പാര്‍ലമെന്റ് പിരിച്ചുവിട്ടു; പാകിസ്താന്‍ തിരഞ്ഞെടുപ്പിലേക്ക്, 90 ദിവസത്തിനകം വോട്ടെടുപ്പ്
ഇസ്ലാമാബാദ്: നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായ പാകിസ്താനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആവശ്യം പരിഗണിച്ചാണ് പ്രസിഡന്റിന്റെ നടപടി. ഇനി രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് കടക്കും. 90 ദിവസത്തിനകം വോട്ടെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പാകിസ്താന്‍ മന്ത്രിസഭ പിരിച്ചുവിട്ടെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാത്രം തുടരുമെന്നും മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനയുടെ 224 വകുപ്പ് പ്രകാരമാണ് നടപടി.

അതേസമയം, സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. വിഷയം പരിശോധിക്കാന്‍ ജഡ്ജിമാരുടെ പ്രത്യേക സമിതി രൂപീകരിച്ചു. ഈ ഡിവിഷന്‍ ബെഞ്ചായിരിക്കും ഇനി പ്രതിപക്ഷത്തിന്റെ ഹര്‍ജികള്‍ പരിഗണിക്കുക. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതുവരെ പാര്‍ലമെന്റില്‍ നിന്ന് പുറത്തുപോകില്ലെന്ന് പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവ് മറിയം ഔറംഗസീബ് പ്രതികരിച്ചു.
പാകിസ്താന്‍ അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ്, ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജ ഖാലിദ് മഹ്മൂദ് ഖാന്‍ എന്നിവരും രാജിവച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ നീക്കങ്ങളാണ് അവിശ്വാസ വോട്ടെടുപ്പ് തീരുമാനിച്ച ഇന്ന് പാകിസ്താനില്‍ നടന്നത്. വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ഇമ്രാന്‍ ഖാന്‍ ഉറപ്പായും വീഴുമായിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാന്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആഭ്യന്തര മന്ത്രി റാഷിദ് അഹമ്മദ് സൂചനയും നല്‍കി. ഈ സാഹചര്യത്തിലാണ് ഭരണകക്ഷി കളിമാറ്റിയത്.
2018ലാണ് പാകിസ്താന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്. അതിന് ശേഷം ഇത്രയും പ്രതിസന്ധി അദ്ദേഹം ആദ്യമായിട്ടാണ് നേരിടുന്നത്. ശനിയാഴ്ച അനുയായികളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തിരുന്നു ഇമ്രാന്‍ ഖാന്‍. 342 അംഗ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് നിലവില്‍ ഭൂരിപക്ഷമില്ല. സഖ്യകക്ഷികള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ അദ്ദേഹം വെട്ടിലായി. സ്വന്തം പാര്‍ട്ടിയിലെ എംപിമാരും പ്രതിപക്ഷത്തോടൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചു. ഇവരെ അയോഗ്യരാക്കാന്‍ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് സഭയിലെത്താതെ ഇമ്രാന്‍ ഖാന്‍ കളിമാറ്റിയത്.
അവിശ്വാസ പ്രമേയത്തിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. തൊട്ടുപിന്നാലെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ പ്രസിഡന്റിനെ സമീപിച്ചു. പ്രസിഡന്റ് അനുമതി നല്‍കുകയും ചെയ്തതോടെ സര്‍ക്കാര്‍ അപ്രസക്തമായി. രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. നിലവില്‍ അടുത്ത 90 ദിവസം ഇമ്രാന്‍ ഖാന് തുടരാന്‍ തടസമില്ല. എന്നാല്‍ സൈന്യമോ കോടതിയോ ഇടപെട്ടാല്‍ ഇനിയും പാകിസ്താനില്‍ കളിമാറും.












Click it and Unblock the Notifications