക്കും സിറിയയിലേക്കും വ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് അമേരിക്ക യമനില്‍ ആക്രമണം നടത്തിയത്. ഇതോടെ സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ വീണ്ടും ആവശ്യപ്പെട്ടു. ചൈനയും ഇതേ ആവശ്യവുമായി രംഗത്തെത്തി. അമേരിക്കയെ കുറ്റപ്പെടുത്തി ആദ്യമായി ഒമാന്‍ രംഗത്തുവന്നു.
എണ്ണവില കുതിച്ചു കയറുന്നതാണ് ആഗോള സമൂഹം നേരിടുന്ന വെല്ലുവിളി. അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തുകയും തിരിച്ചടിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത പിന്നാലെ എണ്ണ വില കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് മുകളിലേക്ക് എത്തി. ശനിയാഴ്ച അല്‍പ്പം താഴ്ന്നിട്ടുണ്ട്. എങ്കിലും വിപണിയിലെ ആശങ്ക തുടരുകയാണ്.
15 ശതമാനം കടല്‍ചരക്കു കടത്തും ചെങ്കടല്‍ വഴിയാണ്. ആക്രമണം ഭയന്ന് സര്‍വീസ് നിര്‍ത്തുന്ന കമ്പനികളുടെ എണ്ണം വര്‍ധിച്ചു. സ്റ്റെല്ലന്റിസ്, ടെസ്ല, വോള്‍വോ കാര്‍, ടെസ്‌കോ, നെക്‌സ്റ്റ്, ഇക്കിയ, ഡനോനി തുടങ്ങിയ കമ്പനികളെല്ലാം ഇതില്‍പ്പെടും. ചെങ്കടല്‍ വഴി ബ്രിട്ടനിലേക്ക് ചരക്കു കടത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് 1500 ഡോളറില്‍ താഴെയായിരുന്നു കണ്ടെയ്‌നറിന് ചെലവ്. ഇപ്പോള്‍ ഇരട്ടിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വസ്തുക്കളുടെയും വില കൂടിയേക്കും. എണ്ണ വില കുതിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചിടയാണ്. തിങ്കളാഴ്ച ടെഹ്‌റാനിലെത്തുന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications