ഇമ്രാന്‍ കുറച്ച് കാലം കൂടി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാകിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ല; മുന്‍ സൈനിക മേധാവി
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഇമ്രാന്‍ ഖാന്‍ അസഭ്യമായ പഞ്ചാബി വാക്ക് ഉപയോഗിച്ചു അദ്ദേഹം കുറ്റപ്പെടുത്തി. ഇമ്രാന്‍ സര്‍ക്കാരിലെ മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ലാഹോര്‍: മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് ( പി ടി ഐ ) നേതാവുമായ ഇമ്രാന്‍ ഖാനെതിരെ മുന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി കുറച്ച് കാലം കൂടി തുടര്‍ന്നിരുന്നു എങ്കില്‍ പാകിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ജാവേദ് ബജ്വ അഭിപ്രായപ്പെട്ടു.
ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ആത്യന്തിക നാശത്തിലേക്ക് നയിക്കുമായിരുന്നു എന്നും ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഇമ്രാന്‍ ഖാന്‍ അസഭ്യമായ പഞ്ചാബി വാക്ക് ഉപയോഗിച്ചു എന്നും ഖമര്‍ ജാവേദ് ബജ്വ ആരോപിച്ചു.
ഇമ്രാന്‍ ഖാന്റെ തന്നെ കീഴിലുള്ള മന്ത്രിയാണ് ഇക്കാര്യം ഇസ്ലാമാബാദിലെ സൗദി അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍ ആരാണ് ആ മന്ത്രി എന്ന് ഖമര്‍ ജാവേദ് ബജ്വ വെളിപ്പെടുത്തിയില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന് ഭരണം നഷ്ടമായത്.
ഇതിന് മുന്‍പ് ഖമര്‍ ജാവേദ് ബജ്വയോട് ഇമ്രാന്‍ ഖാന്‍ വല്ല നിര്‍ദേശവും ചോദിച്ചിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകനായ ചൗധരി ആരാഞ്ഞിരുന്നു. എന്നാല്‍ ഒരു മത്സരം മാത്രമേ തോറ്റിട്ടുള്ളൂ എന്നും ഇനിയും മത്സരിക്കാന്‍ സാധിക്കും എന്നുമാണ് ഖമര്‍ ജാവേദ് ബജ്വ പറഞ്ഞത് എന്നാണ് ചൗധരി പറയുന്നത്.

പാര്‍ലമെന്റില്‍ പി ടി ഐയും പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റും ( പി ഡി എം ) തമ്മില്‍ രണ്ട് വോട്ടിന്റെ നേരിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഖമര്‍ ജാവേദ് ബജ്വ ഇമ്രാന്‍ ഖാനെ അറിയിച്ചിരുന്നു. ദേശീയ അസംബ്ലിയില്‍ നിന്ന് രാജി വെക്കരുതെന്ന് ഖമര്‍ ജാവേദ് ബജ്വ ഇമ്രാന്‍ ഖാനെ ഉപദേശിച്ചിരുന്നു.
പാര്‍ലമെന്റില്‍ തുടരേണ്ടതിന്റെ പ്രാധാന്യവും ഭാവിയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനോട് ഇമ്രാന്‍ മുഖം തിരിച്ചതോടെ പിന്നീട് ഇരുവരും തമ്മിലുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. സ്വന്തം താല്‍പ്പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇമ്രാന്‍ ഖാനെ പിന്തുണച്ച് മാന്യമായി വിരമിക്കുമായിരുന്നു എന്നും ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കായി സ്വന്തം പ്രശസ്തി ത്യജിക്കാനാണ് താന്‍ തീരുമാനിച്ചത് എന്നും ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു.












Click it and Unblock the Notifications