പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്
ലാഹോര്‍: പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി വന്‍ അപകടം. സര്‍ഹരി റെയില്‍വേ സ്റ്റേഷന് സമീപം നവാബ്ഷായിലാണ് അപകടം. 15 പേര്‍ മരിച്ചതായാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 40 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര ട്രെയിന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഹസാര എക്‌സ്പ്രസിന്റെ പത്ത് കോച്ചുകള്‍ പാളം തെറ്റി.
കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി ആശങ്കയുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം ഇതുവരെ വ്യക്തമല്ല. സമീപത്തെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ സൈന്യവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ നവാബ്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ട്രെയിന്‍ മിതമായ വേഗതയിലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് ഫെഡറല്‍ റെയില്‍വേ, വ്യോമയാന മന്ത്രി ഖവാജ സാദ് റഫീഖ് റഫീഖ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ പാഡിദാന്‍ റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് ബോഗികള്‍ പാളം തെറ്റിയ അല്ലാമ ഇഖ്ബാല്‍ എക്‌സ്പ്രസ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അപകടം. ആ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.












Click it and Unblock the Notifications