പാരച്ച്യൂട്ട് തുറന്നില്ല, ഗാസയിൽ വിമാനം വഴിയുള്ള ഭക്ഷണ വിതരണത്തിനിടെ അപകടം; 5 മരണം ,10 പേർക്ക് പരിക്ക്
ഗാസ സിറ്റി: ഗാസയിൽ വിമാന മാർഗം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ വടക്കൻ പാലസ്തീനിൽ 5 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. വിമാനത്തിൽ നിന്നും താഴേക്കിട്ട ഭക്ഷ്യസാധനങ്ങൾ അടങ്ങിയ പെട്ടികളിൽ ഘടിപ്പിച്ചിരുന്ന പാരച്യൂട്ടുകൾ തുറക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഇതോടെ ഭക്ഷണസാമഗ്രികൾ താഴെ നിൽക്കുന്നവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
തീരദേശ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന് വടക്ക് ഭാഗത്താണ് അപകടം നടന്നത്. ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് അതിനടുത്തേക്ക് നീങ്ങിയത്, എന്നാൽ പാരച്യൂട്ടുകൾ തുറക്കാതെ അവ തൊട്ടടുത്ത വീടിന്റെ മേൽക്കൂരയിലേക്ക് പതിക്കുകയാണ് ചെയ്തതെന്നും അപകടത്തിന്റെ ദൃക്സാക്ഷികളിലൊരാളായ മുഹമ്മദ് അൽ ഗൗൾ പറഞ്ഞതായി എ എഫ് പി റിപ്പോർട്ട് ചെയ്തു. വീടിന്റെ മേൽക്കൂരയിൽ കഴിഞ്ഞിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുഎസും ജോർദാനുമാണ് ഇവിടേക്ക് ഭക്ഷ്യ വസ്തുക്കൾ ആകാശമാർഗം വഴി വിതരണം ചെയ്തത്. അതേസമയം വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ജോർദാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. 'വെള്ളിയാഴ്ച ഗാസയിൽ സഹായവുമായി വന്ന ചില പാരച്യൂട്ടുകൾ എയർ ഡ്രോപ് ചെയ്തപ്പോൾ സാങ്കേതിക തകരാർ മൂലം തുറക്കാതെ നേരിട്ട് താഴേക്ക് പതിച്ചിരുന്നു, ഇത് ജോർദാനിന്റെ വിമാനങ്ങളിൽ നിന്നുള്ളതല്ല',സൈന്യം വ്യക്തമാക്കി. മറ്റ് അഞ്ച് രാജ്യങ്ങളുമായി സഹകരിച്ചാണ് ഭക്ഷണങ്ങൾ വിമാനമാർഗം വഴി വിതരണം ചെയ്തത്. നാല് ജോർദാൻ വിമാനങ്ങൾ ഒരു കുഴപ്പവുമില്ലാതെ ദൗത്യം നിർവഹിച്ചുവെന്നും സൈന്യം അറിയിച്ചു.
അതേസമയം അപകടത്തിൽ രൂക്ഷവിമർശനവുമായി ഹമാസ് രംഗത്തെത്തി. വിമാനങ്ങളിൽ നിന്ന് സഹായങ്ങൾ താഴേക്കിടുന്നത് ശരിയായ മാർഗമല്ലെന്ന് ഹമാസ് പ്രതികരിച്ചു. ഇത്തരത്തിലുള്ള ഭക്ഷണ വിതരണം പൗരൻമാരുടെ ജീവന് തന്നെ ഭീഷണിയാണെന്ന് നേരത്തേ ഹമാസ് വ്യക്തമാക്കിയിരുന്നു. എയർഡ്രോപ്പുകളോ നിർദ്ദിഷ്ട നാവിക സഹായ ഇടനാഴിയോ നേരിട്ടുള്ള സഹായ വിതരണത്തിന് പകരമാകില്ലെന്ന് ഐക്യരാഷ്ട്ര സഭ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ അതിർത്തി പ്രദേശങ്ങളിലൂടെ ഗാസയിലേക്ക് കൂടുതൽ ട്രക്കുകൾ എത്തിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications